• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വന്തം മകളെ, പിന്നെ ആ മകളില്‍ അയാള്‍ക്കുണ്ടായ മകളേയും... എങ്ങനെയാണ് ഈ ലോകം ഇങ്ങനെ ആയത്

  • By Desk

നിഷ മഞ്ജേഷ്

കാൺപൂരിൽ സ്കൂൾ അധ്യാപികയാണ് നിഷ മഞ്ജേഷ്

പെണ്ണോളം പഴകിയ പീഡനകഥകളില്‍ കുരുങ്ങി കിടക്കുന്ന അനേകായിരം ജീവിതങ്ങളുടെ നെടുവീര്‍പ്പുകള്‍ പറയുക തന്നെയൊരു ക്ലീഷേ ആയിരിക്കുന്നു. അച്ഛനാലും സഹോദരനാലും അമ്മാവനാലും അയല്‍ക്കാരനാലും അപരിചിതനാലും മുറിപ്പെടുന്നവരോട് സമൂഹം കാണിക്കുന്ന സുരക്ഷിത മേഖലയില്‍ നിലക്കൊള്ളല്‍ രീതി ചോദ്യം ചെയ്യപ്പെടാതെ തുടരുന്നുമുണ്ട്.

ഇരുപതിലധികം വര്‍ഷം പിന്നില്‍ മുറിപ്പെട്ടൊരോര്‍മ്മ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഇരമ്പലോടെ ഇന്നും ഇരുണ്ട് നില്‍പ്പുണ്ട് .വലിയ കൊമ്പന്‍ മീശ ചെവിക്ക് പിന്നിലേയ്ക്ക് വളച്ചു വച്ച് ,തന്റെ വലതു ഭാഗത്തെ വെപ്പുകാല്‍ അനാവൃതം ആവും വിധം ഉയര്‍ത്തി വച്ച പാന്റും ധരിച് അയാള്‍ ബുള്ളറ്റില്‍ പാഞ്ഞു പോകുമ്പോള്‍ ചെവിക്ക്പിന്നിലെ മീശ ഇളകി ആടുമായിരുന്നു .

'മീശ' എന്ന് അയാളെ നാട്ടുകാര്‍ പറഞ്ഞു .പേര് വിളിക്കുന്നതോ ചോദിക്കുന്നതോ കേട്ടിട്ടില്ല. ഒരു പക്ഷേ എന്റെ ഭീതിയിലേയ്ക്ക് ആ പേരിനു ക്ഷണമില്ലാതെ പോയതാവാം. മീശ പട്ടാളത്തില്‍ ആയിരുന്നെന്നും അവിടെവച്ചു കാല് നഷ്ടപ്പെട്ടതാണ് എന്നും ആരായിരുന്നു പറഞ്ഞതെന്നും ഓര്‍മയില്ല, കാരണം മീശയെ കുറിച്ച് ആരും ഒന്നും ഉറക്കെ പറഞ്ഞില്ല, പറഞ്ഞാല്‍ സ്വയം മോശപ്പെടും എന്ന് എല്ലാവരും ധരിച്ചു .

മൂന്നോ നാലോ മാസങ്ങള്‍ കൂടുമ്പോഴാണ് തന്റെ ഓടിട്ട, പുല്ല് കിളിര്‍ത്ത് മുഷിഞ്ഞ മുറ്റമുളള കുടുസ്സ് വീട്ടിലേയ്ക്ക് അയാള്‍ എത്തിയിരുന്നത്. സ്ഥിരതാമസ്സം ആന്‍ഡമാനില്‍ ആണെന്നൊരു അറിവും ആരും ശബ്ദം കൊണ്ട് പറയാതെ തന്നെ നാട്ടില്‍ പറന്ന് നടന്നു. ഓരോ വരവിലും അയാള്‍ കൂടെ കൊണ്ടുവന്നിരുന്ന മകള്‍ സുന്ദരി ആയിരുന്നു. അവള്‍ക്ക് എനിക്കന്ന് തല ഉയര്‍ത്തി നോക്കിയാല്‍ മാത്രം മുഖം കാണാന്‍ കഴിയുന്നത്ര ഉയരമുണ്ടായിരുന്നു. നാട്ടില്‍ അന്ന് പരിചിതമല്ലാത്ത ചുരിദാറ് ധരിക്കുമായിരുന്നു. എല്ലാത്തിനുമുപരി സംസാരിക്കാന്‍ കഴിയാത്തവരുടെ മുരടനക്കുന്ന ശബ്ദം ഞാന്‍ ആദ്യം കേട്ടതും അവളുടേതായിരുന്നു.

ഓരോ തവണ മീശ വരുമ്പോഴുമുളള മുതിര്‍ന്നവരുടെ അടക്കം പറച്ചിലുകള്‍ എന്റെ വളരുന്ന ചിന്തകളെ അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു. ഒടുവില്‍, ആ സംസാരശേഷിയില്ലാത്ത മകള്‍ അയാള്‍ക്ക് 'ഭാര്യ' ആണെന്ന പൊരുള്‍, അടക്കം പച്ചിലുകളില്‍ നിന്ന് വേര്‍തിരിച്ച് എടുക്കുമ്പോഴേയ്ക്കും ഞാന്‍ ഒരു പന്ത്രണ്ട് വയസ്സുകാരിയായി വളര്‍ന്നിരുന്നു. തീരെ മനസ്സിലാവാത്തവയ്ക്ക് മുന്നില്‍ ശൂന്യമായി പോകുന്ന ശീലം എന്റെ ചിന്തകള്‍ക്ക് വന്ന് തുടങ്ങിയത് അന്ന് മുതലാവണം.

കാലം പോകെ എന്റെ ലോകത്തിന്റെ നിറങ്ങള്‍ മാറി മറിഞ്ഞിട്ടും മീശയുടെ ബുളളറ്റിന്റെ ഇരമ്പലും വെപ്പ് കാലിന്റെ മഞ്ഞപ്പും എന്റെ ഉളളില്‍ ഇരുട്ടായിത്തന്നെ കിടന്നു. മീശയും മകളും പലതവണ വന്ന് പോയി. ഇടയ്‌കെപ്പോഴോ വരാതായവര്‍ പിന്നെ എത്തുന്നത് കൈകുഞ്ഞുമായാണ്. അപ്പോഴേയ്കും സസ്യങ്ങളുടേയും മൃഗങ്ങളുടേയും പ്രത്യുല്‍പ്പാദനരീതികളെക്കുറിച്ച് ഞാന്‍ സയന്‍സ് ക്ലാസ്സില്‍ പഠിച്ച് കഴിഞ്ഞിരുന്നു.

അച്ഛനില്‍ മകള്‍ക്കുണ്ടായ മകളെ റോഡില്‍ കൂടി പോകുമ്പോള്‍ വിറയലോടെ പാളി നോക്കി അവളും മനുഷ്യകുഞ്ഞുങ്ങളെ പോലെതന്നെയെന്ന് ഞാന്‍ ഉറപ്പ് വരുത്തി. പിന്നിടുളള മീശയുടേയും 'കുടുംബത്തിന്റേയും' പല വരവുകളിലായി ആ കുഞ്ഞ് ഓടി നടക്കുന്നതും ചിരിക്കുന്നതും കളിക്കുന്നതും കണ്ടു. അവള്‍ അവളുടെ അമ്മയെ പോലെ ആയിരുന്നില്ല. സംസാരിക്കാന്‍ അവളുടെ തൊണ്ടയില്‍ വിലക്കൊന്നും ഉണ്ടായിരുന്നില്ല; എന്നിട്ടും അവള്‍ ആരോടും മിണ്ടി കണ്ടതില്ല.

മീശയുടെ 'ഇപ്പോഴത്തെ മകളു'ടെ പേര് എന്താണെന്ന് ആരാലും പറയപ്പെടാതെ തന്നെ എല്ലാവരും അറിഞ്ഞിരുന്നു. മീശയുടെ ബുളളറ്റ് മറിയുന്നതും അയാള്‍ അലറിക്കരഞ്ഞ് മരിക്കുന്നതും ഭാവനയില്‍ കണ്ട് ഞാനും വളര്‍ന്ന് കൊണ്ടിരുന്നു.ഒടുവില്‍ എന്റെ ജീവിതത്തില്‍ പൂത്തിറങ്ങിയ നിറങ്ങളിലെ കടും നിറത്തെ കൂട്ട് പിടിച്ച് ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന കാലത്താണ് മീശയുടെ വരവ് അവസാനമായി കണ്ടത്.

ആ വരവില്‍ അവള്‍ പെറ്റിക്കോട്ട് മാറ്റി അരപ്പാവാടയും ബ്ലൗസും ഇടാന്‍ തുടങ്ങിയിരുന്നു. വിവാഹത്തോളം മുതിര്‍ന്ന എന്റെ മുന്നില്‍ എന്തിനൊളിക്കണം എന്ന കളളച്ചിരിയോടെ അയലത്തെ ചേച്ചി അമ്മയോട് പറഞ്ഞു ' അവളതിനുളള ആളായി, ഇനി അയാള്‍ വെറുതെ ഇരിക്കുമോ 'എന്ന്. ആ പറച്ചിലിന്റെ നടുക്കത്തില്‍ ഞാന്‍ വീണ്ടും ഇരുട്ടിലേയ്ക് പോയി. എനിക്ക് വേറൊന്നും ചെയ്യാനാവില്ലായിരുന്നു, മീശ മരിക്കുന്നത് സ്വപ്‌നം കാണാന്‍ പോലും.

നന്‍മകളാല്‍ സമൃദ്ധമായിരുന്ന എന്റെ നാട്ടില്‍ സാംസ്‌കാരിക സംഘടനകളും, സാംസ്‌കാരിക പ്രവര്‍ത്തകരും ഉണ്ടായിരുന്നു, പഞ്ചായത്ത് വക ലൈബ്രറിയും വായനയില്‍ ഹരം കൊണ്ടിരുന്ന യുവാക്കളും യുവതികളും ഉണ്ടായിരുന്നു ,പളളിക്കമ്മിറ്റികളും അമ്പലക്കമ്മിറ്റികളും ഉണ്ടായിരുന്നു , ഏതാവശ്യത്തനും കയറിച്ചെല്ലാന്‍ മാത്രം ധൈര്യം തരുന്ന പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും പോലീസ് സ്‌റ്റേഷനും ഉണ്ടയിരുന്നു, മീശയുടെ വീടിന് എതിര്‍വശത്തെ വീട്ടില്‍ പെണ്‍കുട്ടികളില്ലാത്തതിനാല്‍ എന്നെ മകളെപ്പോലെ സ്‌നേഹിച്ച ധൈര്യവാനും നല്ലവനുമായ പോലീസുകാരനും ഉണ്ടായിരുന്നു .

ആരും മീശയെ കുറിച്ച് പറഞ്ഞില്ല. പേര് ചോദിച്ചില്ല,അല്ലെങ്കില്‍ അറിയാമായിട്ടും ആ പേര് ഉപയോഗിച്ചില്ല. എന്തിന് ഈ കുഞ്ഞുങ്ങളെ ഇങ്ങനെ ചിന്തകളില്ലാത്ത പാവകാളാക്കി കിടക്കയിലിട്ട് മരണം തീറ്റിക്കുന്നു എന്ന് ചോദിച്ചില്ല. അയാളുടെ മകള്‍ ,നമുക്കിതിലെന്ത് എന്ന് എല്ലൊവരും 'അഭിമാന 'പൂര്‍വ്വം സ്വയം സംരക്ഷിച്ചു. എന്റെ അറിവില്‍ ഞാന്‍ മാത്രം അവരെക്കണ്ട് അടക്കിച്ചിരിക്കാന്‍ കഴിയാത്തവളായി ഇരുട്ടിനെ വിഴുങ്ങി.

ഇത്ര വര്‍ഷത്തിന് ശേഷവും മീശയെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കാന്‍ ശേഷിയില്ലാത്തതിന്റെ അപമാനഭാരത്താല്‍ എന്റെ ശിരസ്സിതാ ഇപ്പോഴും കുനിയുന്നു. ആ പെണ്‍ മനസ്സുകളോട് അവരെന്റെ ഉളളില്‍ നിറച്ച വേദനയുടെ ഇരുളിനെ സാക്ഷിയാക്കി ഞാന്‍ മാപ്പ് ചോദിക്കുന്നു, ആര്‍ക്കൊക്കെയോ വേണ്ടി.

ഇനിയും ഇരുട്ടിന്റെ മറവില്‍ അമര്‍ത്തിവച്ച വിതുമ്പലുകളുയരും. മൂന്ന് വയസുകാരിയും 90 കാരിയും ഇരയാക്കപ്പെടും. ലൈംഗിക വൈകൃതമുള്ള കൂട്ടം ചിന്താശേഷിയില്ലാത്ത, പ്രതികരണ ശേഷിയില്ലാത്ത, സാമൂഹ്യബോധമില്ലാത്ത നമ്മുടെ മുന്നില്‍ പല്ലിളിച്ച് ഇരുളിലേക്ക് പഴുതാരയെപ്പോലെ ഇഴഞ്ഞ് കയറിക്കൊണ്ടേയിരിക്കും. തിരിച്ചറിവുണ്ടാകേണ്ടത് സമൂഹത്തിനാണ്, പ്രതിവിധി കാണേണ്ടതും.

English summary
Memories of a School teacher about a weird incident... Nisha Manjesh writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more