• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എങ്കിലും ഐസക്കേ........ ഇതു വേണ്ടായിരുന്നു.................

  • By Super

അക്കിടിയെന്നു പറഞ്ഞാല്‍ ഇതാണ് അക്കിടി. അളിക്കാനും വയ്യ, മൂടാനും വയ്യ എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇന്നലെ വരെ ബജറ്റ് വരട്ടെയെന്നു പറഞ്ഞാണ് സമാധാനിച്ചത്. ഇനിയോ? ശത്രുക്കള്‍ക്കു പോലും ഈ ഗതി വരരുതെന്നേ മാരീചനു പറയാനുളളൂ.

എന്‍ജിഒ യൂണിയന്‍ നേതാക്കളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കഥ മുഴുവന്‍ മനസിലാവണമെങ്കില്‍ ഫ്ലാഷ് ബാക്ക് നിര്‍ബന്ധം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം. തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സഖാക്കളുടെ വക നോട്ടീസ് ഓഫീസായ ഓഫീസിലൊക്കെയും വിതരണത്തിനെത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ആറു ശംബളസ്കെയിലുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ധനമന്ത്രി തോമസ് ഐസക് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയെന്നും ജീവനക്കാരെ ഉടലോടെ സ്വര്‍ഗത്തെത്തിക്കുന്നത് ഇടതുമുന്നണിയാണെന്നുമായിരുന്നു നോട്ടീസിന്റെ കാതല്‍. യുഡിഎഫിന് പ്രാക്കും എല്‍ഡിഎഫിന് സ്തുതിയും സമാസമം വീതിച്ച് തയ്യാറാക്കിയ നോട്ടീസ് വായിച്ച് തൂപ്പുകാരന്‍ മുതല്‍ എല്‍ഡി ക്ലര്‍ക്ക് വരെയുളളവര്‍ ആനന്ദബാഷ്പം തൂകി. നിലയ്ക്കാതെ കണ്ണീരൊലിപ്പിച്ചവര്‍ക്ക് കണ്ണു തുടയ്ക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത കൈലേസും സഖാക്കള്‍ നല്‍കി.

നോട്ടീസ് വിതരണത്തിനു പുറമേ പായസം വയ്ക്കല്‍, ലഡു വിതരണം, ആര്‍പ്പു വിളി എന്നീ ആഘോഷങ്ങളും കെങ്കേമമാക്കി. അച്ചുതാനന്ദന് രണ്ടും ഐസക്കിന് മൂന്നും ക്രമത്തില്‍ സിന്ദാബാദുകള്‍ മുഴങ്ങി. അധികം കിട്ടുന്ന ശംബളത്തില്‍ നിന്നും ചില മിടുക്കന്‍മാര്‍ ഇടതുമുന്നണിക്കും എന്‍ജിഒ യൂണിയനും ഒറിജിനല്‍ ചോയ്സ് നേര്‍ന്നു. അടുത്ത ശംബള ദിനത്തില്‍ വൈകിട്ടെന്താ പരിപാടിയ്ക്ക് റൂമും ബുക്കു ചെയ്തു.

വില്ലന്‍ പ്രവേശിച്ചത് അടുത്ത രംഗത്തില്‍. ജീവനക്കാരുടെ ഇടയില്‍ വലിയേട്ടന്റെ യൂണിയന്‍ ഷൈന്‍ ചെയ്യുന്നത് ചെറിയേട്ടന്റെ യൂണിയനായ ജോയിന്റ് കൗണ്‍സിലിന് പിടിച്ചില്ല. വെളിയത്തിന്റെ ചെവിയില്‍ പരാതിയെത്തി. സിപിഎമ്മിലെ ഒരു വിഭാഗം ഭരണത്തിന്റെ പേരില്‍ തോന്നിയവാസമാണ് കാണിക്കുന്നതെന്ന് വെളിയം വെളിച്ചപ്പെട്ടു. തുളളല്‍, ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ മാധ്യമ സിന്‍ഡിക്കേറ്റ് തല്‍സമയം സംപ്രേക്ഷണം ചെയ്തു. എല്‍ഡിഎഫും മന്ത്രിസഭയുമറിയാതെ ജീവനക്കാര്‍ക്ക് ഒരു കുന്തവും കൊടുക്കേണ്ടെന്ന് വെളിയം തുളളിപ്പറഞ്ഞു. തുളളിച്ചത് അച്യുതാനന്ദ ഭഗവാനാണെന്ന് അറിയാവുന്നവര്‍ അടക്കം പറഞ്ഞു.

സംഗതി കുന്തമായി. എന്‍ജിഒ യൂണിയന്‍ നോട്ടീസ് അച്ചടിച്ചതിനു പുറമെ, കോണ്‍സ്രസ് യൂണിയന്‍ അടുത്ത നോട്ടീസുമായെത്തി. ജീവനക്കാരെ പറ്റിച്ച എന്‍ജിഒ യൂണിയന്‍ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. ധനമന്ത്രിയുടെ ഓഫീസിലെ ഐഎഎസുകാരെ തെറിവിളിച്ച് എന്‍ജിഒ യൂണിയന്‍ മുഖപത്രമായ കേരള സര്‍വ്വീസ് അരിശം തീര്‍ത്തു. ജീവനക്കാരുടെ സംഘടിത ശക്തിയ്ക്കു മുന്നില്‍ ആരും ഒരു പുല്ലുമല്ലെന്നായിരുന്നു ശകാരം.

നവംബര്‍ എണ്ണിത്തീര്‍ന്നാല്‍ ഡിസംബറും അതു കഴിഞ്ഞാല്‍ ജനുവരിയും വരുന്നത് മാര്‍ക്സിസം പോലെ നിത്യസത്യമാകുന്നു. നവംബറിലും ഡിസംബറിലും ഉത്തരവിറങ്ങാത്തതില്‍ പരിഭവിക്കാത്ത എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരും അനുഭാവികളും പതിയെ പതിയെ പ്രതിഷേധിച്ചു തുടങ്ങി. ഇന്നിറങ്ങും നാളെയിറങ്ങും എന്നു പറഞ്ഞ് നേതാക്കള്‍ സമാധാനിപ്പിക്കാന്‍ നോക്കി. ജനുവരിയില്‍ യൂണിയന്റെ ബ്രാഞ്ചു സമ്മേളനങ്ങളില്‍ സഖാക്കള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എയ്തു. കാള പെറ്റെന്നു കേട്ടയുടനെ നോട്ടീസുമായിറങ്ങിയ നേതൃത്വത്തിന്റെ എടുത്തു ചാട്ടം സംഘടനയ്ക്കു മേല്‍ അപമാനത്തിന്റെ ചെളിയഭിഷേകമായി കലാശിച്ചെന്നായിരുന്നു ആക്ഷേപം. ആക്ഷേപം ചൊരിഞ്ഞവര്‍ വര്‍ഗ ശത്രുക്കളാണെന്നും അണികളുടെ അവസാനവാക്ക്് നേതാവാണെന്നും അനുസരിക്കാത്തവര്‍ക്ക് വേറേ മാര്‍ഗം നോക്കാമെന്നും നേതൃത്വം ഉദ്ബോധിപ്പിച്ചു.

വര്‍ഗശത്രുക്കളായ സിപിഐക്കാരുടെ പിന്നില്‍ നിന്നുളള കുത്തുകാരണമാണ് ഉത്തരവ് വൈകുന്നതെന്നും ബജറ്റില്‍ ഇതിന് തുക വകകൊളളിക്കുമെന്നും ബാക്കിയുളളവരെ നേതൃത്വം സമാധാനിപ്പിച്ചു. ഇടതുമുന്നണിയിലും മന്ത്രിസഭയിലും ആലോചിച്ചല്ല ബജറ്റ് തയ്യാറാക്കുന്നതെന്നും ഇക്കാര്യം ബജറ്റില്‍ പറയാന്‍ ഒരുത്തന്റെയും സമ്മതം വേണ്ടെന്നും നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ഈ ഊന്നുവടിയില്‍ പിറ്റേന്ന് ഓഫീസില്‍ പോകാന്‍ ആഹ്വാനവുമുണ്ടായി.

ആ സ്വപ്നമല്ലേ മാളോരെ, തകര്‍ന്ന് തരിപ്പണമായത്. നാലു മാസത്തിനുളളില്‍ എത്ര തവണ എല്‍ഡിഎഫ് യോഗം ചേര്‍ന്നു? എത്ര തവണ മന്ത്രിസഭ യോഗം ചേര്‍ന്നു? എന്തേ ഇക്കാര്യം ഇതുവരെ അജണ്ടയായില്ല? തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വോട്ടുറപ്പിക്കാനുളള മാര്‍ക്സിസ്റ് നമ്പരായിരുന്നോ ആ നോട്ടീസ്? ഫോട്ടോ ഫിനിഷിലെങ്കിലും ജോര്‍ജ് തോമസിനെ വിജയിപ്പിക്കാന്‍ ആസൂത്രണം ചെയ്ത അതിബുദ്ധിയില്‍ കഥയറിഞ്ഞു തന്നെ ആട്ടം കണ്ടതാണോ എന്‍ജിഒ യൂണിയന്‍ നേതൃത്വം? നേതൃത്വം അറിഞ്ഞ് അണികളെ വിഡ്ഢിവേഷം കെട്ടിച്ച പുതിയ അടവു നയം. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. എങ്കിലും ഐസക്കേ ഇതു കടന്നു പോയി എന്നാണ് മാരീചന്റെ പക്ഷം.

ഏതായാലും അമിളി പിണഞ്ഞത് കുട്ടി സഖാക്കള്‍ക്കാണ്. കമ്മിറ്റികളില്‍ നേതൃത്വം വിളമ്പിക്കൊടുന്ന വ്യാഖ്യാനങ്ങള്‍ ഉപ്പും മുളകും ചേര്‍ക്കാതെ പിറ്റേന്ന് ജീവനക്കാരുടെ മുന്നില്‍ ഛര്‍ദ്ദിക്കുന്ന സാധാരണ സഖാക്കള്‍ക്ക് ഇനി അപമാനത്തിന്റെ നാളുകളാണ്. ചുമ്മാതെ കിടന്നതില്‍ ചുണ്ണാമ്പിട്ടു കുത്തിയ അവസ്ഥ. പതിവ്രതയുടെ കാമുകന്‍ എന്ന തന്റെ കഥാപ്രസംഗത്തില്‍ യശശരീരനായ സാംബശിവന്‍ നായികയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇങ്ങനെ പാടുന്നുണ്ട്. മനം മയക്കും വ്യാമോഹങ്ങള്‍ മറന്നുറങ്ങൂ പതിവ്രതേ എന്ന്. ഇനി അതിന് ഇങ്ങനെ പാരഡിയെഴുതാം. മനം മയക്കും വ്യാമോഹങ്ങള്‍ മറന്നുറങ്ങൂ സഖാക്കളേ... ... ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more