കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകജാലകത്തിന്റെ ശ്വാസംമുട്ടലുകള്‍

  • By മാരീചന്‍
Google Oneindia Malayalam News

വിശ്വാസത്തിന്റെ മറവില്‍ കേരളത്തിലെ കുറെ പുരോഹിതന്മാര്‍ പച്ചക്കള്ളം പറയുകയും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹം നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വിദ്യാലയങ്ങളില്‍ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന, ആവര്‍ത്തിച്ച് മുന തേഞ്ഞ ആരോപണത്തിന് അരനൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. പഴയ വിമോചന സമരത്തിന്റെ മധുരസ്മരണകള്‍ അയവിറക്കി ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കാനാവുമോ എന്ന് ശ്രമിച്ചു നോക്കുകയാണ് പൗരോഹിത്യവേഷങ്ങള്‍.

കേരളത്തിലെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന ഏകജാലക സംവിധാനത്തിന്റെ പേരിലാണ് പുതിയ ആക്രോശങ്ങള്‍. പുരോഹിതന്മാരുടെ തുപ്പല്‍ കോളാമ്പി വേഷവും അന്യാദൃശ്യമായ മികവോടെ ആടിത്തിമിര്‍ക്കുന്ന ദീപിക പത്രം, ഏപ്രില്‍ ഏഴിന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിലിന്റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രസംഗം വായിച്ചാല്‍ ഇവരൊക്കെ ഏത് നാട്ടിലാണ് ജീവിക്കുന്നതെന്ന സംശയം ആര്‍ക്കും തോന്നാം.

വാര്‍ത്തയുടെ മൂന്നാം ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ്, "അലോട്ട്മെന്റ് നടത്തുമ്പോള്‍ സ്വന്തം പിണിയാളുകളെ ഇഷ്ടമുള്ളിടത്തു തിരുകിക്കയറ്റി നിരീശ്വര പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള അജന്‍ഡയാണോ ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിവരും. മൌലികാവകാശത്തിന്റെ നിഷേധിക്കലാണ് ഈ സംവിധാനമെന്നും മാര്‍ താഴത്ത് കുറ്റപ്പെടുത്തി".

ഹയര്‍സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ക്വാട്ടയിലുളള സീറ്റുകളിലാണ് ഏകജാലക സംവിധാനം നടപ്പാക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കി. നാമമാത്രമായ പരാതികള്‍ പോലും പരിഹരിച്ച് പരീക്ഷണം വന്‍വിജയമാണെന്ന് തെളിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നു. വലിയ പരാതികളൊന്നും എങ്ങുനിന്നും ഉയര്‍ന്നില്ലെന്ന് വിദ്യാഭ്യാസ മേഖലയെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന സത്യവും.

എയി‍ഡ‍ഡ് മേഖലയിലെ ഹയര്‍സെക്കന്ററി പ്രവേശനം സുതാര്യമല്ലെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ കാര്യമുണ്ട്. സംവരണം പോലും അട്ടിമറിച്ച് സര്‍ക്കാര്‍ ക്വാട്ടയിലടക്കം തലവരി കൈപ്പറ്റി പ്രവേശനം നടത്താനുളള പഴുത് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

നിലവിലുളള രീതിയനുസരിച്ച് ഒരു കുട്ടിക്ക് പ്രവേശനത്തിന് ഒന്നിലധികം സ്ക്കൂളുകളില്‍ നിന്ന് ഒരേ ദിവസം പ്രവേശനത്തിന് ഹാജരാകേണ്ടി വരും. എവിടെ പോയാലാണ് ആഗ്രഹിക്കുന്ന വിഷയത്തിന് പഠിക്കാനാവുക എന്ന് ദൈവം തമ്പുരാനു പോലും നിശ്ചയമില്ലാത്ത അവസ്ഥ. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പകരം അയച്ചും മൊബൈല്‍ ഫോണിനെ ആശ്രയിച്ചും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വല്ലവിധേനെയുമാണ് ഈ വൈതരണി തരണം ചെയ്യുന്നത്.

പ്രവേശനം എവിടെയെങ്കിലും തരപ്പെടുത്തുകയും ആഗ്രഹിച്ച വിഷയം പഠിക്കുന്നതിനുളള ശ്രമം തുടരുകയും ചെയ്യുക സ്വാഭാവികമാണ്. ഒരു സ്ക്കൂളില്‍ മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം കിട്ടിയ കുട്ടി മറ്റൊരു സ്ക്കൂളിലേയ്ക്ക് തനിക്കിഷ്ടപ്പെട്ട ഗ്രൂപ്പില്‍ പ്രവേശനം തേടി പോകുമ്പോഴുണ്ടാകുന്ന ഒഴിവാണ് സര്‍ക്കാര്‍ സീറ്റില്‍ തലവരി കൊയ്യാന്‍ മാനേജ്‍മെന്റുകളെ സഹായിക്കുന്നത്.

മെരിറ്റ് സീറ്റുകള്‍, മെരിറ്റ് ലിസ്റ്റില്‍ നിന്ന് നികത്തണമെന്നാണ് നിയമം. മേല്‍ സൂചിപ്പിച്ചതു പോലൊരു ഒഴിവുണ്ടായാല്‍ അതെങ്ങനെ നികത്തണമെന്ന് മാനേജ്‍മെന്റിന് നന്നായി അറിയാം. മെരിറ്റ് ലിസ്റ്റിലെ അര്‍ഹര്‍ക്ക് മെമ്മോ അയച്ചതായി രേഖയുണ്ടാക്കും. ഇത് രേഖയില്‍ മാത്രമുണ്ടാകുന്ന മെമ്മോയാണ്. അയയ്ക്കാത്ത മെമ്മോയുടെ പേരില്‍ കുട്ടികള്‍ പ്രവേശനം ചോദിച്ച് വരില്ലല്ലോ. അപ്പോഴാണ് ആന്‍ഡ്രൂസ് തിരുമേനി പറയുന്നതു പോലൊരു തരികിട നടക്കുന്നത്.

അലോട്ട്മെന്റ് നടത്തുമ്പോള്‍ പിണിയാളുകള്‍ക്ക് പ്രവേശിക്കാന്‍ വഴി തുറക്കും. സംവരണത്തിന്റെ മാനദണ്ഡം നോക്കേണ്ട. മെരിറ്റിന്റെ കുരുക്കില്ല. തോന്നുന്ന തുക ഈടാക്കി ഇഷ്ടമുളളവനെ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശിപ്പിക്കാം. എങ്ങനെയെങ്കിലും സീറ്റ് നികത്തിയാല്‍ മതിയെന്ന അവസാനത്തെ തത്രപ്പാടില്‍ ഈ പ്രവേശനത്തിന് അംഗീകാരവും കിടയ്ക്കും. ഈ അവസരം നഷ്ടപ്പെടുന്നത് എങ്ങനെ മാനേജ്‍മെന്റുകള്‍ സഹിക്കും?

ഏകജാലകം നടപ്പാക്കിയാല്‍ പലര്‍ക്കും ഇഷ്ടമില്ലാത്ത സ്ക്കൂളുകളിലേയ്ക്ക് പോകേണ്ടി വരുമെന്നാണ് താഴത്ത് തിരുമേനി വിലപിക്കുന്നത്. തിരുമേനിക്കിഷ്ടമില്ലാത്ത സ്ക്കൂളാണോ വിദ്യാര്‍ത്ഥിയ്ക്കിഷ്ടമില്ലാത്ത സ്ക്കൂളാണോ എന്നത് വാര്‍ത്തയില്‍ വ്യക്തമല്ല. കുട്ടികള്‍ക്കും കുടുംബത്തിനും ഏറെ സാമ്പത്തിക ക്ലേശവും ഉണ്ടാകുമത്രേ! കത്തോലിക്കാ സഭയിലെ സ്ക്കൂളുകളിലെ മാനേജ്‍മെന്റ് ക്വാട്ടാ സീറ്റില്‍ പ്രവേശനം നേടാനുളള നിരക്ക് അറിയുന്നവരോട് ചോദിച്ചാല്‍ പറഞ്ഞു തരും, കുടുംബങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടു കാരണം തിരുമേനി അനുഭവിക്കുന്ന നെഞ്ചെരിച്ചിലിന്റെ തിക്കുമുട്ടല്‍.

ഏകജാലക സംവിധാനം നടപ്പാക്കിയാല്‍ തലവരി മോഹികള്‍ക്ക് തിരിച്ചടിയാകുമെന്ന് തുറന്നു പറയുന്നത് ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസനാധിപന്‍ ഡോ. മാര്‍ ഗ്രിഗോറിയസാണ്. മധ്യതിരുവിതാംകൂറിലെ ചില കത്തോലിക്കാ സംഘടനകള്‍ മാത്രമാണ് ഏകജാലക സംവിധാനത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുന്നു.

ഏകജാലക സംവിധാനം വഴി നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന താഴത്ത് തിരുമേനിയുടെ പച്ചക്കളളം മറ്റൊരു വൈദിക ശ്രേഷ്ഠന്‍ തന്നെ പൊളിച്ചടുക്കുമ്പോള്‍ ഒരു കാര്യം ചോദിക്കാതിരിക്കാനാവില്ല. വിശ്വാസികളുടെ മുഴുവന്‍ പ്രാതിനിധ്യവും ആന്‍ഡ്രൂസ് തിരുമേനിയെയും സംഘത്തെയും ഏല്‍പ്പിച്ച് കര്‍ത്താവീശോമിശിഹ സര്‍ക്കുലര്‍ വല്ലതും പുറപ്പെടുവിച്ചിട്ടുണ്ടോ?

സ്ക്കൂളുകള്‍ വഴി എങ്ങനെയാണ് നിരീശ്വരവാദം പ്രചരിപ്പിക്കുക എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. കൊടിയ നിരീശ്വരവാദികളെന്ന് പേരെടുത്ത പല കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കും സ്വന്തം ഭാര്യമാരില്‍ പോലും ആ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയെങ്ങനെ കേരളം പോലൊരു സംസ്ഥാനത്തെ സ്ക്കൂളുകള്‍ വഴി നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനാവും?

സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ‍ മൂന്നു ഗ്രൂപ്പുകളാണ് ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥിക്ക് ലഭിക്കുക. ഇതിലേതു വഴിയാണ് നിരീശ്വരവാദം നുഴഞ്ഞു കയറുന്നതെന്ന് അറിയാവുന്നവര്‍ പറഞ്ഞു തരിക.

പാര്‍ട്ട് ഒന്ന് വിഭാഗത്തില്‍ ഒന്നാം ഭാഷ ഇംഗ്ലീഷ് എല്ലാവരും നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഏത് പാഠഭാഗം പഠിച്ചാലാണാവോ കുട്ടികള്‍ നിരീശ്വരവിശ്വാസിയായി നരകത്തില്‍ പോകുക. ഇന്നോളം താഴത്തോ മേലത്തോ ഉളള ഒരു തിരുമേനിയും ഇക്കാര്യം വ്യക്തമാക്കിയാതായി ദീപിക പോലും പറയുന്നില്ല.

പാര്‍ട്ട് രണ്ട്, രണ്ടാം ഭാഷയാണ്. മലയാളം, ഹിന്ദി, സംസ്കൃതം, ഉറുദു, തമിഴ്, കന്നഡ, ഫ്രെഞ്ച്, ലാറ്റിന്‍, സിറിയക്, ജെര്‍മന്‍, റഷ്യന്‍ എന്നിവയിലേതു വേണമെങ്കിലും കുട്ടിക്ക് പഠിക്കാം.

ഭൂരിപക്ഷവും തിര‍‍ഞ്ഞെടുക്കുന്നത് മലയാളമോ ഹിന്ദിയോ ആയിരിക്കും. അതിലാകട്ടെ, കഥയും കവിതയുമുള്‍പ്പെടുന്ന സാഹിത്യവും അല്ലറ ചില്ലറ ലേഖനങ്ങളുമാവും പഠിക്കാനുണ്ടാവുക. അതിലെവിടെയാണ് നിരീശ്വരവാദ പ്രചരണത്തിന് സ്കോപ്പ്?

റഷ്യനോ ജര്‍മ്മനോ പഠിച്ചാല്‍ മക്കള്‍ ലെനിനോ കാള്‍ മാര്‍ക്സോ ആയേക്കുമെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നെങ്കില്‍, ആ ഭാഷ പഠിക്കേണ്ടെന്ന് തീരുമാനിക്കാനുളള അവകാശം ഉപയോഗപ്പെടുത്താം. കത്തോലിക്കാ സഭയുടെ കുഞ്ഞാടുകള്‍ ഈ രണ്ടു ഭാഷകള്‍ പഠിക്കരുതെന്ന് താഴത്ത് തിരുമേനിക്ക് ഇടയലേഖനമിറക്കി സംഗതി ഉറപ്പിക്കുകയും ചെയ്യാം.

സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹോം സയന്‍സ്, ഇലക്ട്രോണിക്സ്, ജിയോളജി എന്നിവയാണ് പഠിക്കാനുളളത്. സയന്‍സ് പഠിച്ചാല്‍ നിരീശ്വരനായിപ്പോകുമെന്ന് കത്തോലിക്കാ സഭ കരുതുമെന്ന് വിശ്വസിക്കുക വയ്യ. ദൈവവിശ്വാസത്തിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ വിശ്വാസികളായ ശാസ്ത്രജ്ഞന്മാരുടെ കണക്കെടുപ്പില്‍ സഭ അഭയം തേടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സയന്‍സ് ഗ്രൂപ്പ് പഠിച്ചാല്‍ കിട്ടുന്ന ആറക്ക ശമ്പള ജോലിയില്‍ കണ്ണുനട്ടിരിക്കുന്ന കുഞ്ഞാടു സന്തതികളോട് ആ ഗ്രൂപ്പ് പഠിക്കരുതെന്ന് പറഞ്ഞിട്ടും കാര്യമില്ലെന്ന് തിരുമേനിമാര്‍ക്കും അറിയാം. എല്ലാ സയന്‍സിന്റെയും മൂലാധാരം ളോഹയുടെ ഉളളിലാണെന്ന് ലേഖനമെഴുതിയാല്‍ ഈ പ്രതിസന്ധി നിഷ്പ്രയാസം മറികടക്കാം.

27 ഓപ്ഷനുളള ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലൂടെ കണ്ണോടിച്ചിട്ടും കിട്ടുന്നില്ല, നിരീശ്വര വാദ പ്രചരണത്തിനൊരു വഴി. ചരിത്രവും, സാമ്പത്തിക ശാസ്ത്രവും ജ്യോഗ്രഫിയും തത്ത്വചിന്തയും രാഷ്ട്രമീമാംസയും സംസ്കൃതവും സംഗീതവും തമിഴും കന്നഡയും മനശാസ്ത്രവും സ്റ്റാറ്റിറ്റിക്സും ഗാന്ധി ചിന്തകളുമൊക്കെയാണ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പഠിക്കാനുളളത്. ഇതൊക്കെ പഠിക്കുന്നവര്‍ നിരീശ്വരവാദികളായിപ്പോകുമെങ്കില്‍ ശബരിമലയൊക്കെ എന്നേ പൂട്ടിയേനെ.

ബിസിനസ് സ്റ്റഡീസും അക്കൗണ്ടന്‍സിയും എക്കണോമിക്സും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സുമൊക്കെയാണ് കൊമേഴ്സ് ഗ്രൂപ്പെടുക്കുന്നവര്‍ പഠിക്കുന്നത്. ഏകജാലക സംവിധാനം വന്നാല്‍ ഇവര്‍ക്ക് പഠിക്കാന്‍ നല്‍കുന്നത് ഇടമറുകിന്റെയും എ ടി കോവൂരിന്റെയും സമ്പൂര്‍ണ കൃതികളായിരിക്കുമോ? താഴത്ത് തിരുമേനിയുടെ ഞായം പറച്ചില്‍ കേട്ടാല്‍ അങ്ങനെ സംശയിച്ചു പോകും.

അയ്യഞ്ചാണ്ട് കഴിയുമ്പോള്‍ നിലവിലുളള ഭരണകൂടം തലകുത്തി വീഴുന്ന ജനഹിതമാണ് കേരളത്തില്‍ നടപ്പാകുന്നത്. എല്‍ഡിഎഫ് ഭരണം നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുറേ തിരുമേനിമാര്‍ വലിയവായില്‍ നിലവിളിക്കുമ്പോള്‍ ആശയം വ്യക്തമാണ്. ഈശ്വരവിശ്വാസികളേ, നിങ്ങള്‍ക്ക് അഭയം യുഡിഎഫും, സഭയുടെ കുഞ്ഞാടുകളായ ഉമ്മന്‍, മാണി മുതല്‍പേരുമാണെന്ന് വ്യംഗ്യം.

അപ്പോള്‍ യുഡിഎഫുകാര്‍ അധികാരത്തില്‍ വന്നാല്‍ മേല്‍ പറഞ്ഞ സിലബസ് മാറുമെന്ന് നാം ന്യായമായും സംശയിക്കണം. സയന്‍സ് ഗ്രൂപ്പുകാര്‍, ആ കാലത്ത് എന്താവും പഠിക്കേണ്ടി വരിക. ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റുകയാണെന്നും പാഠപുസ്തകം തിരുത്തപ്പെടുമോ?

തലവരിയും കൈക്കൂലിയും വാങ്ങി, അനന്തമായ അധികാരത്തിന്റെ കൊടുമുടികളില്‍ ഭയാശങ്കകള്‍ ലവലേശമില്ലാതെ വിരാജിക്കുന്നവര്‍ക്ക് ഏകജാലക സംവിധാനം ഒരു ഭീഷണി തന്നെയാണ്. കൈക്കൂലി വാങ്ങാനുളള അവസരം മാനേജ്‍മെന്റ് സീറ്റിന്റെ 20 ശതമാനത്തില്‍ ഒതുങ്ങിപ്പോകുന്നതിലുളള ആധിയാണ് തിരുമേനിമാരുടെ വിലാപത്തിനു പിന്നില്‍.

അത് നന്നായി മനസിലാക്കുന്ന കേരള സമൂഹം, ധാര്‍ഷ്ട്യം ചുവയ്ക്കുന്ന ഈ മോങ്ങലുകള്‍ക്ക് നല്‍കുന്ന വില ചിറികോട്ടിയ ചിരിയിലെ പുച്ഛമാണ്. അത് തിരിച്ചറിയാത്തവരായി ചില തിരുമേനിമാര്‍ മാത്രമേ ഉളളൂവെന്നതും പച്ചയായ സത്യം മാത്രം.

നസറേത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കരുത് എന്ന വാചകത്തിന്റെ മൂര്‍ച്ച മാരകം തന്നെയാണ്, എത്ര പൊതിഞ്ഞു വെയ്ക്കാന്‍ ശ്രമിച്ചാലും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X