കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാല'ക്കുടി'യന്‍മാരുടെ വിജയരഹസ്യം

  • By വിജേഷ് കൃഷ്ണ
Google Oneindia Malayalam News

Chalakkudy
കുടിയുടെ കാര്യത്തില്‍ ചാലക്കുടിക്കാരെ തോല്‍പ്പിയ്ക്കാനാവില്ല മക്കളെ... സിനിമാസ്റ്റൈലില്‍ ആ നാട്ടിലെ പ്രധാന പയ്യന്‍സ് പറയുന്ന ഡയലോഗാണിത്. തൃശൂര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഈ നാടിന് എങ്ങനെ കുടിയന്‍മാരുടെ നാടെന്ന (കു)പ്രശസ്തി എങ്ങനെ ചാര്‍ത്തി കിട്ടി? ഇക്കാര്യത്തില്‍ കലാഭവന്‍ മണിയുടെ നാട്ടിലെ കുടിയന്മാര്‍ക്കു പോലും വലിയ നിശ്ചയമില്ല.

സ്ഥലത്തെ കുടിയന്‍മാരുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ചാലക്കുടിയ്ക്ക് തൊട്ടടുത്ത് ദേശീയപാതയുടെ ഓരത്ത് ദേശീയപാതയുടെ പേരില്‍ തന്നെയൊരു പ്രശസ്തമായൊരു ഹോട്ടല്‍ കം ബാറുണ്ട്. ഇവിടത്തെ ജീവനക്കാരെ ദിവസവും പുലര്‍ച്ചെ വിളിച്ചുണര്‍ത്തുന്നത് സ്ഥലത്തെ ചില മാന്യന്‍മാരാണ്. രാവിലെ ആറ് മണിയ്ക്ക് മുമ്പെ ബാറിലെത്തുന്ന വിദ്വാന്‍മാര്‍ ചോദിയ്ക്കുന്നത് ചായയൊന്നുമല്ല, മറിച്ച് രണ്ട് പെഗ്ഗാണ്!!. മദ്യം നിറച്ച ഗ്ലാസ് മുന്നിലെത്തിയാലും ഇവരില്‍ പലര്‍ക്കും കുടിയ്ക്കാനാവില്ലത്രേ. ജീവനക്കാര്‍ സഹകരണമുണ്ടെങ്കിലേ പല കസ്റ്റമേഴ്‌സിനും സംഭവം അകത്താക്കാനാവൂ.. കൈവിറയെന്ന രോഗം മൂലമാണിത്. ലേശം ഉള്ളില്‍ചെന്നാല്‍ എല്ലാം ഓകെ. ഇങ്ങനെ ലക്ഷണമൊത്ത സുരപാനികളും ഓണക്കുടി പോലുള്ള മത്സരങ്ങളിലെ കണക്കുകളും ഏറെയുണ്ടെങ്കിലും ചാലക്കുടിക്കാരെയെല്ലാം മൊത്തം വെള്ളമടിക്കാരായി കണക്കാക്കേണ്ട ആവശ്യമില്ല.

ദൈവത്തിന്റെ നാട്ടിലെ മറ്റു പ്രദേശങ്ങളിലെപ്പോലെ തന്നെയാണ് ചാലക്കുടിയന്‍സും. കുപ്പിയില്ലാതെ അവര്‍ക്ക് ആഘോഷമില്ല, ജനനമായാലും മരണമായാലും കല്യാണമായാലും പെരുന്നാളായാലും പൂരമായാലും കുപ്പി രണ്ടെണ്ണം പൊട്ടിയില്ലെങ്കില്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും ഉറക്കം വരില്ല, ഇത് ചാലക്കുടിയില്‍ മാത്രമല്ല, പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ ഭൂമിമലയാളത്തില്‍ എല്ലായിടത്തും സ്ഥിതി ഇതുതന്നെ. എന്നിട്ടും ചാലക്കുടിയില്‍ മാത്രം മദ്യവില്‍പന കുത്തനെ ഉയരുന്നതിന് കാരണം മറ്റു ചിലതാണ്.

ഇതില്‍ ഏറ്റവും പ്രധാനം ചാലക്കുടിയുടെ ഭൂമിശാസത്രപരമായ കിടപ്പു തന്നെ തൃശൂര്‍ എറണാകുളം ഹൈവേയ്ക്കിരുവശവുമായി പരന്നു കിടക്കുന്ന നഗരത്തിലും നാട്ടിന്‍പുറത്തുമുള്ള പാവപ്പെട്ട കുടിയന്‍മാര്‍ക്ക് ആശ്രയം ആകെയൊരു ബിവറേജ് ഔട്ട്‌ലെറ്റാണ്. പാവപ്പെട്ടവന്‍ എന്നു പറയാന്‍ കാരണം സ്ഥലത്തെ അഞ്ച് ബാറുകളില്‍ പോയി സ്ഥിരമായി മോന്താന്‍ ഇവര്‍ക്കാവതില്ലാത്തതുകൊണ്ടാണ്.

ഒരിരുപത് കിലോമീറ്റര്‍ ചുറ്റളവിലെ ജനം മുഴുവന്‍ ചാലക്കുടി ടൗണിലെ ഒരൊറ്റ മദ്യവില്‍പന ശാലയെയാണ് ആശ്രയിക്കുന്നത്. പൂരവും പെരുന്നാളും ഓണവും ക്രിസ്മസുമെല്ലാം വരുമ്പോള്‍ ഇവിടെത്തെ ബിവറേജ് ഔട്ട്‌ലെറ്റില്‍ ഇടിച്ചുകയറി നാട്ടുകാര്‍ സാധനം വാങ്ങുന്നതോടെ ഓണക്കുടി പോലുള്ള മത്സരങ്ങളില്‍ ചാലക്കുടിയന്‍സ് ഗപ്പടിയ്ക്കും.

ഇതുമാത്രമല്ല, ചാലക്കുടിയിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ പ്രത്യേകിച്ച് അതിരിപ്പിള്ളിയിലൊരു വെള്ളമടി ലക്ഷ്യമിടുന്നവര്‍ മദ്യമൊഴുക്കിന് ആവോളം സഹായിക്കുന്നുണ്ട്. ഇത് പറഞ്ഞുതന്നത് ചാലക്കുടിയിലെ പുതിയ ത്രീ സ്റ്റാര്‍ ബാറിന്റെ മാനേജരായ രാകേഷാണ്.

തെക്കു നിന്നും (എറണാകുളം) വടക്കുനിന്നും (തൃശൂര്‍) അതിരപ്പിള്ളി, വാഴച്ചാല്‍ ലക്ഷ്യമാക്കിയെത്തുന്നവര്‍ ചാലക്കുടിയെത്തുമ്പോഴാണ് കുപ്പി വാങ്ങാന്‍ ഉത്സാഹം കാണിയ്ക്കാറ്. ദേശീയപാതയിലൂടെ ഇരുദിശയില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചാലക്കുടിയ്ക്ക് തൊട്ടടുത്തൊന്നും വാഹനമൊതുക്കി കുപ്പി വാങ്ങാനുള്ള സൗകര്യമില്ല. അതേസമയം ചാലക്കുടിയിലെ ബിവറേജിന് സമീപമുള്ള വിശാലമായ പാര്‍ക്കിങും വെള്ളമടിയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ വസ്തുക്കളുടെ ലഭ്യതയും ഏറെയുള്ളതിനാല്‍ ഇവിടെ അവര്‍ വണ്ടി ചവിട്ടും.

കുപ്പി മാത്രമല്ല, കോളയും അച്ചാറും ബീഫും ചിക്കനും ഗ്ലാസും വരെയുള്ള ഒഴിച്ചുകൂടാനാവാത്ത സകലസാധനങ്ങളും ഇവിടെ ലഭ്യമാണ്. അതിരപ്പള്ളിയിലെ വെള്ളച്ചാട്ടമോ വാഴച്ചാലിന്റെ പ്രകൃതി സൗന്ദര്യമോ അല്ല, മറിച്ച് ശാന്തസുന്ദരമായി വെള്ളമടിയ്ക്കാന്‍ പറ്റിയ ഇടമെന്ന നിലയ്ക്കാണ് ചാലക്കുടിയ്ക്കടുത്തുള്ള ഈ വിനോദസഞ്ചാര കേന്ദ്രം യുവാക്കളെ ആകര്‍ഷിയ്ക്കുന്നത്. ഓണവും ക്രിസ്മുസും പോലുള്ള അവധി ദിവസങ്ങളില്‍ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണവും കൂടും. അന്ന് ചാലക്കുടി പുഴയില്‍ ഒഴുകിയതിനേക്കാള്‍ അധികം വെള്ളം ഇവരുടെ വയറ്റിനുള്ളിലുമെത്തും..

ആദ്യപേജില്‍

ഓണക്കുടിയെന്താ മോശമാണോ?ഓണക്കുടിയെന്താ മോശമാണോ?

English summary
Liquor wholesalers in Kerala are expecting record sales in the run-up to this Onam festival season. Last year, the revenue from liquor sales during Onam touched a record of Rs 155.61 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X