കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി മാണിയെ പുകഴ്ത്തുന്നത് എന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

കുറേ കാലമായി കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പമാണ്. വലിയ അല്ലലും അലച്ചിലും ഇല്ലാതെ ഭരണം കിട്ടുമ്പോഴൊക്കെ ധനമന്ത്രിയായി ബഹുമാനപ്പെട്ട പാല എംഎല്‍എ വിലസിക്കൊണ്ടിരിക്കുകയും ആണ്. ഇടക്ക് ചില അത്യാവശ്യങ്ങള്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെ ഒന്ന് കണ്ണുരുട്ടിക്കാണിക്കാറുണ്ടെങ്കിലും വലിയ പ്രശ്‌നത്തിനൊന്നും മാണിയും കേരള കോണ്‍ഗ്രസും നില്‍ക്കാറില്ല.

ഇടത് മുന്നണിയില്‍ ആര് ബജറ്റ് അവതരിപ്പിച്ചാലും അവരെ കരിവാരി തേക്കാറുള്ള മാണി സാറിനെ ഈയിടെയായി കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് നല്ല ഇഷ്ടമാണെന്ന് തോന്നുന്നു. വാരിക്കോരിയാണ് വിപ്ലവ പാര്‍ട്ടിയുടെ നേതാക്കള്‍ മാണി സാറിനേയും മാണി സാറിന്റെ ധനവകുപ്പിനേയും പ്രശംസിക്കുന്നത്.

Kodiyeri Mani

ഒടുവില്‍ ഇതാ പ്രതിപക്ഷ ഉപ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണനും കെഎം മാണിയെ പുകഴ്ത്തി രംഗത്തിറങ്ങിയിരിക്കുന്നു. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന മുഖ്യന്‍ മാണിയെ കണ്ട് പഠിക്കണം എന്നാണ് കോടിയേരി പറഞ്ഞിരിക്കുന്നത്. കാരുണ്യ ലോട്ടറി പദ്ധതി പ്രകാരം 200 കോടി രൂപയാണ് മാണി സാര്‍ കേരളത്തിലെ പാവപ്പെട്ട രോഗികള്‍ക്കായി നല്‍കിയിരിക്കുന്നതെന്നും കോടിയേരി പറയുന്നുണ്ട്.

ഭരണ പക്ഷത്തെ ഒരു മന്ത്രിക്കും ഇക്കാലത്തിനിടയില്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ നിന്ന് ഇത്രയേറെ പ്രശംസ കിട്ടിയിട്ടുണ്ടാകില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവം തന്നെ.

എന്നാലും എന്തായിരിക്കും ഇതിന്റെ ഉള്ളുകള്ളികള്‍ എന്ന് ആര്‍ക്കും സംശയം തോന്നാം.സ്വാഭാവികമായി തോന്നുന്ന ചില സംശയങ്ങള്‍ പങ്കുവക്കാം.

രണ്ട് മൂന്ന് കാര്യങ്ങള്‍ കൊണ്ട് ബഹുമാനപ്പെട്ട മാണിസാര്‍ ഇത്തിരി അസ്വസ്ഥനാണ്. യുഡിഎഫില്‍ പഴയതുപോലെ ഒരു സ്ഥാനമില്ല എന്നതാണ് ഒരു പ്രശ്‌നം. മുസ്ലീം ലീഗ് അത്യാവശ്യം സീറ്റ് നേടിക്കഴിഞ്ഞപ്പോള്‍ തങ്ങള്‍ മൂന്നാമന്‍മാരായിപ്പോയോ എന്നാണ് മാണിസാറിന്റെ സംശയം. പല കാര്യങ്ങളിലും സര്‍ക്കാരിന്റെ രീതി കാണുമ്പോള്‍ ആരായാലും അങ്ങനെ സംശയിച്ച് പോകും.

ഒരു കേന്ദ്രമന്ത്രി സ്ഥാനമാണ് രണ്ടാമത്തെ പ്രശ്‌നം. പണ്ട് മുസ്ലീം ലീഗിന് ഒറ്റ സീറ്റ മാത്രം കിട്ടിയ കാലത്ത് പോലും അവര്‍ക്ക് കേന്ദ്രത്തില്‍ ഒരു മന്ത്രിയെ കൊടുത്തതാണ്. നമുക്ക് ഇത്ര കാലമായിട്ടും ഒരു കേന്ദ്ര മന്ത്രിയില്ല. സ്വന്തം മകന്‍ തന്നെ എംപിയായിട്ടും പറഞ്ഞ് പറ്റിച്ചതല്ലാതെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഒരു മന്ത്രി സ്ഥാനം തന്നിട്ടില്ല.

മരിക്കുന്നതിന് മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും രാഷ്ട്രീയക്കാരുണ്ടാകുമോ നമ്മുടെ നാട്ടില്‍. കെഎം മാണിക്കാണെങ്കില്‍ അങ്ങനെ ആഗ്രഹിക്കാനുള്ള രാഷ്ട്രീയ യോഗ്യതകള്‍ എല്ലാമുണ്ട്. ഒന്ന് മുഖ്യമന്ത്രിയായല്‍ തെറ്റില്ലെന്ന് മാണിസാറും ആഗ്രഹിക്കുന്നുണ്ടാകുമെന്ന് ചുരുക്കം.

ഇത്രയും കാര്യങ്ങള്‍ മാണിസാറിന്റെ ഭാഗത്ത് നിന്നുള്ളതാണ്. ഇടതിനും ഉണ്ട് ഇങ്ങനെ ചില കാര്യങ്ങള്‍.

എന്തൊക്കെ വന്നാലും വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ വരരുതേ എന്നാണ് സിപിഎമ്മിലെ തന്നെ ചില പ്രധാനികള്‍ ചിന്തിക്കുന്നത്. അതിന് വേണ്ട പണി അവര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എടുത്തിട്ടുണ്ടന്നാണ് സഖാവ് വിഎസ് അച്യുതാനന്ദനും പറയുന്നത്. പിണറായി വിജയനാണെങ്കില്‍ ലാവലിന്‍ പൊല്ലാപ്പ് തീര്‍ന്നിട്ടുമില്ല. അങ്ങനെയെങ്കില്‍ ഭരണം ഒന്ന് പിടിച്ചാല്‍ തന്നെ ആരെ മുഖ്യമന്ത്രിയാക്കും എന്നൊരു സംശയം ഇടതിനും ഉണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഭരണം ഇടത്തോട്ട് മറിയണമെങ്കില്‍ മാണി സാര്‍ തന്നെ മനസ്സ് വക്കണം. വീണ്ടും ധനമന്ത്രിയായി ഇരിക്കാന്‍ മാണി സാര്‍ എന്തായാലും ഇടത്തോട്ട് വരികയും ഇല്ല. അപ്പോള്‍ പിന്നെ മാണിസാറിനെ തന്നെ മുഖ്യമന്ത്രിയാക്കി ഭരണം പിടിച്ചാലോ എന്ന് സിപിഎം ആഗ്രഹിക്കുന്നുണ്ടോ എന്നാണ് സംശയം.

സോളാര്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് കെഎം മാണിയെ ഇടത്തോട്ട് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സെക്രട്ടേറിയറ്റ് ഉപരോധ സമയത്ത് മാണിസാര്‍ ഇറങ്ങി എല്‍ഡിഎഫില്‍ ചേര്‍ന്ന് കളയുമോ എന്ന് പോലും സംശയിച്ചിരുന്നു.

ഒരു കാര്യം കൂടി പറയാതെ വയ്യ. സര്‍ പിസി ജോര്‍ജ് എന്ന ബഹുമാന്യനായ ഗ്രാമീണ ഭാഷകന്‍ ചീഫ് വിപ്പിന്റെ പല പ്രതികരണങ്ങളും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഇടത് പ്രവേശനത്തിന്റെ പെരുമ്പറകളാണെന്ന് ഏതോ പ്രവാചകന്‍ പാടി നടക്കുന്നുണ്ടത്രെ. കോണ്‍ഗ്രസിനേയും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമര്‍ശിച്ച് നാണം കെടുത്തുന്ന ജോര്‍ജ്ജ്, വിഎസിനേയും പിണറായി വിജയനേയും പ്രശംസിക്കാനും തുടങ്ങിയിരിക്കുന്നു. ബഹുമാനപ്പെട്ട പാല എംഎല്‍എ മാത്രമായിരുന്ന മാണിസാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ സര്‍വഥാ യോഗ്യനാണെന്നും പിസി ജോര്‍ജ്ജ് മൊഴിഞ്ഞിരുന്നു.

അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായില്ലേ? എന്തായാലും ഒരു കാര്യം ഏതാണ്ട് ഉറപ്പാണ് . 2014 ല്‍നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരിക്കും എല്ലാവിധ പൊറാട്ട് നാടകങ്ങളും അരങ്ങേറുക. അപ്പോഴല്ലേ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുകയുള്ളൂ.

English summary
The under currents of praising KM Mani by Kodiyri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X