വകുപ്പ് വിഭജനത്തിലും സിപിഎമ്മിന്റെ 'ഞെട്ടിക്കല്‍' തുടര്‍ന്നു... പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെ
തിരുവനന്തപുരം: മന്ത്രിസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ സിപിഎം കേരളത്തിന്റെ പൊതുസമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. കെകെ ശൈലജ ടീച്ചര്‍ ഇല്ലാത്ത, ആദ്യതവണ നിയമസഭയിലെത്തുന്ന മുഹമ്മദ് റിയാസ് മന്ത്രിയാകുന്ന ആ തീരുമാനത്തില്‍ ഒരേസമയം ചിലര്‍ക്ക് സങ്കടവും സന്തോഷവും തോന്നിയിട്ടുണ്ട്.
ഇപ്പോള്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിലും സിപിഎം ഞെട്ടിച്ചിരിക്കുകയാണ്. കെകെ ശൈലയുടെ വിടവ് നികത്താന്‍ വീണ ജോര്‍ജ്ജിനെ ആരോഗ്യമന്ത്രിയാക്കി. എംഎം മണിയുടെ ഭരണമികവിലൂടെ ഒന്നാം നമ്പറായ വൈദ്യുതി വകുപ്പ് ജനതാദളിന്റെ കെ കൃഷ്ണന്‍കുട്ടിയ്ക്ക് നല്‍കി. എന്തൊക്കെയാണ് തീരുമാനങ്ങള്‍, എന്തൊക്കെയാണ് പ്രതീക്ഷകള്‍, എന്തൊക്കെയാണ് ആശങ്കകള്‍... പരിശോധിക്കാം...

ദേവസ്വം വകുപ്പ് കെ രാധാകൃഷ്ണന്
മുന്‍ സ്പീക്കറും മുന്‍ മന്ത്രിയും ഒക്കെ ആയ കെ രാധാകൃഷ്ണനാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അനുഭവ പരിചയത്തില്‍ മുന്നിലുള്ളത്. ഇത്തവണദേവസ്വ വകുപ്പ് കെ രാധാകൃഷ്ണനെ ആണ് സിപിഎം ഏല്‍പിച്ചത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി എന്നതും ചരിത്രത്തിന്റെ ഭാഗമാകും. അതോടൊപ്പം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണ് സിപിഎം നല്‍കുന്നത്.

റിയാസിന് സുപ്രധാന വകുപ്പുകള്‍
മന്ത്രിസഭയിലും നിയമസഭയിലും കന്നിക്കാരനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്. രണ്ട് സുപ്രധാന വകുപ്പുകളാണ് റിയാസിന് നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത്, ടൂറിസം എന്നീ വകുപ്പുകളാണ് റിയാസിന്.

വലിയ വെല്ലുവിളി
ജി സുധാകരന്‍ ആയിരുന്നു കഴിഞ്ഞ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. ഏറെ ആക്ഷേപങ്ങള്‍ക്ക് സാധ്യതയുള്ളതും അഴിമതിയ്ക്ക് പേരുകേട്ടതും ആയിരുന്ന വകുപ്പിനെ ശുദ്ധീകരിക്കുന്നതില്‍ സുധാകരന്‍ വലിയ പങ്കാണ് വഹിച്ചത്. അതുകൊണ്ട് തന്നെ റിയാസിനെ സംബന്ധിച്ച് ഈ ചുമതല കടുത്ത വെല്ലുവിളി തന്നെ ആയിരിക്കും ഉയര്‍ത്തുക. അതിനെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

വീണ ജോര്‍ജ്ജിന് ആരോഗ്യം
കേരളം ഉറ്റുനോക്കിയിരുന്ന മറ്റൊരു മന്ത്രിസ്ഥാനം ആരോഗ്യമന്ത്രിയുടേതായിരുന്നു. അത് സിപിഎം ഏല്‍പിച്ചുനല്‍കിയിരിക്കുന്നത് വീണ ജോര്‍ജ്ജിനും. പ്രളയകാലത്തും കൊവിഡ് കാലത്തും ആറന്മുളക്കാര്‍ക്കൊപ്പം നിന്ന് പോരാട്ടം നയിച്ച വീണ ജോര്‍ജ്ജിന് കെകെ ശൈലജയുടെ പ്രവര്‍ത്തന മികവിനെ മറികടക്കാന്‍ ആകുമോ എന്നും കേരളം പ്രതീക്ഷയോടെ നോക്കുകയാണ്. കടുത്ത വെല്ലുവിളികളുടെ കാലവും ആണിത്.

വൈദ്യുതി കൈവിട്ടു
സുപ്രധാന വകുപ്പുകളില്‍ ഒന്നാണ് വൈദ്യുതി വകുപ്പ്. എല്‍ഡിഎഫ് ഭരണകാലങ്ങളിലെല്ലാം സിപിഎം തന്നെയാണ് ഈ വകുപ്പ് ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎം മണിയുടെ നേതൃത്വത്തില്‍ ഏറ്റവും അധികം പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച വകുപ്പാണിത്. ഇത്തവണ ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയ്ക്കാണ് വൈദ്യുതി വകുപ്പ് നല്‍കിയിരിക്കുന്നത്. വകുപ്പ് വിഭജനത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന തീരുമാനം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

വിദ്യാഭ്യാസം ശിവന്‍കുട്ടിയ്ക്ക്
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖല വന്‍ കുതിപ്പായിരുന്നു. സി രവീന്ദ്രനാഥ് ആയിരുന്നു മന്ത്രി. ഇത്തവണ വി ശിവന്‍കുട്ടിയെ ആണ് സിപിഎം നിര്‍ണായകമായ വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ എത്തുന്ന ആളാണ് ശിവന്‍കുട്ടി. നേമത്ത് ബിജെപിയെ അവരുടെ സിറ്റിങ് സീറ്റില്‍ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി നിയമസഭയില്‍ എത്തിയിരിക്കുന്നത്. സംഘാടക മികവിന്റെ കാര്യത്തില്‍ ശിവന്‍കുട്ടിയുടെ മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ സി രവീന്ദ്രനാഥിനെ വെല്ലുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുമോ എന്നാണ് അറിയേണ്ടത്.

ഗതാഗതം ആന്റണി രാജു
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍സിപിയ്ക്കായിരുന്നു ഗതാഗത വകുപ്പ് നല്‍കിയിരുന്നത്. നിര്‍ണായക വകുപ്പുകളില്‍ ഒന്നാണ് ഗതാഗതം. അത് ഇത്തവണ സിപിഎമ്മിന്റെ വിശ്വസ്തനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന് ആണ് നല്‍കിയിരിക്കുന്നത്.

മറ്റ് വകുപ്പുകള്‍
തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പുകള്‍ എംവി ഗോവിന്ദനാണ്. ധനകാര്യം കെഎന്‍ ബാലഗോപാലിനാണ്. പി രാജീവിന് വ്യവസായ വകുപ്പ്. സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ വിഎന്‍ വാസവന്. ഉന്നത വിദ്യാഭ്യാസം ആര്‍ ബിന്ദുവിനും ന്യൂനപക്ഷ, പ്രവാസികാര്യ വകുപ്പുകള്‍ വി അബ്ദുറഹ്മാനും നല്‍കിയിട്ടുണ്ട്. സജി ചെറിയാനാണ് സാസ്‌കാരിക, ഫിഷറീസ്, സിനിമ വകുപ്പുകളുടെ ചുമതല. റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പും എകെ ശശീന്ദ്രന് വനംവകുപ്പും, അഹമ്മദ് ദേവര്‍കോവിലിന് തുറമുറം, മ്യൂസിയം പുരാവസ്തു വകുപ്പുകളും നല്‍കും.

സിപിഐ മന്ത്രിമാര്‍
സിപിഐയ്ക്ക് നാല് മന്ത്രിമാരുള്ളത്. കെ രാജന് റവന്യൂ വകുപ്പ് ലഭിക്കും. ജിആര്‍ അനിലിന് സിവില്‍ സപ്ലൈസ് ആണ്. പി പ്രസാദ് കൃഷിമന്ത്രിയാകും. ജെ ചിഞ്ചുറാണിയ്ക്ക് മൃഗസംരക്ഷണം, ക്ഷീരവകുപ്പ് എന്നിവയാണ് നല്‍കിയിട്ടുള്ളത്.

ആഭ്യന്തരവും വിജിലന്‍സും
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പായിരുന്നു. ഇത്തവണ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം എന്ന രീതിയില്‍ ചില ആവശ്യങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പും വിജിലന്‍സും മുഖ്യമന്ത്രിയ്ക്ക് കീഴില്‍ തന്നെ ആയിരിക്കും.












Click it and Unblock the Notifications