'15 ദിര്‍ഹത്തിന്റെ ബിരിയാണിയുടെ കോലം കണ്ടില്ലേ'; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ദുരനുഭവം പങ്കുവച്ച് പ്രവാസി
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് സാമുഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഷാര്‍ജ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.
യാത്രയ്ക്കിടെ വിശന്നപ്പോള്‍ 15 ദിര്‍ഹം ( 337 ഇന്ത്യന്‍ രൂപ ) നല്‍കി വാങ്ങിയ ബിരിയാണിയെ കുറിച്ചാണ് അഷ്‌റഫ് താമരശേരിയുടെ പോസ്റ്റ്. '
കഴിഞ്ഞ ദിവസം ഷാര്‍ജ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തു. സൗജന്യമായി നല്‍കി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോള്‍ നിര്‍ത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നല്‍കിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു'.

'എന്നാല്‍ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓര്‍ഡര്‍ നല്‍കി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിര്‍ഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാല്‍ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്. സഹോദരങ്ങളേ ...കണ്ട് നോക്കി നിങ്ങള്‍ പറയൂ ..ഇത് ന്യായമോ? അന്യായമോ?'- വീഡിയോ പങ്കുവച്ച് കൊണ്ട് അഷ്‌റഫ് താമരശേരി കുറിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങനെ ഒരു അനുഭവം താങ്കള്‍ക്ക് ഉണ്ടാകാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങള്‍ സഹിതം ഞങ്ങള്‍ക്ക് സ്വകാര്യ സന്ദേശം നല്‍കുക, ഞങ്ങള്‍ അത് ഉടനടി പരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ പോസ്റ്റിന് കമന്റായി കുറിച്ചു.
അതേസമയം, സമാനമായ അനുഭവങ്ങളെ കുറിച്ച് നിരവധി പേര്‍ കമന്റായി കുറിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പലരും കമന്റായി കുറിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങളില്‍ നിന്നാണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നും പ്രവാസികള്‍ വിദേശ വിമാനങ്ങളെ ആശ്രയിക്കണമെന്നാണ് പലരും കമന്റായി കുറിക്കുന്നത്. കൂടാതെ സര്‍ക്കാരും ഭരണകൂടവും പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
'പ്രവാസികളെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും ആര്‍ക്കും പറ്റും എന്ന് അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. ആരു ഭരിച്ചാലും ഈ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുകയും വേണ്ട, കാരണം പ്രവാസികള്‍ ഒരു വോട്ട് ബാങ്ക് അല്ല അത് മാത്രമല്ല പ്രവാസികള്‍ ഒറ്റക്കെട്ടും അല്ല പല പല പാര്‍ട്ടിയായി പലപല സംഘടനകള്‍ ആയി വിഭജിച്ചു കിടക്കുകയാണ്. പാര്‍ട്ടി ഏതായാലും സംഘടന ഏതായാലും പ്രവാസികളുടെ മൊത്തത്തിലുള്ള ഒരു കൂട്ടായ്മ അത് ഉണ്ടാവാത്തെടുത്തോളം പ്രവാസികള്‍ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും'- മൊയദീന്‍ എന്നയാള്‍ കമന്റായി കുറിച്ചു.












Click it and Unblock the Notifications