യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; അബുദാബിയിൽ 3 സുപ്രധാന റോഡുകളിലെ വേഗ പരിധി കുറയ്ക്കാൻ തീരുമാനം
അബുദാബി: ട്രാഫിക് സുരക്ഷ വർധിപ്പിച്ച് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, അബുദാബിയിലെ പ്രധാന റോഡുകളിൽ ഫെബ്രുവരി 9 മുതൽ വേഗപരിധി കുറയ്ക്കാൻ തീരുമാനം. ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയും അബുദാബി മൊബിലിറ്റിയും ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയതോടെയാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. പ്രധാന പാതകളിൽ സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
അബുദാബി-അൽ ഐൻ റോഡിൽ (ഇ22) അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബനി യാസ് ഇന്റർചേഞ്ച് വരെ ഇരുവശത്തേക്കും പരമാവധി വേഗത മണിക്കൂറിൽ 160കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്റർ ആയി കുറയും. തുടർന്ന്, ബനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്‌ജ് കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് വേഗപരിധി 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്റർ ആയി മാറും.

അൽ റൗദ റോഡിൽ (ഇ30) ഇരുദിശകളിലേക്കുമുള്ള പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്റർ ആയി കുറയ്ക്കും. റോഡ് സുരക്ഷ, ഗതാഗത ക്രമീകരണം, തിരക്കേറിയ പാതകളിലെ ഡ്രൈവിംഗ് സാഹചര്യം മെച്ചപ്പെടുത്തൽ എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ സാഹചര്യത്തിൽ നിയമ ലംഘനങ്ങളൊഴിവാക്കാൻ ഡ്രൈവർമാർ പുതിയ വേഗപരിധി പാലിക്കുകയും ബോർഡുകൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നത്. ഗുരുതര അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാനുമുള്ള അബുദാബിയുടെ ഗതാഗത സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണിത്.
അതേസമയം, റോഡപകടങ്ങൾ കുറയ്ക്കാൻ അധികാരികൾ ഗതാഗത സുരക്ഷാ നിയമങ്ങളിൽ മുൻപും പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അബുദാബി മൊബിലിറ്റി രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധി കുറച്ചു: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (ഇ11) 160 കിലോമീറ്റർ/മണിക്കൂറിൽ നിന്ന് 140 കിലോമീറ്റർ/മണിക്കൂറായും, അബുദാബി-സ്വൈഹാൻ റോഡിൽ (ഇ20) 120 കിലോമീറ്റർ/മണിക്കൂറിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂറായും ഇത് താഴ്ത്തിയിരുന്നു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (ഇ311) 120 കിലോമീറ്റർ/മണിക്കൂർ എന്ന കുറഞ്ഞ വേഗപരിധി അധികൃതർ ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഗതാഗതം സുഗമമാക്കാനും സുരക്ഷ കൂട്ടാനുമായിരുന്നു ഈ നീക്കം. ഇതുവഴി ഡ്രൈവർമാർക്ക് 120 കിലോമീറ്റർ/മണിക്കൂർ വേഗത നിർബന്ധമില്ലാതാവുകയും, നിയമലംഘനത്തിന് ഈടാക്കിയിരുന്ന 400 ദിർഹം പിഴ എടുത്തു കളയുകയും ചെയ്‌തിരുന്നു.
കൂടാതെ കഴിഞ്ഞ ഒക്ടോബർ മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 'വേരിയബിൾ സ്‌പീഡ് ലിമിറ്റ്' സംവിധാനം പ്രാബല്യത്തിൽ വന്നു. തിരക്ക്, അപകടങ്ങൾ, റോഡ് ജോലികൾ, കാലാവസ്ഥ തുടങ്ങിയ തത്സമയ സാഹചര്യങ്ങൾക്കനുസരിച്ച് വേഗപരിധി ക്രമീകരിക്കുന്ന സംവിധാനമാണിത്. സെൻസറുകളും ട്രാഫിക് ക്യാമറകളും വഴി ലഭിക്കുന്ന വിവരങ്ങളിലൂടെ ഇത് ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications