യുഎഇയിലെ സ്‌കൂൾ പ്രവേശന പ്രായപരിധിയിലെ മാറ്റം; ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകൾക്ക് ആശ്വാസം!
ദുബായ്: യുഎഇയിലെ സ്‌കൂൾ പ്രവേശന തീയതികളെക്കുറിച്ചുള്ള നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് കൊണ്ട് വന്ന പുതിയ പ്രായപരിധി പ്രഖ്യാപനം പല കുടുംബങ്ങൾക്കും ആശ്വാസമായിരുന്നു. എന്നാൽ ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം നിലവിലെ സ്ഥിതിയിൽ മാറ്റമൊന്നുമില്ലെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ ഇന്ത്യൻ കരിക്കുലം അനുസരിച്ച് മുന്നോട്ട് പോവുന്ന സ്‌കൂളുകളിൽ പഴയ സ്ഥിതി തന്നെ തുടർന്നേക്കും.
2026-27 അധ്യയന വർഷം മുതൽ സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ ജനിച്ച കുട്ടികൾക്ക് പ്രീ-കിൻഡർഗാർട്ടനിൽ നേരത്തെ പ്രവേശനം നേടാൻ പുതിയ നയം അനുവദിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ സ്‌കൂളുകൾ അവരുടെ പതിവ് ഏപ്രിൽ-മാർച്ച് അക്കാദമിക് കലണ്ടറും പ്രവേശന നിയമങ്ങളും മാറ്റമില്ലാതെ തുടരേണ്ടി വരുമെന്നാണ് വിവരം.

ഇന്ത്യൻ പാഠ്യപദ്ധതി സ്‌കൂളുകൾക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് അധികൃതർ രക്ഷിതാക്കൾക്ക് ഉറപ്പുനൽകിയിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ ഏപ്രിൽ മുതൽ മാർച്ച് വരെ നീളുന്ന അധ്യയന വർഷമാണ് പിന്തുടരുന്നത്, പ്രായപരിധി മാർച്ച് 31 ആയി തുടരും. പ്രായോഗികമായി, ഈ തീയതിക്ക് ശേഷം ജനിച്ച കുട്ടികൾ മുൻപത്തെപ്പോലെ അടുത്ത അധ്യയന വർഷത്തിൽ തന്നെ സ്‌കൂളിൽ ചേരുമെന്നാണ് ഇത് അർത്ഥമാക്കുന്നത്.
ഈ തീരുമാനം ബോധപൂർവമാണെന്നാണ് വിദഗ്‌ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ ഇന്ത്യയിലെ പ്രവേശന നിയമങ്ങളെ അതുപോലെ പിന്തുടരുന്നവയാണ്. പ്രായപരിധിയിൽ മാറ്റം വരുത്തുന്നത് ഗ്രേഡ് നിർണയം, ബോർഡ് മാനദണ്ഡങ്ങൾ, കൈമാറ്റങ്ങൾ എന്നിവയെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുകയും ആ രീതിയിൽ കഴിയുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ഇത് പ്രധാനപ്പെട്ടതാണ്.
അതുകൊണ്ട് തന്നെ ഇന്ത്യൻ കരിക്കുലം തുടരുന്ന സ്‌കൂളുകൾ നിലവിലുള്ള സമ്പ്രദായം നിലനിർത്തുന്നതിലൂടെ വ്യക്തതയും, സ്ഥിരതയും, സുഗമമായ മാറ്റങ്ങളും ഉറപ്പാക്കുന്നുവെന്നാണ് വിദഗ്‌ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. യുഎഇയുടെ വിശാലമായ സംവിധാനം വികസിക്കുമ്പോഴും മാതാപിതാക്കൾക്ക് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കുന്നു.
വിദേശത്തുനിന്നോ, സ്‌കൂളുകൾ തമ്മിലോ, അല്ലെങ്കിൽ വ്യത്യസ്‌ത പാഠ്യപദ്ധതികളിലേക്കോ ഉള്ള മാറ്റങ്ങൾക്ക്, കഴിഞ്ഞ അധ്യയന വർഷത്തിൽ വിജയകരമായി പൂർത്തിയാക്കിയ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശന ഗ്രേഡ് നിശ്ചയിക്കുക. കുട്ടിയുടെ പഠനം തടസപ്പെടാതിരിക്കാനും തുടർച്ച ഉറപ്പാക്കാനും സ്‌കൂളുകൾ അംഗീകൃത തുല്യതയും മൂല്യനിർണയ നടപടികളും പാലിക്കും.
നേരത്തെ 2026-2027 അക്കാദമിക് വർഷം മുതൽ കിന്റർഗാർട്ടൻ, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പ്രായപരിധി ഓഗസ്‌റ്റ് 31-ൽ നിന്ന് ഡിസംബർ 31-ലേക്ക് മാറ്റിയാണ് പുതിയ നയം ഉണ്ടാക്കിയത്. ഓഗസ്‌റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന എല്ലാ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും പുതുക്കിയ കട്ട്-ഓഫ് ബാധകമാണ്. അതിൽ നിന്നാണ് ഇന്ത്യൻ സ്‌കൂളുകളെ ഒഴിവാക്കിയിരിക്കുന്നത്.
യുഎഇയിലെ പുതുക്കിയ സ്‌കൂൾ പ്രായ കട്ട് ഓഫ് സെപ്റ്റംബറിൽ ജനിച്ച കുട്ടികൾക്ക് അന്താരാഷ്ട്ര കരിക്കുല സ്‌കൂളുകളിൽ ആദ്യ വർഷ പ്രവേശനം എളുപ്പമാക്കുമ്പോൾ, ഇന്ത്യൻ കരിക്കുലം സ്‌കൂളുകൾ സീനിയർ ബോർഡ് പരീക്ഷകളുടെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം ഭാവിയിൽ 10, 12 പ്രവേശന സമയത്ത് ഇന്ത്യൻ പ്രായ മാനദണ്ഡങ്ങൾ ആയിരിക്കും ബാധകമാവുക.












Click it and Unblock the Notifications