സ്വർണ വില കണ്ട് യുഎഇക്കാർ പതറിയില്ല: വാങ്ങലില്‍ വർധനവ്, ലാഭം കാണുന്നത് ഇങ്ങനെ
യുഎഇയിൽ ഇന്ന് സ്വർണത്തിന് എത്രയാണെന്നോ വില? കേട്ടാൽ കണ്ണ് തള്ളുമെന്ന കാര്യത്തിൽ തർക്കമില്ല. അതായത് 24 കാരറ്റ് ഒരു ഗ്രാമം സ്വർണത്തിന് വില 366.25 ദിർഹമാണ്,ഇന്ത്യൻ രൂപയിൽ നോക്കിയാൽ 8500 ന് മുകളിൽ. 22 കാരറ്റിന് 339 ദിർഹവും (ഇന്ത്യൻ രൂപ 7800 ദിർഹത്തിന് മുകളിൽ) 18 കാരറ്റിന് 278 ദിർഹവുമാണ്.
ദുബായിൽ കൊടുക്കുന്നതിനേക്കാൾ വില കൊടുക്കണം ഇങ്ങ് കേരളത്തിൽ. ഇവിടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 66,480 രൂപ. ഇതിനൊപ്പം പണിക്കൂലിയും ജി എസ് ടി യുമൊക്കെ വരുമ്പോൾ 70,000 കടക്കും. വില ഉയർന്നതോടെ ആളുകൾ സ്വർണം വാങ്ങാൻ മടിക്കുന്നുണ്ടെന്ന് ജ്വല്ലറി ഉടമകൾ സമ്മതിക്കുന്നു. ഇനി വരുന്നവർ തന്നെ വിവാഹ ആവശ്യങ്ങൾക്കാണ് കൂടുതലായി എത്തുന്നത്. അപ്പോഴും ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് പിന്നാലെയാണ് ആളുകളുടെ ഓട്ടം.

വില കൂടിയതോടെ ഗൾഫിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ ഇപ്പോൾ കളിമാറിയെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. സ്വർണപ്രേമികളെ കടയിലെത്തിക്കാനുള്ള പുതിയ തന്ത്രങ്ങൾ ഒരുപരിധി വരെ വിജയിച്ചുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പെരുന്നാൾ കച്ചവടമെല്ലാം ഇക്കുറി പൊടിപൊടിച്ചു. പണിക്കൂലി കുറച്ചും പെയ്മെന്റ് ഓഫറുകളുമെല്ലാം അവതരിപ്പിച്ചാണ് ജ്വല്ലറികൾ ആളുകളെ ആകർഷിക്കുന്നത്.
പക്ഷെ വാങ്ങലിൽ പുതിയ ട്രെന്റുകൾ ഉണ്ടെന്നതാണ് യുഎഇയിലെ ജ്വല്ലറി ഉടമകൾ പറയുന്നത്. പഴയ ആഭരണങ്ങൾ വിറ്റ് പുതിയത് വാങ്ങുന്നതിനോടാണത്രേ ആളുകൾക്ക് പ്രിയം. ഇന്നത്തെ സ്വർണത്തിന്റെ വില കിട്ടുമെന്നതും പണിക്കൂലി ഇല്ലെന്നതിനാൽ പുതിയത് വാങ്ങുമ്പോൾ വളരെ കുറച്ച് ചിലവ് മാത്രമേ വരൂവെന്നതാണ് പഴയ സ്വർണം വിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
സന്ദർശക വിസയിൽ എത്തുന്നവരും സ്വർണം വാങ്ങാൻ മടി കാണിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. മലയാളികൾ അടക്കമുള്ളവർ യുഎഇയില എത്തിയാൽ കുറഞ്ഞത് ഒരു പവൻ സ്വർണമെങ്കിലും വാങ്ങും. പരിശുദ്ധമായ സ്വർണം വിലക്കുറവിൽ ലഭിക്കുമെന്നതാണ് ഇതിന് കാരണം. മാത്രമല്ല വൈവിധ്യമാർന്ന ഡിസൈനുകളും ദുബായിൽ സുലഭമായി ലഭിക്കും. സ്വർണം വാങ്ങുന്നതിനായി ഗോൾഡ് സൂക്ക് ലക്ഷ്യം വെച്ചെത്തുന്ന സഞ്ചാരികളും ധാരാളമാണ്.
പണിക്കൂലിയെ പേടിച്ച് സ്വർണ ബിസ്കറ്റുകൾ വാങ്ങുന്നവരുും ഇക്കൂട്ടത്തിൽ ഉണ്ട്. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ഇവ വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. രൂപയുമായുള്ള വിനിമയിൽ നിരക്കിൽ ദിർഹം ഉയർന്ന് നിൽക്കുകയാണ്. അതിനാൽ യുഎഇയിൽ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് വരുമ്പോൾ സന്ദർശക വിസക്കാർക്ക് സ്വർണത്തിന്റെ നികുതി തിരികെ ലഭിക്കുമെന്നതും കൂടുതലായി വാങ്ങാൻ ഇവരെ പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പകിട്ട് കുറയില്ലെന്ന് വ്യാപാരികൾ ആവർത്തിക്കുന്നു. അതിനാൽ സ്വർണത്തിൽ നിക്ഷേപിക്കാൻ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications