സ്വര്‍ണം വില കൂടിയപ്പോള്‍ തന്ത്രം മാറ്റി യുഎഇ; പക്ഷേ, കേരളം എന്നേ തുടങ്ങിയ ഐഡിയ, കച്ചവടം കൂടും
ദുബായ്: സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കുതിക്കുമെന്ന് എല്ലാ സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ സ്വര്‍ണവില ഇനിയും ഉയരുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരണത്തിലുള്ള സ്വര്‍ണം 22 കാരറ്റ് ആണ്. ഇതിന് ഒരു പവന് 95200 രൂപയാണ് വില. നവംബറിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇതുതന്നെയാണ്.
സ്വര്‍ണം ആഗോളതലത്തില്‍ ഒരേ മൂല്യത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ വിലയും തുല്യമാണ്. കറന്‍സി മൂല്യത്തിന്റെ വ്യത്യാസത്തിന് അനുസരിച്ച് നേരിയ മാറ്റമുണ്ടാകുമെന്ന് മാത്രം. സ്വര്‍ണത്തിന്റെ കേന്ദ്രമെന്ന വിശേഷണമുള്ള ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇവിടെ വില കൂടിയ സാഹചര്യത്തില്‍ വില്‍പ്പന സജീവമാക്കാനും വിപണിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്.

യുഎഇയില്‍ സാധാരണ സ്വര്‍ണം നാല് തരത്തിലാണുള്ളത്. 24, 22, 21, 18 കാരറ്റുകളിലാണ് വ്യാപാരം. എന്നാല്‍ ഇപ്പോള്‍ 14 കാരറ്റ് കൂടി തുടങ്ങിയിരിക്കുകയാണ്. ആദ്യമായിട്ടാണ് യുഎഇയില്‍ ഈ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയിലെത്തുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പ് 14 കാരറ്റ് പരിചയപ്പെടുത്തിയത് വിപണിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
വില കുതിച്ചതോടെ ഉയര്‍ന്ന നിരക്കിലുള്ള സ്വര്‍ണം വാങ്ങാന്‍ ആളകള്‍ മടിക്കുകയാണ്. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവര്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ആഭരണത്തിന് ഇത്രയും ഉയര്‍ന്ന തുക ചെലവഴിക്കണമോ എന്ന ചോദ്യവും ഉപഭോക്താക്കള്‍ ഉന്നയിക്കുന്നു. അതുകൊണ്ടുതന്നെയാണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് അടുത്ത കാലത്തായി താല്‍പ്പര്യം ഏറിയിയിരിക്കുന്നത്.
14 കാരറ്റിന്റെ പുതിയ വില അറിയാം
14 കാരറ്റിന് മറ്റു കാരറ്റുകളിലെ സ്വര്‍ണത്തേക്കാള്‍ വില കുറവാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ കിട്ടുകയും ചെയ്യും. ആഭരണങ്ങള്‍ മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി പോലുള്ള ലോഹങ്ങളും ചേര്‍ന്നതായിരിക്കും 14 കാരറ്റിലെ ആഭരണം.
വാങ്ങുമ്പോള്‍ വില കുറവാണ് എന്നതു കൊണ്ടുതന്നെ വില്‍ക്കുന്ന വേളയിലും വില കുറവായിരിക്കും. പണിക്കൂലി കൂടുതലാണ് എന്നത് ഒരു വെല്ലുവിളിയാണ്. 22 കാരറ്റിന്റെ തിളക്കം പ്രതീക്ഷിക്കാനും പാടില്ല. എങ്കിലും താരതമ്യേന കുറഞ്ഞ വിലയില്‍ ആഭരണം അണിയാന്‍ പറ്റും. ദുബായില്‍ 24 കാരറ്റ് ഗ്രാമിന് 507.75 ദിര്‍ഹമാണ് ഏറ്റവും പുതിയ വില. 22 കാരറ്റിന് 470 ദിര്‍ഹം, 21 കാരറ്റിന് 450.75 ദിര്‍ഹം, 18 കാരറ്റിന് 386.25 ദിര്‍ഹം, 14 കാരറ്റിന് 301.25 ദിര്‍ഹം എന്നിങ്ങനെയാണ് വില.
ഈ സ്വര്‍ണം കേരളത്തില്‍ വളരെ നേരത്തെ നിലവിലുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. 14 മാത്രമല്ല, 9 കാരറ്റ് കൂടി കേരളത്തില്‍ കിട്ടും. 37 ശതമാനം മാത്രമായിരിക്കും ഒമ്പത് കാരറ്റ് ആഭരണങ്ങളിലെ സ്വര്‍ണത്തിന്റെ അംശം. അതുകൊണ്ടുതന്നെ യുഎഇയേക്കാള്‍ ഒരുപടി മുന്നിലാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ യാത്ര എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications