സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ വാങ്ങിക്കോളൂ, ഇല്ലെങ്കിൽ സംഭവിക്കുന്നത്..
യുഎഇയിൽ സ്വർണ വില വീണ്ടും ഉയർന്നു. രണ്ട് ദിർഹത്തിന്റെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് വില 387.75 ദിർഹമാണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.75 ദിർഹത്തിന്റെ വർധനവ്. 22 കാരറ്റനിന് 359.25 ദിർഹമാണ് വില. 21 കാരറ്റിന് 344.5 ദിർഹവും 18 കാരറ്റിന് 295.25 ദിർഹവും വില വരും.
ആഗോള വിപണിയിലെ വില വ്യതിയാനമാണ് ദുബായിലെ സ്വർണ വിലയേയും ബാധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 3220.47 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ദുബായിൽ സ്വർണ വില ഇനി എങ്ങോട്ട്?
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. മലയാളികൾ അടക്കമുള്ളവർ യുഎഇയിൽ നിന്നും ഒരു തരി പൊന്നെങ്കിലും വാങ്ങാൻ ശ്രമിക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, യുഎഇയിലെ സ്വർണത്തിന്റെ പരിശുദ്ധി തന്നെയാണ് പ്രധാനകാരണം. നികുതിയില്ലെന്നതും വൈവിധ്യമാർന്ന ഡിസൈനുകളിൽ ഇഷ്ടപ്പെട്ട ആഭരണങ്ങൾ സ്വന്തമാക്കാമെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്.
ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾ ദുബായിലെ സ്വർണവിപണിയിലും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ ഈ വർഷം ഇതുവരെ രാജ്യത്ത് സ്വർണ വിലയിൽ 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
വലിയ വർധനവിന് ശേഷം കഴിഞ്ഞ ആഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. 381.50 ദിർഹം ഉണ്ടായിരുന്ന വില 350 ദിർഹത്തിലേക്കാണ് വീണത്. എന്നാൽ വൈകാതെ തന്നെ വില വീണ്ടും 357 ദിർഹത്തിലെത്തി. വില വീണ് തുടങ്ങിയതോടെ പണിക്കൂലി ഒഴിവാക്കിക്കൊണ്ട് ഉൾപ്പെടെയുള്ള പല ഓഫറുകളും ജ്വല്ലറികൾ പ്രഖ്യാപിച്ചെങ്കിലും സ്വർണപ്രേമികൾ ജ്വല്ലറികളിലേക്ക് എത്തുന്നത് കുറവാണെന്ന് പറയുകയാണ് വ്യാപാരികൾ. വില 340 ദിർഹത്തിലെങ്കിലും എത്താതെ സ്വർണവിൽപ്പന ഉയരുന്നില്ലെന്ന് ഇവർ പറയുന്നു.
വിലക്കുറവിലേക്ക് നയിച്ചത്
റഷ്യ-യുക്രൈൻ ചർച്ചയാണ് ഒരു കാരണം. ഈസ്താംബൂളിൽ നടത്തിയ ചർച്ചയിൽ കാര്യമായ തീരുമാനങ്ങളുണ്ടായില്ലെങ്കിലും 1000 തടവുകാരെ പരസ്പരം കൈമാറാനുള്ള തീരുമാനം ഇരുരാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിസന്ധി അയഞ്ഞു. ഇത് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ ഡിമാന്റ് ഇടിയാൻ കാരണമായി.
അതേസമയം, യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ അയഞ്ഞതും ആഗോള വിപണിയിൽ ഉണർവ്വ് പകർന്നു. ഇതും സ്വർണത്തിന്റെ ഡിമാന്റ് കുറച്ചു.
ഈ വർഷം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ രണ്ടുതവണ മാത്രമേ കുറയ്ക്കൂവെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. ഇതും സ്വർണവിലയെ സ്വാധീനിക്കും.
അധികം പ്രതീക്ഷ പുലർത്തേണ്ട
മുകളിൽ പറഞ്ഞ ഘടകങ്ങൾ സ്വർണത്തിന്റെ വിലയിടിയാൻ കാരണമായെങ്കിലും ഈ കുറവ് തുടരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് പറയുകയാണ് ഒസിബിസി ബാഘ്ക് കറൻസി സ്ട്രാറ്റജിസ്റ്റ് ക്രിസ്റ്റഫർ വോങ്. ഇതിനോടകം തന്നെ സ്വർണ വിലയിൽ 20 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ചൈനയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയരുന്നുണ്ട്. മറ്റ് ആഗോള സാഹചര്യങ്ങൾ സ്വർണ ഇടിഎഫുകളിലുള്ള നിക്ഷേപവും വർധിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ വിലക്കുറവ് താത്കാലികം മാത്രമായിരിക്കുമെന്നാണ് വിപണി വിദഗ്ധർ ആവർത്തിക്കുന്നത്. ദുബായിലെ സ്വർണപ്രേമികൾ വില കുറയാനുള്ള കാത്തിരിപ്പിലാണ്.വരും ദിവസങ്ങളിൽ 3 മുതൽ 5 ദിർഹത്തിന്റെ വരെ ഇളവ് രേഖപ്പെടുത്തിയാൽ വമ്പൻ സമ്മർ ഓഫറുകൾ പ്രഖ്യാപിച്ച് ആളുകളെ ആകർഷിക്കാൻ ജ്വല്ലറികൾ ശ്രമിച്ചേക്കും.
യുഎഇയിലെ സ്വർണ വില
ആഗോളതലത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ദുബായിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 350 നും 362 ദിർഹത്തിനും ഇടയിലായിരിക്കുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ സ്വർണം വാങ്ങണം എന്ന് പ്ലാൻ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വാങ്ങുന്നതാകും നല്ലതെന്നാണ് വിപണി വിദഗ്ധർ ഉപദേശിക്കുന്നത്.












Click it and Unblock the Notifications