യുഎഇയുമായി ഇന്ത്യയുടെ പുതിയ കരാർ: അവർക്ക് ഇനി സുവർണ്ണകാലം, വന്‍ നേട്ടങ്ങള്‍
പരമ്പരാഗതമായി തന്നെ വളരെ അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു എ ഇയും. വളരെ ശക്തമായ വ്യാപാര ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്. അതോടൊപ്പം തന്നെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ യു എ ഇയില്‍ ജോലി ചെയ്യുകയും ചെയ്യുന്നു. വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളിലേക്കും അടുത്തിടെയായി എത്തിയിട്ടുണ്ട്.
ഇന്ത്യയും യു എ ഇയില്‍ തമ്മിൽ 2024 ഫെബ്രുവരി 13-ന് അബുദബിയിൽ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (BIT) ഇക്കഴിഞ്ഞ ഒഗസ്റ്റ് 31 പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇന്ത്യയും യു എ ഇയും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ ഉടമ്പടി (BIPPA) എന്ന പേരില്‍ ഒരു കാരാർ നേരത്തെ ഒപ്പിട്ടിരുന്നുവെങ്കിലും കരാർ ഈ വർഷം സെപ്റ്റംബർ 12-ന് കാലഹരണപ്പെട്ടിരുന്നു.

യു എ ഇയുമായുള്ള പുതിയ കരാറിലൂടെ നിക്ഷേപകർക്ക് കൂടുതല്‍ അവസരങ്ങളും സുരക്ഷയുമാണ് വാഗ്ദാനം ചെയ്യുന്നത്. 2000 ഏപ്രിൽ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 19 ബില്യൺ ഡോളറിൻ്റെ മൊത്ത നിക്ഷേപമാണ് ഇന്ത്യക്ക് യു എ ഇയില്‍ നിന്നും ലഭിച്ചത്. ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് ലഭിച്ച മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) 3% ശതമാനമാണ് ഇത്. ഇതിലൂടെ ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ എഴാം സ്ഥാനത്ത് വരുന്നു.
2000 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ യു എ ഇയിലെ മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപത്തിൻ്റെ 5 ശതമാനാണ് ഇന്ത്യയുടെ സംഭാവന. അതായത് ഇക്കാലയളവില്‍ 15.26 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യക്കാർ യു എ ഇയില്‍ നടത്തി. എന്നാല്‍ പുതിയ കരാർ വരുന്നതിലൂടെ ഈ കണക്കുകളില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ കരാർ പ്രകാരം മദ്ധ്യസ്ഥത വഴി തർക്ക പരിഹാരത്തിനായി ഒരു സ്വതന്ത്ര വേദി, ലളിതമായ നടപടിക്രമങ്ങള്‍, വിവേചനരാഹിത്യം എന്നിവ നിക്ഷേപകർക്ക് ഉറപ്പ് നല്‍കുന്നു. ഈ വ്യവസ്ഥകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നിക്ഷേപകർക്കും അവരുടെ നിക്ഷേപത്തിനും പരിരക്ഷയും നൽകുമ്പോൾ തന്നെ രാജ്യങ്ങളുടെ നയങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നു.
പുതിയ കരാറിലൂടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുകയും വ്യാപാര നിക്ഷേപ ബന്ധം കൂടുതൽ കരുത്തുറ്റതും നൈസർഗ്ഗികവുമായി മാറുകയും ചെയ്യുന്നു.. ഉഭയകക്ഷി നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും പ്രയോജനം നേടുന്നതിനും കരാർ വഴി ഒരുക്കുന്നുവെന്നും കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കുന്നു.
നികുതി, പ്രാദേശിക സർക്കാർ, സർക്കാർ സംഭരണം, സബ്‌സിഡികൾ അല്ലെങ്കിൽ ഗ്രാൻ്റുകൾ, നിർബന്ധിത ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ അടക്കം പുതിയ കരാറിന് കീഴില്‍ വരുന്നു. അതോടൊപ്പം തന്നെ അഴിമതി, വഞ്ചന, റൗണ്ട് ട്രിപ്പിംഗ് തുടങ്ങിയവയിൽ നിക്ഷേപം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിക്ഷേപകന് യാതൊരു പരിരക്ഷയും ഇല്ലെന്നും കരാർ വ്യക്തമാക്കുന്നു.
മൂന്നു വർഷ പരിധിയിൽ, പ്രാദേശിക തർക്ക പരിഹാരങ്ങൾ നിർബന്ധമായും മദ്ധ്യസ്ഥമാർഗ്ഗത്തിൽ തീർപ്പാക്കുന്നതിനായി നിക്ഷേപക-സർക്കാർ തർക്ക പരിഹാര സംവിധാനവും കരാറിന്റെ ഭാഗമായി നിലവില്‍ വരും. നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം തന്നെ സുതാര്യത, നഷ്ടപരിഹാരം എന്നിവയും കരാറിലൂടെ സാധ്യമാക്കുന്നു.












Click it and Unblock the Notifications