കുവൈത്തില്‍ പുതിയ മന്ത്രിസഭ; പുതിയ അമീറിന് കീഴില്‍ ആദ്യമാറ്റം... പൊതു അവധി കൂടെ അറിയാം
കുവൈറ്റ് സിറ്റി: കുവൈത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അല്‍ സലീം അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍. പുതിയ അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ സബാഹ് അധികാരമേറ്റ ശേഷം നിലവില്‍ വരുന്ന ആദ്യ സര്‍ക്കാരാണിത്. പുതിയ മന്ത്രിമാരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.
ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈത്ത് ദിനാര്‍ ആണ്. കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗമാകട്ടെ എണ്ണയും. രാജ്യത്തെ സുസ്ഥിര വികസനത്തില്‍ മുഖ്യപങ്ക്് എണ്ണ വരുമാനത്തിനുണ്ട്. ഒപെക് കൂട്ടായ്മയില്‍ പ്രധാന അംഗം കൂടിയാണ് കുവൈത്ത്. കുവൈത്തിന്റെ പുതിയ എണ്ണ വകുപ്പ് മന്ത്രി ഇമാദ് മുഹമ്മദ് അല്‍ ആതിഖിയാണ്.

അന്‍വര്‍ അലി അല്‍ മുദഫ് ആണ് കുവൈത്തിന്റെ പുതിയ ധനമന്ത്രി. വിദേശകാര്യ മന്ത്രിയായി അബ്ദുല്ല അലി അല്‍ യഹ്‌യ ചുമതലയേറ്റു. നേരത്തെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് ആയിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം അന്തരിച്ചത്. തുടര്‍ന്നാണ് ശൈഖ് മിശ്അല്‍ പുതിയ അമീറായി ചുമതലയേറ്റതും പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതും.
ജിസിസി-അറബ് രാജ്യങ്ങളുടെ ഐക്യത്തിന് വേണ്ടി എല്ലാ കാലത്തും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. മുന്‍ ഭരണാധികാരികളുടെ പാത പിന്തുടര്‍ന്ന് ശൈഖ് മിശ്അലും ഐക്യത്തിന് പ്രാധാന്യം നല്‍കുമെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങളോട് അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, സൗദി അറേബ്യയുമായുള്ള ഐക്യത്തിന് മുന്തിയ പരിഗണനയും ശൈഖ് മിശ്അല്‍ നല്‍കുന്നു.
കുവൈത്ത് അമീര്‍ ആണ് സര്‍ക്കാരിനെ നിയോഗിക്കുന്നത്. പ്രധാനമന്ത്രിയെ അമീര്‍ നിശ്ചയിക്കുകയാണ് ചെയ്യുക. പിന്നീട് കൂടിയാലോചനകള്‍ക്ക് ശേഷം മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കും. അതേസമയം, തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ നിശ്ചയിക്കുന്ന പാര്‍ലമെന്റ് കുവൈത്തിലുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരും പാര്‍ലമെന്റും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് കാരണം പലപ്പോഴും സര്‍ക്കാരുകളെ പിരിച്ചുവിടേണ്ടി വരാറുണ്ട്.
അതേസമയം, കുവൈത്തിലെ അടുത്ത മാസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട് വ്യാഴാഴ്ച ഇസ്‌റാഅ് മിഅ്‌റാജ് ആഘോഷവുമായി ബന്ധപ്പെട്ട അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ മൂന്ന് ദിവസം ഓഫീസുകള്‍ തുറക്കില്ല. പ്രവാചകന്‍ മുഹമ്മദ് നബി ആകാശ ആരോഹണം നടത്തിയതുമായി ബന്ധപ്പെട്ട ആഘോഷമാണ് ഇസ്‌റാഅ് മിഅ്‌റാജ്.












Click it and Unblock the Notifications