മുകേഷ് അംബാനിയെ വിളിച്ച് ഷെയ്ഖ് തമീം അൽ താനി: ട്രംപുമായി ഖത്തറില്‍ കൂടിക്കാഴ്ച
ദോഹ: ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഖത്തറില്‍ വെച്ചായിരുന്ന കൂടിക്കാഴ്ച. ഇതിനായി മുകേഷ് അംബാനി കഴിഞ്ഞ ദിവസം ദോഹയിലേക്ക് പുറപ്പെട്ടു. ട്രംപ് രണ്ടാമതും പ്രസിഡന്റ് ആയിതിന് ശേഷം ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ട്രംപിനായി ലുസൈൽ പാലസിൽ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഡിന്നറിൽ അംബാനിയും പങ്കെടുത്തേക്കും.
മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും ജനുവരിയിൽ ട്രംപിന്റെ സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ, സ്ഥാനാരോഹണത്തിന് തലേദിവസം നടന്ന സ്വകാര്യ ഡിന്നറിറിലും ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി അവർ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാർച്ചില്‍ നടന്ന അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളിൽ ട്രംപിന്റെ മകൾ ഇവാൻക, ഭർത്താവ് ജാരെഡ് കുഷ്നർ, മകൾ അറബെല്ല റോസ് എന്നിവരും പങ്കെടുത്തിരുന്നു.

അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് ഖത്തറുമായി ശക്തമായ ബിസിനസ് ബന്ധമുണ്ട്. ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (QIA) റിലയൻസിന്റെ റീട്ടെയിൽ വെഞ്ചറിൽ ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ, ഗൂഗിൾ, മെറ്റ തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാരുമായും റിലയൻസിന് സഹകരണമുണ്ട്. എന്നിരുന്നാലും, ഈ സന്ദർശനത്തിൽ ഔപചാരികമായ ബിസിനസ് ചർച്ചകൾ നടക്കാൻ സാധ്യതയില്ലെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അംബാനിയുടെ സന്ദർശനത്തിൽ ട്രംപിന്റെയും ഖത്തർ ഭരണകൂടത്തിന്റെയും അടുത്ത സുഹൃത്തായ ഒരു ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ വ്യവസായിയും പങ്കെടുക്കുന്നതായി വിവരമുണ്ട്. എന്നാൽ, ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ കൂടിക്കാഴ്ച റിലയൻസിന്റെ ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായും വിലയിരുത്തപ്പെടുന്നു.
അതേസമയം, ട്രംപ് തന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് ഖത്തറിലെത്തുന്നത്, സൗദി അറേബ്യ സന്ദർശിച്ചതിന് ശേഷം ഖത്തറിലെത്തിയ അദ്ദേഹം യു എ ഇയും സന്ദശിച്ചതിന് ശേഷമായിരിക്കും മടങ്ങുക. ഖത്തർ സന്ദർശനത്തിനിടെ, ഖത്തർ എയർവേയ്‌സിന് 210 ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള 96 ബില്യൺ ഡോളറിന്റെ കരാറും പ്രഖ്യാപിക്കപ്പെട്ടു. ഇത് യുഎസ്-ഖത്തർ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു
യുഎസും ഖത്തറും തമ്മില്‍ 243.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക കരാറിലും ഇരു രാഷ്ട്ര നേതാക്കളും ഒപ്പുവെച്ചു. ഈ കരാറിലൂടെ 1.2 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക വിനിമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കരാറുകൾ അമേരിക്കയുടെ നിർമ്മാണം, സാങ്കേതിക നേതൃത്വം, തൊഴിൽ സൃഷ്ടി എന്നിവയെ ശക്തിപ്പെടുത്തുകയും പുതിയ സുവർണ യുഗത്തിലേക്ക്"അമേരിക്കയെ നയിക്കുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സൗദി അറേബ്യയിൽ ഡൊണാൾഡ് ട്രംപ് 600 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറും 142 ബില്യൺ ഡോളറിന്റെ പ്രതിരോധ വിൽപ്പന കരാറും ഒപ്പുവെച്ചിരുന്നു. റിയാദിൽ നടന്ന യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി (എംബിഎസ്) നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നാഴികക്കല്ലായ കരാറുകൾ പ്രഖ്യാപിച്ചത്. ഈ കരാറുകൾ യുഎസും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും, സൗദിയുടെ വിഷൻ 2030 പദ്ധതിയുമായി ചേർന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിടുന്നു. 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ സഹകരണ കരാറായി വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു.












Click it and Unblock the Notifications