ഒമാനില്‍ മഴക്ക് ശമനം, ജാഗ്രത തുടരാന്‍ നിര്‍ദേശം; മുന്നറിയിപ്പ് ലംഘിച്ചവര്‍ അറസ്റ്റില്‍
മസ്‌ക്കത്ത്: ഒമാനില്‍ ഇന്നലെ മുതല്‍ പെയ്യുന്ന മഴ ഇന്ന് കുറഞ്ഞു. ന്യൂനമര്‍ദ്ദം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നും ഗവര്‍ണറേറ്റുകളിലെ സബ്കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് യൂണിറ്റുകള്‍ സജീവമാക്കുന്നത് അവസാനിപ്പിച്ചതായും എമര്‍ജന്‍സി സിറ്റുവേഷന്‍ മാനേജ്മെന്റ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. പലയിടത്തും ദുരന്തനിവാരണ സേന സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് തുടരുകയാണ്.
ഇന്നലെ രാവിലെയോടെയാണ് ഒമാനിലുടനീളം മഴ പെയ്യാന്‍ തുടങ്ങിയത്. രാത്രി വൈകി വരെ മഴ തുടര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തി വെച്ചിരിക്കുകയാണ്. അല്‍ ബുറൈമി, അല്‍ ദഹിറ, മുസന്തം, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബത്തിനയുടെ ചില ഭാഗങ്ങള്‍, മസ്‌ക്കത്ത്, അല്‍ വുസ്ത എന്നീ ഗവര്‍ണറേറ്റുകളില്‍ ഭേദപ്പെട്ട മഴയാണ് ലഭിച്ചത് എന്നാണ് വിവരം.

അതേസമയം ശക്തമായ മഴ പെയ്ത ദോഫാര്‍ ഗവര്‍ണറേറ്റില്‍ പലയിടത്ത് നിന്നും വെള്ളം ഒഴിഞ്ഞ് പോയിട്ടില്ല. അതിനിടെ പൊലീസ് കമാന്‍ഡ് മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് താഴ്വരകള്‍ മുറിച്ചുകടന്നതിന് ഒരു കൂട്ടം ആളുകളെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയിലെ മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലും രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദോഫാര്‍ ഗവര്‍ണറേറ്റിലെ സദാ വിലായത്ത് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളും മിതമായ തോതില്‍ മഴയ്ക്ക് സാക്ഷ്യം വഹിച്ചു. നസ് മേഖലയിലാണ് മഴ കേന്ദ്രീകരിച്ചത്. ഇത് മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും കാരണമായി. അതേസമയം മഴ ദുര്‍ബലമായെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുത് എന്ന് സദാ ഗവര്‍ണര്‍ പറഞ്ഞു. മഴയും ഇടിമിന്നലുമുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും താഴ്വരകള്‍ മുറിച്ചുകടക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കടലില്‍ പോകരുതെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏത് നാശനഷ്ടങ്ങളും നേരിടാന്‍ സംസ്ഥാനത്തെ എല്ലാ സേവന മേഖലകളും സജ്ജമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കുന്ന ബുള്ളറ്റിനുകളും അലേര്‍ട്ടുകളും പിന്തുടരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിനിടെ രാഖ്യുതില്‍ ഇപ്പോഴും മഴ തുടരുകയാണ്.
സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയിട്ടുണ്ട്. ഒമാനും യുഎഇയും കൂടാതെ പല ജിസിസി രാജ്യങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ഖത്തറിലും സൗദി അറേബ്യയിലെ ചില ഭാഗങ്ങളിലും കഴിഞ്ഞ രാത്രി മഴ പെയ്തിരുന്നു.












Click it and Unblock the Notifications