പ്രവാസികള്‍ക്ക് തിരിച്ചടി, ഒമാനില്‍ ആദായി നികുതി വരുന്നു; പ്രവാസികള്‍ക്കും ബാധകമാകും
മസ്‌കത്ത്: ഒമാനില്‍ ഉയര്‍ന്ന പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി വരുന്നു. ഇതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ശര്‍ഖി. 2500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്കാണ് ആദായനികുതി ബാധകമാകുക.
ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29ലധികം ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അല്‍ ശര്‍ഖി അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നികുതി ബാധകമാകും. അതേസമയം പ്രവാസികള്‍ക്കാണ് ഇത് ഏറ്റവും തിരിച്ചടിയാവുക.

ലഭിക്കുന്ന വരുമാനം മുഴുവനായും ഇത്രയും കാലം നാട്ടിലേക്ക് അയക്കാന്‍ സാധിക്കുമായിരുന്നു. ആദായനികുതി അതിന് ബാധകമല്ലായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ശമ്പളത്തിന്റെ ഒരു ഭാഗം ഒമാനില്‍ തന്നെ നല്‍കേണ്ടി വരും.
അതേസമയം 2500 റിയാലിന് താഴെ ശമ്പളമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കും. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായനികുതി സ്വീകരിക്കുന്നതിനുള്ള അവസാന നിയമനിര്‍മാണ ഘട്ടത്തിലാണ് ഒമാന്‍. ജൂണില്‍ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന് ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ചിരുന്നു.
സ്റ്റേറ്റ് കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരും. അതേസമയം തീരുമാനം നടപ്പിലായാല്‍ ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്റെ തീരുമാനം കാരണമായേക്കും.
സാമൂഹിക വികസന പദ്ധതികള്‍ക്കായി ഈ തീരുമാനം സര്‍ക്കാരിന് അധിക വരുമാന സ്രോതസ്സ് നല്‍കും. നമ്മുടെ രാജ്യം ഇപ്പോഴും അതിന്റെ വരുമാനത്തിന്റെ 70 ശതമാനം എണ്ണയില്‍ നിന്നാണ് കണ്ടെത്തുന്നത്. അതിനാല്‍ വരുമാനത്തിനായുള്ള ഈ അധിക സ്രോതസ്സുകളിലേക്ക് നാം നോക്കണമെന്ന് അല്‍ ഷര്‍ഖി പറഞ്ഞു. ആദായ നികുതി നിയമത്തിന്റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ പഠനം പൂര്‍ത്തിയാക്കിയതായും അഹമ്മദ് അല്‍ ഷര്‍ഖി പറഞ്ഞു.
മലയാളികള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ നികുതിയുടെ പരിധിയില്‍ വരും. എത്ര ശതമാനമാകും നികുതി ഈടാക്കുക എന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ അധികൃതര്‍ വ്യക്തത വരുത്തും.
അതേസമയം അധികമായി ലബിക്കുന്ന നികുതി വികസന പദ്ധതികളും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുമായി ഉപയോഗിക്കുമെന്ന് ഖത്തര്‍ അറിയിച്ചു.












Click it and Unblock the Notifications