Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ കേരളത്തിന്റെ മൂന്നിലൊന്ന് പോലുമില്ല: പക്ഷെ സൗദിയേക്കാളും വലിയ ലോക മധ്യസ്ഥന്‍; എങ്ങനെ

സമീപകാലത്തായി പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിർണ്ണായക സ്വാധീന ശക്തിയായി ഉയർന്ന് വരുന്ന രാഷ്ട്രമാണ് ഖത്തർ. താലിബാന്‍ വിഷയം ആയാലും ഇസ്രായേല്‍-ഇറാന്‍ പ്രശ്നം ആയാലും പല നിർണ്ണായക ചർച്ചകള്‍ക്കും ഖത്തർ വേദിയാകുന്നു. അത്തരമൊരു നീക്കത്തന് കഴിഞ്ഞ ആഴ്ചയയും ഖത്തർ സാക്ഷ്യം വഹിച്ചു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മോസാദിന്റെ മേധാവി ഡേവിഡ് ബർനിയ ഖത്തറിലെത്തിയത് ഗാസയിലെ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമമായിട്ടാണെന്ന വിലയിരുത്തല്‍ ശക്തമാണ്. പിന്നാലെ ഹമാസ് വെടിനിർത്തലിന് തയ്യാറായെന്ന വാർത്തയും പുറത്ത് വന്നു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഈജിപ്തിനൊപ്പം ഖത്തറും പ്രധാന മധ്യസ്ഥ സ്ഥാനം വഹിക്കുന്നു. ഇസ്രായാലിന്റേയും പാലസ്തീന്റേയും അയല്‍രാജ്യം എന്ന നിലയില്‍ ഈജിപ്ത് കാലങ്ങളായി തന്നെ വിഷയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും ഖത്തറിന് ഈ വിഷയത്തില്‍ എന്താണ് ഇത്ര താല്‍പര്യമെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും സ്വാഭാവികമായും ഉയർന്ന് വരാം. നയതന്ത്ര രംഗത്ത് ഖത്തർ സ്വീകരിച്ച് വരുന്ന പുതിയ പ്രവണതയുടെ ഭാഗം എന്ന നിലയിലാണ് ഇതിനേയും നയതന്ത്ര രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

qatar-port-

താലിബാനുമായുള്ള രഹസ്യ ചർച്ചകൾ മുതൽ അമേരിക്കയ്ക്കും ഇറാനും ഇടയിലെ രഹസ്യ ഒത്തുതീർപ്പുകൾ വരെ ജി സി സിയിലെ ഈ ചെറിയ ഗൾഫ് രാഷ്ട്രം ഇന്ന് ലോകത്തിലെ തന്നെ പ്രധാന മധ്യസ്ഥനായി മാറി കഴിഞ്ഞു. വലിയ പ്രാധാന്യമൊന്നും ഇല്ലാതെ കിടന്ന ഈ അറബ് രാജ്യത്തെ ഈ നിലയില്‍ മാറ്റിയെടുത്തതില്‍ ഖത്തറിന്റെ ഭരണാധികള്‍ക്ക് വലിയ പങ്കുണ്ട്.

സൗദി അറേബ്യയുടെ മതപരമായ പ്രാധാന്യമോ ഈജിപ്തിന്റെ സാംസ്കാരിക ശക്തിയോ ഇല്ലാതിരുന്ന ഖത്തർ, 1971-ൽ സ്വാതന്ത്ര്യം നേടിയ ശേഷവും ഒരു യാഥാസ്ഥിതിക, രാജവംശത്തിന് കീഴിലായിരുന്നു ആദ്യ കാലങ്ങളില്‍ മുന്നോട്ട് പോയത്. എന്നാല്‍ 1990-കളിൽ സ്ഥിതി മാറി. ആദ്യം വന്നത് വാതക വിപ്ലവമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത് ഖത്തറിന് സമ്പത്തിനൊപ്പം സ്വാധീനവും നൽകി.

യഥാർത്ഥത്തില്‍ 1995-ലെ ഒരു രാജകീയ കലാപത്തിൽ നിന്നാണ് ഖത്തർ ലോകത്തിന്റെ ശ്രദ്ധയാകർശിക്കുന്നത്. നിലവിലെ അമീറിന്റെ പിതാവായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി തന്റെ പിതാവിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത്. ഇതാണ് യഥാർത്ഥത്തില്‍ രാജ്യത്തിന്റെ തിലകക്കുറി മാറ്റിയെഴുതിയത്. 1996-ൽ അൽ ജസീറ എന്ന മാധ്യമ സ്ഥാപനം ആരംഭിച്ചതോടെ ഖത്തറിന് പറയാനുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചു. അറബ് ലോകത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ സമൂലമായ തരത്തില്‍ മാറ്റി മറിക്കാന്‍ അല്‍ജസീറക്ക് സാധിച്ചു. അതൊടൊപ്പം തന്നെ പശ്ചാത്യ അജണ്ടകളെ പൊളിച്ചെഴുതാനോ അവർ മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ മറുപുറം ഉയർത്തിക്കാട്ടാനോ അല്‍ജസീറയിലൂടെ ഖത്തറിന് സാധിച്ചു.

അറബ് രാഷ്ട്രമാണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പൂർണ്ണ പക്ഷം പിടിക്കലിന് ഖത്തർ ഇതുവരെ തയ്യാറായിട്ടില്ല. പാലസ്തീന്‍ വിഷയം തന്നെ ഇതിന് ഉദാഹരണമാണ്. അതുകൊണ്ട് തന്നെയാണ് താലിബാനിനും ഹാമാസിനും ഇസ്രായേലിനും അമേരിക്കയ്ക്കും ഇടയില്‍ ഒരേസമയം ബന്ധം വളർത്താന്‍ ഖത്തറിന് സാധിച്ചത്. ഈ നിഷ്പക്ഷത ചിലർക്ക് പ്രായോഗികതയായി തോന്നുമ്പോള്‍ തന്നെ മറ്റുചിലർക്ക് അത് ഇരട്ടത്താപ്പാണെന്ന് തോന്നുന്നതും സ്വാഭാവികമാണ്.

2008-ൽ ലെബനനിലെ 18 മാസത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ നിർണ്ണായക പങ്ക് വഹിച്ചതും ഖത്തറാണ്. 2012-ലെ സിറിയന്‍ വിഷയത്തിലെ ഇടപെടല്‍, 2020-ൽ യു.എസ്-താലിബാൻ സമാധാന കരാർ, ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ, യു.എസ്.-വെനസ്വേല തടവുകാരുടെ കൈമാറ്റം, റഷ്യയിൽ നിന്ന് യുക്രൈൻ കുട്ടികളെ തിരികെ കൊണ്ടുവരൽ, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ-റുവാണ്ട നേതാക്കളെ വാഷിംഗ്ടണിൽ ഒരു സമാധാന കരാറിനായി ഒരുമിച്ച് കൊണ്ടുവന്നത് തുടങ്ങിയ നിരവധി അന്താരാഷ്ട്ര പ്രശ്ന പരിഹാരങ്ങള്‍ക്ക് ഖത്തർ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി.

മറ്റ് ഗൾഫ് രാജവംശങ്ങളിൽ നിന്ന് വ്യത്യസ്തമായി, സൗദി നയിച്ച യെമൻ യുദ്ധം പോലുള്ള സൈനിക നടപടികളില്‍ പങ്കെടുക്കാതെ, ഖത്തർ ചർച്ചകൾക്ക് വേദിയൊരുക്കാൻ തയ്യാറായി. ഇതിന് ഇടയില്‍ തന്നെയാണ് 2003-ലെ ഖത്തർ ഭരണഘടനയിൽ "അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക" എന്നതാണ് വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് പ്രഖ്യാപിച്ചു.

ഭൂമിശാസ്ത്രപരമായ സ്ഥാനവും ഖത്തറിനെ ഏറെ സഹായിച്ചിട്ടുണ്ട്. സൗദി അറേബ്യയ്ക്കും ഇറാനും ഇടയിൽ, അസ്ഥിരമായ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖത്തറിന് നയതന്ത്രം ഒരു അതിജീവന തന്ത്രം കൂടിയായിരുന്നു. തീവ്രവാദത്തിന് ധനസഹായം നൽകുന്നുവെന്നും ഇറാനുമായി അടുക്കുന്നുവെന്നും ആരോപിച്ച് 2017-ൽ സൗദിയും യുഎഇയും അടങ്ങുന്ന രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതായിരുന്നു രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഉപരോധത്തെ ശക്തമായി നേരിട്ട ഖത്തർ പുതിയ സഖ്യങ്ങൾ രൂപീകരിച്ച് കൂടുതൽ കരുത്തരായി മാറുന്നതാണ് കാണാന്‍ സാധിച്ചത്.

450 ബില്യൺ ഡോളറിന്റെ സോവറിൻ വെൽത്ത് ഫണ്ടും ലോകത്തിലെ മൂന്നാമത്തെ വലിയ പ്രകൃതിവാതക ശേഖരവും ഖത്തറിന്റെ സ്വാധീനം വർധിപ്പിച്ചു. ആഗോള ഉച്ചകോടികൾ സ്പോൺസർ ചെയ്തും പാശ്ചാത്യ തലസ്ഥാനങ്ങളിൽ നിക്ഷേപിച്ചും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചും ഖത്തർ കൂടുതല്‍ ശ്രദ്ധ നേടി. 2022 ഫിഫ ലോകകപ്പ് ആതിഥേയത്വം ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ്.

ജൂലൈ വരെ, ഖത്തർ ഒരേസമയം പത്ത് മധ്യസ്ഥ ചർച്ചകൾ നടത്തുന്നുണ്ട്. ഇതിന്റെ മുഖ്യ സംഘാടകനാണ് ഖത്തറിന്റെ സ്റ്റേറ്റ് മിനിസ്റ്ററും മുഖ്യ മധ്യസ്ഥനുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഖുലൈഫി. "എവിടെ ഒരു സംഘർഷമുണ്ടോ, അവിടെ ഞങ്ങളെ കാണാം," എന്നാണ് അദ്ദേഹം അടുത്തിടെ ഗാർഡിയനോട് പറഞ്ഞിരിക്കുന്നത്.

അതേസമയം അൽ ഉദൈദ് എയർ ബേസ് പോലുള്ള അമേരിക്കയുമായുള്ള അടുത്ത ബന്ധം പലപ്പോഴും ഖത്തറിന് വെല്ലുവിളിയായും മാറുന്നുണ്ട്. യുഎസ് പിന്തുണ ഖത്തറിന് തന്ത്രപരമായ സംരക്ഷണം നൽകുമെങ്കിലും ഇത് ഒരു ബാധ്യതയായി മാറുമെന്ന വിലയിരുത്തലും ശക്തമാണ്. അടുത്തിടെയുണ്ടായ യുഎസ്, ഇറാൻ, ഇസ്രായേൽ സംഘർഷത്തിന് ഇടയില്‍ ഇറാൻ അൽ ഉദൈദ് എയർ ബേസിന് നേരെ ആക്രമണം നടത്തിയിരുന്നു. ആധുനിക കാലത്ത് ഖത്തർ മണ്ണിലെ ആദ്യ നേരിട്ടുള്ള സൈനിക ആക്രമണമായിരുന്നു ഇത്.

ഖത്തർ തങ്ങളുടെ വ്യോമമേഖല അടച്ച് പ്രതിരോധം ശക്തമാക്കി. ഇറാന്‍ അയച്ച 14 മിസൈലുകളിൽ 13 എണ്ണം തടയാന്‍ അവർക്ക് സാധിച്ചു. ഒരെണ്ണം മാത്രം നിലത്ത് വീണെങ്കിലും യാതൊരു നാശനഷ്ടവും ഉണ്ടായില്ല. ഖത്തർ ആക്രമണത്തെ അപലപിച്ചെങ്കിലും ഇറാന്റെ പ്രതീകാത്മക വിജയത്തിന്റെ ആവശ്യത്തെ മനസ്സിലാക്കി ഖത്തർ ഇതിനോട് പ്രതികരിക്കാന്‍ നിന്നില്ല. അവിടെ ഖത്തർ സ്വീകരിച്ച നയതന്ത്രം ശ്രദ്ധിക്കപ്പെട്ടു. നിമിഷങ്ങൾക്കകം, ട്രംപ് ഖത്തർ ഭരണാധികളുമായി ഫോണില്‍ ബന്ധപ്പെടുകയും വെടിനിർത്തലിലേക്ക് എത്തുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+