ഖത്തര്‍ ലക്ഷ്യം കാണുന്നു; മുന്നിലുള്ളവരില്‍ ഇന്ത്യക്കാരും... 2022നെ മറികടന്ന് കുതിപ്പ്
ദോഹ: ഉപരോധ കാലത്ത് കരുത്ത് തെളിയിച്ച രാജ്യമാണ് ഖത്തര്‍. ചുറ്റുമുള്ള പ്രബല ശക്തികള്‍ ഒറ്റപ്പെടുത്താന്‍ നോക്കിയെങ്കിലും വീഴാതെ പിടിച്ചുനിന്നു. പിന്നീട് അതിവേഗമയിരുന്നു ഖത്തറിന്റെ വളര്‍ച്ച. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായതു കൊണ്ടുതന്നെ ഖത്തറിന് എത്തിപ്പിടിക്കാന്‍ പറ്റുന്ന ഉയരങ്ങള്‍ നിരവധിയാണ്. മുന്നേറ്റ യാത്രയില്‍ വലിയ ലക്ഷ്യം നേടിയിരിക്കുകയാണ് ഈ കൊച്ചുരാജ്യം.
കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായത് ഖത്തറായിരുന്നു. ഖത്തറിന് അത് സാധിക്കുമോ എന്ന് ചോദിച്ചവര്‍ക്ക് മല്‍സരങ്ങള്‍ തടസം കൂടാതെ നടത്തി കാണിച്ചുകൊടുത്തായിരുന്നു മറുപടി. 20000 കോടി ഡോളറാണ് സ്‌റ്റേഡിയങ്ങള്‍ക്കും മറ്റു പശ്ചാത്തല സൗകര്യ വികസനത്തിനുമായി ഖത്തര്‍ ഉപയോഗിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. അന്ന് മുടക്കിയ പണം വെറുതെയായില്ലെന്ന് പുതിയ വിവരങ്ങള്‍ ശരിവെക്കുന്നു.

ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കുമ്പോള്‍ ഖത്തറിന്റെ ലക്ഷ്യം അതുവഴി വന്നുചേരാന്‍ സാധ്യതയുള്ള ടൂറിസ്റ്റുകളായിരുന്നു. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം ഖത്തര്‍ നേടുകയാണിപ്പോള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഖത്തറിലേക്ക് എത്തിയ സന്ദര്‍ശകരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു.
ആഗസ്റ്റ് 25 വരെയുള്ള കണക്ക് പ്രകാരം 25.6 ലക്ഷം വിദേശികളാണ് ഖത്തറില്‍ വന്നത്. ആദ്യ എട്ട് മാസം കൊണ്ട് തന്നെ 2022ല്‍ മൊത്തമായി വന്ന സന്ദര്‍ശകരുടെ എണ്ണം മറികടന്നുവെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 157 ശതമാനം വര്‍ധനവാണ് സന്ദര്‍ശകരുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.
ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഖത്തറും ഇടംപിടിക്കുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതിന് വഴിയൊരുക്കിയത് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരമാണെന്നും ഭരണകൂടം മനസിലാക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവരും ഫുട്‌ബോള്‍ മല്‍സരം കാണാന്‍ ഖത്തറിലെത്തിയിരുന്നു. മാത്രമല്ല, അന്ന് നിര്‍മിച്ച സ്‌റ്റേഡിയങ്ങളില്‍ ചിലത് ഖത്തര്‍ ഇപ്പോഴും മറ്റു മല്‍സരങ്ങളായി ഉപയോഗിക്കുന്നുണ്ട്.
ലോകകപ്പ് വേളയില്‍ ഇറക്കിയ ഹയാ കാര്‍ഡ് വിപുലീകരിച്ചിരിക്കുകയാണ് ഖത്തര്‍. വിദേശികള്‍ക്ക് ഖത്തറിലേക്ക് വരണമെങ്കില്‍ ഹയാ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ രേഖകള്‍ ഒരുക്കാന്‍ സാധിക്കും. ഓരോ മാസവും ഖത്തറിന്റെ പ്ലാനിങ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി ഇറക്കുന്ന ബുള്ളറ്റിനില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകരെ കുറിച്ചുള്ള വിവരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
ഖത്തറില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളാണ്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ് എന്നതും എടുത്തുപറയണം. ഖത്തറിലേക്ക് ഈ വര്‍ഷമെത്തിയ സന്ദര്‍ശകരില്‍ കൂടുതല്‍ 10 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജിസിസിയിലെ ബാക്കി അഞ്ചു രാജ്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ സന്ദര്‍ശകര്‍ വന്നത് ഇന്ത്യയില്‍ നിന്നാണ്. കൂടാതെ അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, പാകിസ്താന്‍ എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. അന്താരാഷ്ട്ര സന്ദര്‍ശകരുടെ കാര്യത്തില്‍ ഖത്തര്‍ കുതിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.












Click it and Unblock the Notifications