ചെങ്കടലിലെ സംഘര്‍ഷം: യൂറോപ്പിലേക്കുള്ള എല്‍എന്‍ജി കയറ്റുമതി വൈകിപ്പിച്ച് ഖത്തര്‍, ഇന്ത്യക്ക് ഗുണമാകുമോ?
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തര്‍, ചെങ്കടലിലെ സംഘര്‍ഷം മൂലം യൂറോപ്പിലേക്കുള്ള എല്‍ എന്‍ ജി കയറ്റുമതികള്‍ വൈകിപ്പിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളോട് എല്‍ എന്‍ ജി കയറ്റുമതിയില്‍ കാലതാമസമുണ്ടാകും എന്ന് യൂറോപ്പ് അറിയിച്ചതായാണ് വിവരം.
ജനുവരി 15 മുതല്‍, ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയും ഉള്ള ചെറിയ പാതയ്ക്ക് പകരം, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റും യൂറോപ്പിലേക്ക് പോകേണ്ട ആറ് ഷിപ്പുകളെങ്കിലും ഖത്തര്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. കമ്മോഡിറ്റി ഇന്റലിജന്‍സ് പ്രൊവൈഡര്‍ ഐസിഐഎസ് പറയുന്നതനുസരിച്ച് യുകെയിലേക്കുള്ള യാത്രയ്ക്ക് ഇത് ഏകദേശം ഒമ്പത് ദിവസം അധികമെടുക്കാന്‍ ഇടയാക്കും.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഖത്തര്‍ എനര്‍ജി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. സമീപ ദിവസങ്ങളില്‍ ചെങ്കടലില്‍ യെമനിലെ ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നിരവധി വ്യാപാര കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു. അതിനാല്‍ തന്നെ പലരും ഈ വ്യാപാര പാത ഒഴിവാക്കുകയാണ്. എന്നാല്‍ ചില ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ടെങ്കിലും ഖത്തര്‍ കയറ്റുമതി കുറച്ചിട്ടില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് നിന്നുള്ള എല്‍എന്‍ജി കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 7% കൂടുതലാണ് എന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പറയുന്നത്. അതിനിടെ അഡ്രിയാറ്റിക് ടെര്‍മിനലില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന ഒരു കാര്‍ഗോ ഡെലിവര്‍ ചെയ്യില്ലെന്ന് എല്‍എന്‍ജി വിതരണക്കാരന്‍ കമ്പനിയെ അറിയിച്ചതായി ഇറ്റലിയിലെ എഡിസണ്‍ പറഞ്ഞു.
അതേസമയം ഇന്ത്യയുമായി എല്‍ എന്‍ ജി കരാറില്‍ ഏര്‍പ്പെടാന്‍ ഖത്തര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. നിലവിലുള്ള കരാറുകളേക്കാള്‍ വിലകുറഞ്ഞ വ്യവസ്ഥകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറില്‍ ഖത്തര്‍ എനര്‍ജി ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയോടെ കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
എന്നാല്‍ ഇന്ത്യന്‍ കമ്പനികളും ഖത്തര്‍ എനര്‍ജിയും ഈ വാര്‍ത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എല്‍ എന്‍ ജി കയറ്റുമതിയില്‍ യു എസില്‍ നിന്ന് ഖത്തര്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. അതിനാലാണ് യൂറോപ്പിനൊപ്പം ഏഷ്യയിലേക്ക് കൂടി ഖത്തര്‍ കണ്ണെറിയുന്നത്. നിലവിലെ 77 ദശലക്ഷത്തില്‍ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി ദ്രവീകൃത ശേഷി വര്‍ദ്ധിപ്പിക്കാനാണ് ഖത്തറിന്റെ നീക്കം.












Click it and Unblock the Notifications