ജിദ്ദയിലെത്തുന്ന മലയാളികള്‍ അമ്പരക്കും; ഫ്‌ളയിങ് ടാക്‌സിയുമായി സൗദി അറേബ്യ... യാത്ര ആര്‍ക്ക്, എങ്ങനെ
റിയാദ്: ജിദ്ദയില്‍ ജോലി ആവശ്യമാര്‍ഥമല്ലാതെ മലയാളികള്‍ കൂടുതലുമെത്തുന്നത് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനാണ്. മക്കയിലേക്ക് വരുന്നതിനുള്ള പ്രധാന മാര്‍ഗവും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളമാണ്. ഇവിടെ നിന്ന് മക്കയിലേക്ക് എത്തുന്നതിന് നിലവില്‍ ബസ്, ടാക്‌സി മാര്‍ഗമാണ് ഉപയോഗിക്കുന്നത്. വൈകാതെ ചിത്രം മാറും.
ജിദ്ദയിലെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് മക്കയിലെ ഹോട്ടലില്‍ എത്താനുള്ള സംവിധാനമാണ് സൗദി അറേബ്യയില്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടി പ്രത്യേക ഫ്‌ളയിങ് ഇലക്ട്രിക് ടാക്‌സി വാങ്ങാന്‍ സൗദി വിമാന കമ്പനിയായ സൗദിയ തീരുമാനിച്ചു. ജര്‍മന്‍ കമ്പനിയില്‍ നിന്ന് 100 ഫ്‌ളയിങ് ടാക്‌സികള്‍ വാങ്ങുന്ന കരാറില്‍ കമ്പനി ഒപ്പുവയ്ക്കുകയും ചെയ്തു.

ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇനി ആകാശ മാര്‍ഗം താമസിക്കുന്ന ഹോട്ടലില്‍ എത്താന്‍ സാധിക്കും. ഹോട്ടലുകളില്‍ സജ്ജമാക്കിയ എയര്‍ സ്ട്രിപ്പിലാണ് ഈ ടാക്‌സികള്‍ ഇറങ്ങുക. റോഡിലൂടെയുള്ള യാത്ര അസഹ്യമാകുന്നവര്‍ക്ക് ഇതൊരു ഉപകാരമാകും. സമയവും ലാഭിക്കാം. എയര്‍ ടാക്‌സികള്‍ എല്ലാ സമയവും ജിദ്ദ വിമാനത്താവളത്തില്‍ റെഡിയായിരിക്കും.
നാല് മുതല്‍ ആറ് വരെ ആളുകള്‍ക്ക് മാത്രമാണ് ഒരു സമയം എയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക എന്ന് സൗദി ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ അല്‍ ഷഹ്‌റാണി പറഞ്ഞു. 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് എയര്‍ ടാക്‌സികള്‍. ചെറിയ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ള ഈ ടാക്‌സികള്‍ തീര്‍ഥാടകര്‍ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിലെ എയര്‍ സ്ട്രിപ്പില്‍ ഇറങ്ങും.
സൗദി അറേബ്യയില്‍ ആദ്യമായിട്ടാണ് എയര്‍ ടാക്‌സി പൊതു ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്നത്. സൗദിയിലേക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് യാത്ര എളുപ്പമാക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുന്നത്. 2023ല്‍ 1.35 കോടി വിദേശികളാണ് ഉംറ തീര്‍ഥാടനത്തിന് സൗദിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേരാണ് ഹജ്ജ് കര്‍മം നിര്‍വഹിച്ചത്. രണ്ട് ലക്ഷത്തോളം സൗദിയില്‍ തന്നെ താമസിക്കുന്നവരാണ്. ബാക്കി വിദേശികളും. ഇത്രയും പേര്‍ ഒരേ സമയം സൗദിയിലെത്തിയിട്ടും യാതൊരു പ്രതിസന്ധിയുമില്ലാതെ തിരിച്ചുപോരാന്‍ സാധിച്ചതില്‍ സൗദി സര്‍ക്കാര്‍ സംവിധാനങ്ങളെ പലരും പ്രശംസിച്ചിരുന്നു. മക്കയിലും മദീനയിലും ഹോട്ടല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നുണ്ട്. അതിനൊപ്പമാണ് യാത്രാ സൗകര്യവും മെച്ചപ്പെടുത്തുന്നത്.












Click it and Unblock the Notifications