ഹൂതികളോട് നേരിട്ട് ഏറ്റുമുട്ടാന്‍ പാകിസ്ഥാനില്ല!? സൗദി കിരീടവകാശിയെ വിളിച്ച് പാക് പ്രധാനമന്ത്രി
ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരായ സൈനിക നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ചു. സൗദി അറേബ്യയിലെ സാധാരണക്കാരുടെ ജീവനും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ ഇസ്ലാമാബാദ് ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയുമായുള്ള മക്ക പ്രതിരോധ കരാര്‍ പ്രകാരം ഹൂതികള്‍ക്കെതിരെ പാകിസ്ഥാന്‍ സ്വയം സൈനിക നടപടിക്ക് നിര്‍ബന്ധിതരാകുന്നില്ലെന്ന് ഇസ്ലാമാബാദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി കിരീടവകാശിയുമായി പാക് പ്രധാനമന്ത്രി സംസാരിച്ചത്. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ മക്ക പ്രതിരോധ കരാര്‍ നടപ്പിലാക്കാമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ പറഞ്ഞിരുന്നു.

ഞായറാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തില്‍, സൗദി നേതൃത്വത്തോടും ജനങ്ങളോടും പാകിസ്ഥാന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഹൂതി ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും, ആഗോള സമ്പദ്വ്യവസ്ഥയെയും ഊര്‍ജ്ജ വിതരണത്തെയും കൂടുതല്‍ തടസ്സപ്പെടുത്താന്‍ അവ കാരണമായേക്കാമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇറാന്‍ പിന്തുണയുള്ള ഹൂതി സേനയും സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം ശക്തമായതിനെത്തുടര്‍ന്ന് യെമനില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇരുവരും ആശയവിനിമയം നടത്തിയത്. ചെങ്കടലിലെ പ്രധാന തുറമുഖമായ മോഖയും ബാബ്-എല്‍-മന്‍ദേബ് കടലിടുക്കിന് സമീപമുള്ള ഒരു ദ്വീപും അടുത്തിടെ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.
ഇത് ലോകത്തിലെ സുപ്രധാന കപ്പല്‍പ്പാതകളിലൊന്നിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്ക ഉയര്‍ത്തി. പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാര്‍' പ്രകാരം, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിനുനേരെയുണ്ടാകുന്ന സായുധ ആക്രമണം എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടും.
സൗദി അറേബ്യയ്ക്കെതിരായ ആക്രമണം ഈ കരാര്‍ പ്രവര്‍ത്തനക്ഷമമാക്കിയേക്കാമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 'പ്രകോപനമില്ലാതെയുള്ള ആക്രമണമോ, അല്ലെങ്കില്‍ യെമനിലെ സംഘര്‍ഷം സൗദി അറേബ്യയിലേക്ക് വ്യാപിക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ തീര്‍ച്ചയായും മക്ക കരാര്‍ പ്രാബല്യത്തില്‍ വരും,' അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ കരാര്‍ അടിസ്ഥാനപരമായി പ്രതിരോധ സ്വഭാവമുള്ളതാണെന്നും, പാകിസ്ഥാന്‍ സേനയെ ആക്രമണാത്മക സൈനിക നടപടികള്‍ക്ക് സ്വയമേവ നിയോഗിക്കുന്നതല്ലെന്നും ഇസ്ലാമാബാദ് പിന്നീട് വ്യക്തമാക്കി. ഇതോടെ ഹൂതികള്‍ക്കെതിരായ സൈനിക നടപടിക്ക് പാക് പിന്തുണയുണ്ടായേക്കില്ല എന്ന തരത്തില്‍ പ്രതീതി ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി, സൗദി കിരീടവകാശിയുമായി ഫോണില്‍ സംസാരിച്ചത്.
മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനും സമാധാനം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ താനും ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് ആസിം മുനീറും ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചേര്‍ന്ന് തുടരുമെന്ന് ഷെരീഫ് മുഹമ്മദ് ബിന്‍ സല്‍മാനോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ സൗദി കിരീടാവകാശി കാഴ്ചവെച്ച വിവേകപൂര്‍ണ്ണവും ദീര്‍ഘവീക്ഷണമുള്ളതുമായ നേതൃത്വത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
സൗദി അറേബ്യയോടുള്ള പാകിസ്ഥാന്റെ ഉറച്ച പിന്തുണയെയും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള അവരുടെ ശ്രമങ്ങളെയും മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദിച്ചു. തുടര്‍ച്ചയായ ആശയവിനിമയം നിലനിര്‍ത്താന്‍ ഇരുനേതാക്കളും ധാരണയിലെത്തുകയും ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനോടുള്ള തന്റെ ആശംസകളും ഷെരീഫ് അറിയിച്ചു.





Click it and Unblock the Notifications
