സൗദി അറേബ്യ എന്തും നേരിടാന്‍ തയ്യാർ: ക്രൂഡ് ഓയില്‍ വില കുറയ്ക്കുന്നതും തന്ത്രം; ലക്ഷ്യം നേട്ടം തന്നെ
ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ ഉയർന്ന വില സൗദി അറേബ്യയുടെ ദീർഘകാല ലക്ഷ്യമാണ്. എന്നാല്‍ രാജ്യം എല്ലായ്‌പ്പോഴും ഒന്നിലധികം എണ്ണവില സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നാണ് സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അലിബ്രഹീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 'ഞങ്ങൾ എപ്പോഴും ഏത് സാഹചര്യങ്ങൾക്കും തയ്യാറാണ്' ദോഹയിൽ നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിൽ അലിബ്രഹീം പറഞ്ഞു.
യഥാർത്ഥത്തിൽ എന്ത് സാഹചര്യമാണോ വരുന്നത്, അതിന് അനുസരിച്ച് ക്രമീകരിക്കാൻ സഹായിക്കുന്ന ദീർഘകാല ധനകാര്യ ആസൂത്രണവും നടപടിക്രമങ്ങളും ഞങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില കുറയുമെങ്കിലും എണ്ണ വിതരണം വലിയ തോതില്‍ കൂട്ടി വിപണിയുടെ നിയന്ത്രണം നിലനിർത്തുകയെന്ന ലക്ഷ്യമാണ് സൗദി അറേബ്യ ഇപ്പോള്‍ പയറ്റുന്നത്.

ഈ മാസം ആദ്യം, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓപ്പെക് പ്ലസ് കൂട്ടായ്മ ജൂണിൽ പ്രതിദിനം 41,000 ബാരൽ (bpd) എന്ന നിലയില്‍ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇത് നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ മൂന്നിരട്ടിയാണ് എന്നതാണ് ശ്രദ്ധേയം. മെയ് മാസത്തിലും സമാനമായ നീക്കം കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. നേരത്തെ എണ്ണ വില നിയന്ത്രിക്കുന്നതിനായി വിതരണം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയെന്ന തന്ത്രമായിരുന്നു സൗദി പയറ്റിയിരുന്നത്.
വിലക്കുറവ്, തിരിച്ചടി
2025-ന്റെ ആദ്യ പാദത്തിൽ, ആഗോള വ്യാപാര പിരിമുറുക്കങ്ങളും യുഎസ്-ചൈന വ്യാപാര യുദ്ധവും എണ്ണവിലയിൽ വലിയ ഇടിവിന് കാരണമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 62 ഡോളറിലേക്ക് താഴ്ന്നു, ഇത് സൗദി അറേബ്യയുടെ ബജറ്റ് ബാലൻസ് ചെയ്യാൻ ആവശ്യമായ 92.3 ഡോളറിനേക്കാൾ വളരെ കുറവാണ്. ഇതിന്റെ ഫലമായി, 2025-ന്റെ ആദ്യ പാദത്തിൽ സൗദി അറേബ്യ 15.6 ബില്യൺ ഡോളറിന്റെ (58.7 ബില്യൺ സൗദി റിയാൽ) ബജറ്റ് കമ്മിയും രേഖപ്പെടുത്തി. എന്നാല്‍ ഈ സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്.
വിതരണം കൂട്ടുന്നതിന് പിന്നില്‍
നേരത്തെ ഉത്പാദന നിയന്ത്രണം ഏർപ്പെടുത്തിയപ്പോള്‍ കസാഖ്സ്ഥാൻ, ഇറാഖ്, യുഎഇ, നൈജീരിയ തുടങ്ങിയ പല ഒപെക് പ്ലസ് രാജ്യങ്ങളും അത് പാലിക്കാന്‍ തയ്യാറായിരുന്നില്ല. 2024-ൽ സൗദിയുടെ ശരാശരി പ്രതിദിന ഉൽപ്പാദനം 9 മില്യൺ ബാരലിന് താഴെയായിരുന്നു. അതായത് 2011 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില. സൗദി ഇത്തരത്തില്‍ ഉത്പാദനം കുറച്ചതോടെ മറ്റുള്ളവർ കൂടുതല്‍ ഉത്പാദിപ്പിച്ച് വിപണി വിഹിതം പിടിക്കാന്‍ തുടങ്ങി. നഷ്ടമായ ഈ വിഹിതം തിരിച്ച് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി ഇപ്പോള്‍ വീണ്ടും ഉത്പാദനം വർധിപ്പിക്കുന്നത്.
അതോടൊപ്പം തന്നെ പുതിയ നീക്കം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളുമായി യോജിക്കുന്നതായി തോന്നുന്നു. ട്രംപിന്റെ വ്യാപാര യുദ്ധവും താരിഫ് നയങ്ങളും ആഗോള എണ്ണ ഡിമാൻഡിനെ ബാധിച്ചപ്പോൾ, എണ്ണവില കുറയ്ക്കാനുള്ള ട്രംപിന്റെ ആഗ്രഹത്തിന് അനുസൃതമായി സൗദി അറേബ്യ ഉൽപ്പാദനം വർധിപ്പിച്ചതായി ചില വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ സൗദി സന്ദർശന വേളയിൽ, 90 ബില്യൺ ഡോളർ മൂല്യമുള്ള 34 പ്രാഥമിക ഊർജ കരാറുകൾ സൗദി അറാംകോ യുഎസ് കമ്പനികളുമായി ഒപ്പുവെച്ചിരുന്നു. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നു.
അരാംകോയുടെ ലാഭം കുറഞ്ഞു
സൗദി അറേബ്യയുടെ വരുമാനത്തിന്റെ നട്ടെല്ലായ സൗദി അരാംകോയുടെ ലാഭത്തില്‍ 2025-ന്റെ ആദ്യ പാദത്തിൽ 4.6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. അതായത് ലാഭം 27.3 ബില്യൺ ഡോളറിൽ നിന്ന് 26 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. കൂടാതെ, കമ്പനി അതിന്റെ ഡിവിഡന്റ് 30% വെട്ടിക്കുറച്ച് 85.4 ബില്യൺ ഡോളറുമായി. എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതികള്‍ പൂർത്തീകരിക്കുന്നതിനും എണ്ണവിലയിലെ ഇടിവ് വലിയ തടസ്സമാണ്.
2034 ലോകകപ്പിനായി 15 സ്റ്റേഡിയങ്ങൾ നവീകരിക്കുക, നിയോം തുടങ്ങിയ പദ്ധതികൾക്ക് വൻതുക ചെലവഴിക്കേണ്ടതുണ്ട്. എണ്ണവില 62 ഡോളറിൽ തുടരുകയാണെങ്കിൽ, 2025-ൽ സൗദിയുടെ ബജറ്റ് കമ്മി 67 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാല്‍ ൽപ്പാദന വർധനവിലൂടെ വിപണി പങ്കാളിത്തം തിരിച്ചുപിടിക്കാനും, യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, ദീർഘകാല സ്ഥിരത ഉറപ്പാക്കാനുമാണ് സൗദി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തല്‍ക്കാലം തിരിച്ചടിയുണ്ടായാലും അത് നേരിടാന്‍ തയ്യാറാണെന്ന് ഫൈസൽ അലിബ്രഹീം വ്യക്തമാക്കിയത്.












Click it and Unblock the Notifications