ഇന്ത്യയ്ക്ക് വന്‍നേട്ടം.... ക്രൂഡ് ഓയില്‍ വില കുറച്ച് നല്‍കാമെന്ന് സൗദി അറേബ്യ; എണ്ണവില കുറയുമോ?
റിയാദ്: ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ സൗദി അറേബ്യ. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കായിരിക്കും സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നേട്ടമാണ് സൗദി അറേബ്യയുടെ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുര്‍ബലമായ ഡിമാന്‍ഡ്, മിഡില്‍ ഈസ്റ്റിലെ വിലയിടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ നീക്കം. ഡിസംബര്‍ മുതല്‍ അറബ് ലൈറ്റിന്റെ ഔദ്യോഗിക വില്‍പ്പന വില ബാരലിന് 70 മുതല്‍ 90 സെന്റ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ജനുവരിയില്‍ ഏഷ്യയിലെ ക്രൂഡ് ഓയില്‍ വില കുറയ്ക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് വിവരം.

ജനുവരി-ലോഡിംഗ് ക്രൂഡ് ഗ്രേഡുകളുടെ സ്പോട്ട് പ്രീമിയങ്ങള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞിരുന്നു. ഇത് ഡിമാന്‍ഡിലുള്ള ഇടിവിനെയാണ് സൂചിപ്പിക്കുന്നത്. ഡിസംബര്‍ 5 ന് നടക്കുന്ന ഒപെക് + മീറ്റിംഗിന് മുന്നോടിയായാണ് പുതിയ തീരുമാനം വരുന്നത്. ഇത് അടുത്ത വര്‍ഷത്തേക്ക് വിലനിര്‍ണ്ണയ തന്ത്രങ്ങളെയും വിതരണ ചലനാത്മകതയെയും കൂടുതല്‍ സ്വാധീനിക്കാനും സാധ്യതയുണ്ട്.
സൗദി ക്രൂഡ് ഒഎസ്പികള്‍ സാധാരണയായി ഓരോ മാസവും അഞ്ചാം തീയതിയില്‍ പുറത്തിറക്കാറുണ്ട്. ഇത് ഏഷ്യയിലേക്ക് പോകുന്ന ക്രൂഡിന്റെ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരലുകളെ സ്വാധീനിക്കാറുണ്ട്. ആദായവും ഉല്‍പ്പന്ന വിലയും അടിസ്ഥാനമാക്കി കഴിഞ്ഞ മാസത്തെ എണ്ണയുടെ മൂല്യത്തിലുണ്ടായ മാറ്റം കണക്കാക്കിയ ശേഷം ഉപഭോക്താക്കളില്‍ നിന്നുള്ള ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് അരാംകോ ക്രൂഡ് വില നിശ്ചയിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരില്‍ ഒരാളാണ് ഇന്ത്യ. ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യ പാശ്ചാത്യ ഉപരോധം നേരിടേണ്ടി വന്നപ്പോള്‍ ഇന്ത്യയ്ക്ക് വില കുറച്ച് റഷ്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത് സൗദിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ നവംബറിലെ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ അധീശത്വം സൗദി തിരിച്ചുപിടിച്ചു എന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യയില്‍ നിന്നുള്ള ഏഷ്യയുടെ ഇറക്കുമതി നവംബറില്‍ പ്രതിദിനം 5.83 ദശലക്ഷം ബാരലായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇത് 5.28 ദശലക്ഷം ബിപിഡി ആയിരുന്നു എന്നാണ് എല്‍എസ്ഇജി ഓയില്‍ റിസര്‍ച്ച് പറയുന്നത്. അതേസമയം റഷ്യയുടെ ഏഷ്യന്‍ വിതരണം നവംബറില്‍ 3.51 മില്യണ്‍ ബിപിഡി ആയി കുറയുകയും ചെയ്തു.
എല്‍എസ്ഇജി പ്രകാരം ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സൗദി അറേബ്യയില്‍ നിന്നുള്ള ഏഷ്യയുടെ ഇറക്കുമതി നവംബറില്‍ 550,000 ബിപിഡി വര്‍ധിച്ചപ്പോള്‍ റഷ്യയുടേത് 450,000 ബിപിഡി കുറഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ റഷ്യന്‍ ക്രൂഡ് പ്രധാനമായും ഏഷ്യയിലെ രണ്ട് പ്രധാന രാജ്യങ്ങളായ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇറക്കുമതി പരിമിതപ്പെടുത്തിയിരുന്നു.
റഷ്യന്‍ എണ്ണയുടെ ചൈനയുടെ ഇറക്കുമതി ഒക്ടോബറിലെ 2.19 ദശലക്ഷത്തില്‍ നിന്ന് നവംബറില്‍ 2.04 ദശലക്ഷം ബിപിഡി ആയി കുറഞ്ഞപ്പോള്‍ ഇന്ത്യയുടെത് 1.75 ദശലക്ഷത്തില്‍ നിന്ന് 1.47 ദശലക്ഷം ബി പി ഡി ആയി കുറഞ്ഞു.
അതേസമയം ഒക്ടോബറിലെ 1.62 ദശലക്ഷത്തില്‍ നിന്ന് നവംബറില്‍ ചൈന സൗദി ക്രൂഡിന്റെ ഇറക്കുമതി 1.68 ദശലക്ഷം ബിപിഡി ആയി ഉയര്‍ത്തി. ഇന്ത്യ ഇത് 610,000 ല്‍ നിന്ന് 770,000 ബി പി ഡി ആയും വര്‍ധിപ്പിച്ചു.












Click it and Unblock the Notifications