സൗദി അറേബ്യ അടവ് മാറ്റി; ചൈന 'വീണു', നേട്ടം കൊയ്യാന്‍ ഇന്ത്യയും, റഷ്യന്‍ എണ്ണ കുറയും
ദുബായ്: അമേരിക്ക തൊടുത്തു വിട്ട ചുങ്കപ്പോരില്‍ സ്വര്‍ണവില കുതിച്ചപ്പോള്‍ മൂക്കു കുത്തിയത് ക്രൂഡ് ഓയിലാണ്. ബാരല്‍ എണ്ണയ്ക്ക് 60 ഡോളറിന് താഴേക്ക് ഇടിഞ്ഞു. വിപണിയില്‍ എണ്ണയ്ക്കുള്ള ആവശ്യം കുറഞ്ഞതാണ് വില ഇടിയാന്‍ കാരണമത്രെ. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന ലഭിച്ചതും വിപണിയെ അസ്വസ്ഥമാക്കുന്നു.
ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ സൗദിയും റഷ്യയും അടങ്ങുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തീരുമാനിച്ചത്. ഇത് വീണ്ടും വില കുറയാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കുറയുകയും ലഭ്യത കൂടുകയും ചെയ്യുന്നതാണ് വില താഴാന്‍ കാരണമാകുന്നത്. ഈ വേളയില്‍ രണ്ടുംകല്‍പ്പിച്ച് സൗദി എടുത്ത തീരുമാനം ഏവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

ആവശ്യം കുറഞ്ഞിരിക്കെ, ഉല്‍പ്പാദനം കൂട്ടുന്നത് മികച്ച വിപണന തന്ത്രമല്ല. എന്നിട്ടും സൗദി ഉല്‍പ്പാദനം കൂട്ടിയതിന് പിന്നില്‍ എന്ത് എന്ന ചോദ്യം ശക്തമാണ്. തൊട്ടുപിന്നാലെ ചൈനയും ഇന്ത്യയുമെല്ലാം ഉള്‍പ്പെടുന്ന മേഖലയ്ക്ക് വില്‍ക്കുന്ന എണ്ണയ്ക്ക് സൗദി അറേബ്യ വില കുറയ്ക്കകുയും ചെയ്തു. അതായത്, സൗദിയുടെ എണ്ണ വാങ്ങാനെത്തുന്നവര്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കും.
അറബ് ലൈറ്റ് ഇനം ക്രൂഡ് ബാരലിന് 2.30 ഡോളര്‍ ആണ് സൗദി കുറച്ചിരിക്കുന്നത്. ഇത്രയും വലിയ ഇടിവ് വരുത്തുന്നത് സമീപകാലത്ത് ആദ്യമാണ്. എന്നാല്‍ വില കുറച്ച് നല്‍കുന്നതിലൂടെ വില്‍പ്പന കൂട്ടുക എന്ന തന്ത്രമാണ് സൗദിക്ക്. ഇതില്‍ ചൈന വീഴുകയും ചെയ്തു എന്നാണ് പുതിയ വിവരം. മെയ് മാസം മുതലുള്ള എണ്ണയ്ക്കാണ് സൗദി വില കുറച്ചിരിക്കുന്നത്. മെയില്‍ കൂടുതല്‍ എണ്ണ വാങ്ങാന്‍ ചൈന ബുക്ക് ചെയ്തുകഴിഞ്ഞു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
ചൈന സൗദിയില്‍ വാങ്ങുന്ന എണ്ണയുടെ അളവ്
കഴിഞ്ഞ മാസങ്ങള്‍ വരെ ചൈന സൗദിയില്‍ നിന്ന് വാങ്ങിയത് 35.5 ദശലക്ഷം ബാരല്‍ എണ്ണയാണ്. എന്നാല്‍ മെയ് മാസത്തേക്ക് ബുക്ക് ചെയ്തിട്ടുള്ളത് 48 ദശലക്ഷം ബാരല്‍ എണ്ണ. വില കുറഞ്ഞ് കിട്ടുന്ന വേളയില്‍ കൂടുതല്‍ വാങ്ങി സൂക്ഷിക്കുകയാണ് ചൈന. ചൈനയില്‍ സൗദിയുടെ സഹായത്തോടെ എണ്ണ സംഭരണ കേന്ദ്രവും തുടങ്ങുകയാണ്. സൗദി അറേബ്യ അടവ് മാറ്റുമ്പോള്‍ തിരിച്ചടി റഷ്യക്കായിരിക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. പിന്നെയാണ് അമേരിക്കയും ഇന്ത്യയുമെല്ലാം വരുന്നത്. ചൈനയെയും ഇന്ത്യയെയും ലക്ഷ്യമിട്ടാണ് സൗദി ക്രൂഡ് വില കുറച്ചുകൊടുത്തത്. ഈ രണ്ട് വിപണികളും കീഴടക്കുകയാണ് സൗദിയുടെ ലക്ഷ്യം. ചൈന കൂടുതല്‍ ബുക്ക് ചെയ്ത പിന്നാലെ ഇന്ത്യയും ഇതേ വഴി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സൗദി ലക്ഷ്യം കാണുമെന്ന് ചുരുക്കം.
അമേരിക്കയില്‍ നിന്ന് ചൈന എണ്ണയും വാതകവും വാങ്ങാറുണ്ട്. ഇതിന് താരിഫ് കൂട്ടിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഇതോടെ എണ്ണ കമ്പനികള്‍ സൗദിയെയും റഷ്യയെയും കൂടുതല്‍ ആശ്രയിച്ചേക്കും. അമേരിക്കക്ക് മറ്റൊരു തരത്തില്‍ തിരിച്ചടി നല്‍കുക കൂടിയാണ് ചൈന ചെയ്യുന്നത്. നിലവില്‍ റഷ്യയില്‍ നിന്നാണ് ചൈന കൂടുതല്‍ എണ്ണ വാങ്ങുന്നത്. രണ്ടാം സ്ഥാനത്താണ് സൗദി. വില കുറച്ച് വില്‍ക്കുന്നത് കൊണ്ടാണ് റഷ്യയെ ചൈന കൂടുതലായി ആശ്രയിക്കുന്നത്. ഈ തന്ത്രം തന്നെയാണ് ഇപ്പോള്‍ സൗദിയും സ്വീകരിക്കുന്നത്.
ഇറാനില്‍ നിന്നും ചൈന വന്‍തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. കെപ്ലര്‍ ഡാറ്റ പ്രകാരം മാര്‍ച്ചില്‍ ചൈന ഇറക്കിയ എണ്ണയുടെ 13 ശതമാനം ഇറാനില്‍ നിന്നാണ്. ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്തിയേക്കുമെന്നാണ് പുതിയ വിവരം. ഇത് പ്രാബല്യത്തില്‍ വരുംമുമ്പ് പരമാവധി എണ്ണ സംഭരിക്കുകയാണ് ചൈന ചെയ്യുന്നത്. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്ന് ഓരോ ദിവസവും 7.47 ലക്ഷം ബാരല്‍ എണ്ണ ഇറക്കിയ ചൈന മാര്‍ച്ചില്‍ 13.7 ലക്ഷമാക്കി ഉയര്‍ത്തി.












Click it and Unblock the Notifications