സൗദി അറേബ്യയുടെ വന്‍ നീക്കം; വിജയിച്ചാല്‍ ചിത്രം മാറും... എല്ലാ പ്രൊജക്ടുകളും ജീവന്‍ വയ്ക്കും
റിയാദ്: ക്രൂഡ് ഓയില്‍ വില താഴ്ന്നത് സൗദി അറേബ്യയെ മാത്രമല്ല, ജിസിസിയിലെ ആറ് രാജ്യങ്ങളെയും സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളുടെയും ബജറ്റ് കമ്മി വര്‍ധിച്ചിരിക്കുകയാണ്. മറ്റു ആദായ മാര്‍ഗങ്ങള്‍ തേടുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. അതോടൊപ്പം എണ്ണ വില കൂട്ടാനുള്ള തന്ത്രങ്ങളും പ്രയോഗിക്കുന്നു. ഈ വേളയിലാണ് സൗദി അറേബ്യയുടെ പുതിയ പദ്ധതി ചര്‍ച്ചയാകുന്നത്.
2022ല്‍ കൊവിഡ് നീങ്ങി ലോക വിപണി സജീവമായ വേളയില്‍ എണ്ണയ്ക്ക് വില കുത്തനെ വര്‍ധിച്ചിരുന്നു. അതിന്റെ നേട്ടം ജിസിസി രാജ്യങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആ വര്‍ഷം മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇതോടെ സൗദിയുടെ നിയോം ഉള്‍പ്പെടെ പല പദ്ധതികളും മന്ദഗതിയിലായി. ഈ വേളയിലാണ് അടവ് മാറ്റി സൗദി പരീക്ഷണത്തിന് ഒരുങ്ങുന്നത്...

ഇതുവരെ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിച്ചത് ക്രൂഡ് ഓയില്‍ വില കൂട്ടുക എന്നതിലായിരുന്നു. ഇതിന് വേണ്ടി ഉല്‍പ്പാദനം വെട്ടിക്കുറച്ചു. എന്നിട്ടും വിചാരിച്ച നേട്ടം കൊയ്യാന്‍ സൗദിക്ക് മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങള്‍ക്കും സാധിച്ചില്ല. ബാരല്‍ എണ്ണയ്ക്ക് 96 ഡോളര്‍ എങ്കിലും വില കിട്ടിയാലേ സൗദിയുടെ ലക്ഷ്യം നേടാന്‍ സാധിക്കു. അതായത്, നിലവിലുള്ളതിനേക്കാള്‍ 20 ഡോളര്‍ അധികം വില വേണം.
ഖനന മേഖല വിപുലീകരിക്കാനാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനം. സ്വര്‍ണം, ചെമ്പ്, ഫോസ്ഫറസ്, ബോക്‌സൈറ്റ് തുടങ്ങിയവയെല്ലാം യഥേഷ്ടമുണ്ട് സൗദിയുടെ മണ്ണിനടിയില്‍. ഇവ ഖനനം ചെയ്ത് കയറ്റുമതി ചെയ്യാനാണ് ആലോചന. സ്വര്‍ണത്തിന് ആഗോള തലത്തില്‍ ആവശ്യം ഏറി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് സൗദി അറേബ്യ അല്‍പ്പം ചുവടുമാറ്റുന്നത്.
സൗദിയിലെ ഭൂമിക്കടിയില്‍ 1.3 ലക്ഷം കോടി ഡോളറിന്റെ വിഭവങ്ങളുണ്ട് എന്നാണ് എട്ട് വര്‍ഷം മുമ്പ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രകാരം 2.5 ലക്ഷം കോടി ഡോളറിന്റെ വിഭവങ്ങളുണ്ടെന്ന് സൗദി ഖനന വകുപ്പ് മന്ത്രി ബാന്തര്‍ അല്‍ ഖുറായിഫ് പറയുന്നു. ഖനന വ്യവസായം വഴി നിലവില്‍ 1700 കോടി ഡോളറാണ് സൗദിക്ക് ലഭിക്കുന്നത്. 2035 ആകുമ്പോഴേക്കും 7500 കോടി ഡോളറാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ജബല്‍ സയിദ് കോപ്പര്‍ പ്രൊജക്ട്, അല്‍ ജലമിദ് ഫോസ്‌ഫേറ്റ് ഖനി എന്നിവ സൗദി പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ ഖനികള്‍ കണ്ടെത്താനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുകയും ചെയ്യുന്നു. 33 പുതിയ ഖനന ലൈസന്‍സ് അനുവദിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ആറ് പുതിയ ലൈസന്‍സുകള്‍ക്കുള്ള ലേലം നടക്കുമെന്നും ഖനന വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വരുമാനം ലഭിക്കുന്നതോടെ നേരത്തെ ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളുടെയും വേഗത കൂടും.
അതേസമയം, വിനോദ സഞ്ചാരം, റിയല്‍ എസ്‌റ്റേറ്റ് എന്നീ രംഗത്തും സൗദി ഊന്നല്‍ നല്‍കുന്നു. കായിക രംഗം ഉത്തേജിപ്പിക്കാന്‍ വലിയ തുക സൗദി മുടക്കുന്നുണ്ട്. 2034ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായി സൗദിയെ ഫിഫ തിരഞ്ഞെടുത്തത് പുതിയ അവസരമാണ്. ഇതുവഴി കോടികളുടെ വരുമാനമാണ് സൗദി പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതിനാല്‍ ഒട്ടേറെ ജോലി സാധ്യതയും സൗദിയില്‍ വരികയാണ്.












Click it and Unblock the Notifications