ഇന്ത്യ സഖ്യത്തിന് അടുത്ത കെണി; ജെഎംഎം ബില്ലിനെ പിന്തുണച്ചേക്കും, നിലപാട് ഇങ്ങനെ
രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറാന്‍ കാരണമാകുന്ന മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് മതിയായ പിന്തുണ ഉറപ്പിച്ച സന്തോഷത്തിലാണ് ബിജെപി. 371 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. ഡിഎംകെ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഡിഎംകെയെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമം നടക്കുന്നതിനിടെ ജെഎംഎം കളംമാറുമെന്നാണ് വാര്‍ത്തകള്‍.
ഡിഎംകെ, എന്‍സിപി എന്നീ കക്ഷികളെ വീണ്ടും തങ്ങളുടെ കളത്തിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനിടെയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ബില്ലില്‍ ജാര്‍ഖണ്ഡിന് എതിരായ നയമില്ലെങ്കില്‍ പിന്തുണച്ചേക്കുമെന്ന സൂചനയാണ് അവര്‍ നല്‍കിയത്. സീറ്റുകള്‍ എണ്ണം കൂടുന്നതിന് അനുസരിച്ച് പിന്നാക്ക സംവരണ സീറ്റുകളും വര്‍ധിക്കണം എന്നാണ് ജെഎംഎം നിലപാട്.

ജെഎംഎം മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പാടേ അവഗണിക്കുന്നില്ല. എസ്‌സി, എസ്ടി പ്രാതിനിധ്യം വര്‍ധിപ്പിച്ചാല്‍ മതി എന്നാണ് അവരുടെ നിലപാട്. പുതിയ ബില്ല് വഴി ജാര്‍ഖണ്ഡിന് തിരിച്ചടിയുണ്ടാകരുത്. ലോക്‌സഭയിലെ മൊത്തം സീറ്റുകള്‍ ഉയരുമ്പോള്‍ പട്ടിക വിഭാഗത്തിനും ഒബിസിക്കും അനുവദിച്ച സീറ്റുകളുടെ പ്രാതിനിധ്യവും ഉയരണം എന്ന് ജെഎംഎം രാജ്യസഭാംഗം ബൈദ്യനാഥ് റാം പറഞ്ഞു.
ജെഎംഎം ബില്ലിന്റെ കാര്യത്തില്‍ അന്തിമ നിലപാട് എടുത്തിട്ടില്ല. പാര്‍ട്ടി അധ്യക്ഷനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നതിന് അനുസരിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനാണ് ജെഎംഎം എംപിമാരുടെ തീരുമാനം. ലോക്‌സഭയിലും രാജ്യസഭയിലും മൂന്ന് വീതം എംപിമാരാണ് ജെഎംഎമ്മിനുള്ളത്.
ജെഎംഎം ലോക്‌സഭാ എംപി നളിന്‍ സോറന്‍, രാജ്യസഭാ അംഗങ്ങളായ മഹുവ മാജി, സര്‍ഫറാസ് അഹമ്മദ് എന്നിവരെല്ലാം ഒരേ നിലപാടാണ് പറഞ്ഞത്. ഹേമന്ത് സോറന്‍ തീരുമാനിക്കുന്ന പോലെ വോട്ട് രേഖപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. ഒരു അംഗത്തിന്റെ വോട്ടിന് പോലും പ്രാധാന്യം ഉള്ളതിനാല്‍ ജെഎംഎം അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും.
പ്രതിപക്ഷ സഖ്യം വിഘടിച്ച അവസ്ഥയിലാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ആര്‍ജെഡി, ഇടതുപക്ഷം, ശിവസേന എന്നിവര്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. ഡിഎംകെയും എന്‍സിപിയും പിന്തുണയ്ക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിക്കുമല്ലോ എന്നാണ് അവര്‍ കാണുന്ന നേട്ടം. എന്നാല്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന ആശങ്ക കോണ്‍ഗ്രസ് പങ്കുവെക്കുന്നു. പുനര്‍ നിര്‍ണയത്തില്‍ ബിജെപി കളിച്ചാല്‍ ഇനിയൊരിക്കലും പ്രതിപക്ഷത്തിന് ഭരണം കിട്ടില്ലെന്നും അവര്‍ കരുതുന്നു.





Click it and Unblock the Notifications
