യുഎഇ രണ്ടും കല്‍പ്പിച്ച് തന്നെ: സ്വദേശിവത്കരണ നിയമം കടുപ്പിക്കുന്നു, തിരിച്ചടി പ്രവാസികള്‍ക്ക്
സ്വദേശിവത്കരണ നയം കടുപ്പിച്ച് യുഎഇ. നിയമത്തിന് കീഴിലേക്ക് കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അധികൃതർ നയം ശക്തമാക്കിയിരിക്കുന്നത്. ഇതോടെ 14 പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന 20 മുതല്‍ 49 വരെ ജീവനക്കാരുള്ള 12000-ത്തിലധികം കമ്പനികൾക്ക് 2024-ലും 2025-ലും ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്കാരനായി നിയമിക്കേണ്ടി വരും.
ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അടുത്തിടെ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴി സ്വദേശിവത്കരണം സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനികള്‍ക്ക് ആവശ്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മതിയായ സമയവും അധികൃതർ നല്‍കുന്നുണ്ട്.

ഇന്‍ഫർമേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ്, പ്രൊഫഷണല്‍ ആന്‍ഡ് ടെക്നിക്കല്‍ ആക്ടിവിടീസ്, അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് സപ്പോർട്ട് സർവ്വീസ്, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയർ ആന്‍ഡ് സോഷ്യല്‍ വർക്ക്, ആർട്സ് ആന്‍ഡ് എന്റർടെയിമെന്റ്, മൈനിങ് ആന്‍ഡ് ക്വാറിയിങ്, ട്രാന്‍സ്ഫോർമേറ്റീവ് ഇന്‍ഡസ്ട്രീസ്, കണ്‍സ്ട്രക്ഷന്‍, ഹോള്‍സെയില്‍ ആന്‍ റീട്ടെയില്‍, ട്രാന്‍സ്പോർട്ടേഷന്‍ ആന്‍ഡ് വെയർ ഹൌസ്, അക്കമഡേഷന്‍ ആന്‍ഡ് ഹോസ്പിലാറ്റി തുടങ്ങിയ മേഖലകളില്‍ കൂടിയാണ് പുതുതായി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.
മേല്‍പ്പറഞ്ഞവയെല്ലാം നിലവിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന മേഖലകളാണ്. സ്വദേശിവത്കരണ ലക്ഷ്യങ്ങൾ വേഗത്തിൽ നിറവേറ്റാനും വർഷാവസാനം വരെ കാത്തിരിക്കാതിരിക്കാനും കമ്പനികളോട് ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്.
നിയമം പാലിക്കാത്ത ഒരു കമ്പനികള്‍ക്കും 96000 ദിർഹം വീതം പിഴ ചുമത്തും. വലിയ കമ്പനികള്‍ക്കും നിയമിക്കപ്പെടേണ്ട യുഎഇ സ്വദേശിയുടെ എണ്ണത്തിന് അനുസരിച്ചുള്ള തുകയായിരിക്കും പിഴയായി അടക്കേണ്ടി വരിക. 2025 ജനുവരി മുതൽ ഇവ ശേഖരിക്കും. അതേസമയം, 2025ലും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടാല്‍ 108000 ദിർഹം പിഴ ചുമത്തും. ഇത് 2026 ജനുവരിയിൽ ശേഖരിക്കും. കമ്പനികൾക്ക് അവരുടെ പിഴകള്‍ തവണകളായി അടയ്ക്കാൻ അനുവദിക്കും.
അതേസമയം, അമ്പതോ അതില്‍ അധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഒരു ശതമാനം തൊഴിലാളികളെങ്കിലും യുഎഇ സ്വദേശികളായിരിക്കണമെന്ന നിർദേശം നേരത്തെ ഭരണകൂടം പുറപ്പെടുവിപ്പിച്ചിരുന്നു.
'തൊഴിൽ വിപണിയിൽ യുഎഇ പൗരന്മാരുടെ റോളും മത്സരശേഷിയും സജീവമാക്കുകയും മെച്ചപ്പെടുത്തുകയുമാണ് എമിറേറ്റൈസേഷൻ നടപടിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും' എന്നും മന്ത്രാലയം അറിയിച്ചതായി അറേബ്യന്‍ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നത് സ്വാഭാവികമായും ബാധിക്കുക മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളെയാണ്. നിലവില്‍ ഒരു ശതമാനമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ ഇത് ഉയർന്ന് വരും. 2026 ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്തുകയെന്ന നിർദേശവും മന്ത്രാലയം നേരത്തെ തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്.












Click it and Unblock the Notifications