സ്വർണ്ണം അല്ല, യുഎഇയില്‍ നിന്നും യുഎസിലേക്കുള്ള ആ ലോഹത്തിന്റെ കയറ്റുമതിയില്‍ ഞെട്ടിച്ച വർധനവ്
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് വിലയേറിയ മഞ്ഞ ലോഹം പ്രധാനമായും എത്തുന്നത് യു എ ഇയില്‍ നിന്നാണ്. സ്വന്തമായി ഒരു സ്വർണ ഖനി പോലും രാജ്യത്ത് ഇല്ലെങ്കിലും ആഫ്രിക്കയില്‍ നിന്നും മറ്റുമെത്തുന്ന സ്വർണ്ണമാണ് അവർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. സ്വർണം വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും മറ്റൊരു പ്രധാനപ്പെട്ട ലോഹമായ അലൂമിനിയത്തിന്റെ ഉത്പാദനത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് യു എ ഇ.
2024-ൽ യു എ ഇ ഏകദേശം 2.7 ദശലക്ഷം മെട്രിക് ടൺ അലൂമിനിയം ഉത്പാദിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യു എ ഇയിലെ അലുമിനിയം ഉത്പാദനം സ്ഥിരമായി തുടരുകയാണ്. 2023-ൽ ഇത് 2.66 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അലുമിനിയം ഉത്പാദകരാണ് എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം. ആഗോള അലൂമിനിയം ഉത്പാദനത്തിന്റെ 4 ശതമാനമാണ് യു എ ഇയുടെ സംഭാവന.
യു എ ഇയില്‍ നിന്നും അലൂമിനിയം പ്രധാനമായും കയറ്റിപ്പോകുന്ന ഒരു രാജ്യം അമേരിക്കയാണ്. 2024 ല്‍ അമേരിക്ക ഇറക്കുമതി ചെയ്ത അലൂമിനയത്തിന്റെ എട്ട് ശതമാനവും യു എ ഇയില്‍ നിന്നായിരുന്നു. നിലവില്‍ അവരുടെ രണ്ടാമത്തെ വലിയ യു എ ഇ സ്രോതസ്സുമാണ് ഗള്‍ഫ് രാഷ്ട്രം. റോയിട്ടേഴ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സമീപ ദിവസങ്ങളില്‍ യു എ ഇയില്‍ നിന്നും അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ കുത്തനേയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ തീരുവകള്‍ വരുന്നതിന് മുമ്പ് വ്യാപാരികള്‍ വലിയ തോതില്‍ ചരക്ക് വാങ്ങി സ്റ്റോക്ക് ചെയ്തതാണ് ഇറക്കുമതിയിലെ വർധനവിന് ഇടയാക്കിയിരിക്കുന്നത്. മാർച്ചില്‍ ഇതുവരെ 68560.29 മെട്രിക് ടണ്‍ അലൂമിനിയമാണ് യു എ ഇ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന ഇറക്കുമതിയാണ് മാർച്ചിലുണ്ടായത്. 2024 മാർച്ചിൽ ഇറക്കുമതി ആകെ 16124.88 മെട്രിക് ടണ്‍ മാത്രമായിരുന്നു.

ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ യുഎസ് സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2024-ൽ അമേരിക്ക ഇറക്കുമതി ചെയ്ത അലൂമിനിയത്തിന്റെ ഏകദേശം 70 ശതമാനവും കാനഡയില്‍ നിന്നായിരുന്നു. പ്രധാനമായും കാനഡയെ ലക്ഷ്യമിട്ടുകൊണ്ടാണ് ട്രംപ് അലൂമിനിമയത്തിന് 25 ശതമാനം തീരുവ ഏർപ്പെടുത്തിയത്.
കാനഡയുമായുള്ള വ്യാപാര സംഘർഷങ്ങളും കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ താരിഫ് വർദ്ധിപ്പിക്കുമെന്ന ഭീഷണിയും കണക്കിലെടുത്ത് യുഎസ് ഇറക്കുമതിക്കാർ ബദൽ സ്രോതസ്സുകൾ തേടുന്നത് യു എ ഇക്ക് ഗുണമായി മാറുകയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. താരിഫ് ഏർപ്പെടുത്തിയാലും യു എ ഇക്ക് ലാഭകരമായി തന്നെ യു എസിലേക്ക് അലൂമിനിയം കയറ്റുമതി ചെയ്യാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു. കാനഡയേക്കാള്‍ ചിലവ് കുറഞ്ഞ രീതിയിലാണ് യു എ ഇ അലൂമിനിയം ഉത്പാദിപ്പിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
അതേസമയം, ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അലൂമിനിയം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. 2024-ൽ ഇന്ത്യയുടെ അലൂമിനിയം ഉൽപ്പാദനം 4.2 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യയുടെ ഉൽപ്പാദനം സ്ഥിരമായി വളർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇന്ത്യയുടെ അലുമിനിയം ഉൽപ്പാദനത്തില്‍ വർധനവുണ്ടായി. ഇതോടെ ഇന്ത്യ റഷ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഉത്പാദത്തില്‍ ആഗോളതലത്തില്‍ രണ്ടാമത് എത്തുകയും ചെയ്തു.












Click it and Unblock the Notifications