ഭീഷണി; മിസോറാമിൽ നിന്നും മെയ്തേയ് വിഭാഗക്കാരുടെ പലായനം തുടരുന്നു; 41 പേർ അസമിലെത്തി
ഇംഫാൽ: മിസോറാമിൽ നിന്നും മെയ്തേയ് സമുദായത്തിൽ പെട്ടവരുടെ പലായനം തുടരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മെയ്തെയ് വിഭാഗക്കാർക്കെതിരെ മുൻ വിഘടനവാദി സംഘടന ഭീഷണി ഉയർത്തിയിരുന്നു. തുടർന്നാണ് മെയ്തേയ് സമുദായാംഗങ്ങളിൽ പലരും സംസ്ഥാനം വിട്ടത്.
മുൻ മിസോ നാഷ്ണൽ ഫ്രണ്ട് മിലിറ്റന്റുകളുടെ സംഘടനയായ പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷനായിരുന്നു മെയ്തേയ് വിഭാഗക്കാർക്കെതിരെ ഭീഷണി ഉയർത്തിയത്. സ്വന്തം സുരക്ഷയ്ക്കായി മിസോറാമിൽ നിന്ന് പോകണമെന്നായിരുന്നു ഇവരുടെ പ്രസ്താവന. അതേസമയം മിസോറാമിൽ നിന്നും എത്തിയവരെ ബിന്നക്കണ്ടി ലഖിപൂർ ഡെവലപ്‌മെന്റ് ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് അസം കച്ചാർ പോലീസ് സൂപ്രണ്ട് നുമാൽ മഹത്ത പറഞ്ഞു.

'നല്ല നിലയിൽ കഴിയുന്നവരാണ് എത്തിയവരിൽ പലരും. ചിലർ സ്വന്തം വാഹനത്തിലാണ് വന്നത്. ചിലർ കോളേജ് പ്രൊഫസർമാരാണ്, ചിലർ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും.അവിടെ സർക്കാർ തങ്ങൾക്ക് എല്ലാ സുരക്ഷയും നൽകുന്നുണ്ടെന്നും എന്നാൽ കൂടുതൽ അപകടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് പലായനം ചെയ്തതെന്നും അവർ പറഞ്ഞു. സാഹചര്യം സാധാരണ നിലയിലായാൽ മടങ്ങിപ്പോകാൻ തയ്യാറാണ് എന്നാണ് അവർ പറഞ്ഞത്', മഹത്ത കൂട്ടിച്ചേർത്തു.
അതേസമയം മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് ഗോത്രവർഗക്കാരായ ബിജെപി എംഎൽഎമാർ രംഗത്തെത്തി. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് എംഎൽഎമാർ കുറ്റപ്പെടുത്തി. ഉടൻ തന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ,സംഘർഷം തുടരുന്നതിനിടെ ബിരേൻ സിംഗിനെ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ബിരേൻ സിംഗിനെ മാറ്റാതെ സംഘർഷത്തിന് അയവ് വരില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. 'മണിപ്പൂരിലെ ഭീകരതയുടെ സത്യാവസ്ഥ ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. ആയുധമേന്തിയ ആൾക്കൂട്ടങ്ങളും വിഘടനവാദി സംഘങ്ങളും അഴിഞ്ഞാടുകയാണ്. സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ക്രൂരതയാണ് സ്ത്രീകളും കുടുംബങ്ങളും നേരിട്ടത്.ഭരണകൂടം അക്രമത്തിന് കൂട്ടുനിൽക്കുക മാത്രമല്ല, വിദ്വേഷം വളർത്തുകയും ചെയ്തു', ജയ്റാം രമേശ് കുറ്റപ്പെടുത്തി.
'ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം നീതിയോ സമാധാനമോ ഉണ്ടാകില്ല. പ്രധാനമന്ത്രി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു', അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. അതേസമയം മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കും.വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരിക്കും പ്രതിഷേധം.












Click it and Unblock the Notifications