ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്
ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. രക്ഷാപ്രവർത്തനത്തിലെ ഏറ്റവും സുപ്രധാന വഴിത്തിരിവായേക്കാവുന്ന ഈ ദൃശ്യങ്ങൾ ഇന്ന് പുലർച്ചെയോടെയാണ് പുറത്തുവന്നത്. തൊഴിലാളികൾക്കുള്ള ഭക്ഷണ സാധനങ്ങൾ അയക്കുന്നതിനായി ഇന്നലെ രാത്രിയോടെ കടത്തിവിട്ട ആറിഞ്ച് പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് അയച്ച ക്യാമറയിലാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
രക്ഷാപ്രവർത്തകർ തൊഴിലാളികളുമായി വാക്കി ടോക്കി മുഖേന സംസാരിക്കുകയും ചെയ്‌തു. തൊഴിലാളികളോട് ക്യാമറയ്ക്ക് മുൻപിലേക്ക് വരാൻ രക്ഷാപ്രവർത്തകർ ആവശ്യപ്പെടുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ആദ്യമായാണ് ഇവർക്ക് ഇന്നലെ രാത്രിയോടെ ആവശ്യമായ ഭക്ഷണം കൈമാറിയത്.

തൊഴിലാളികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ, ചാർജറുകൾ എന്നിവ ഉടൻ കൈമാറുമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന കേണൽ ദീപക് പട്ടേൽ അറിയിച്ചു. പത്ത് ദിവസത്തോളം നീണ്ട കഠിന പരിശ്രമത്തിന് ഒടുവിലാണ് തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണമെത്തിക്കാനും, അവരുമായി ആശയവിനിമയം നടത്താനും സാധിച്ചത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ദുരന്തമുണ്ടായത്. തുരങ്കം തകർന്ന് നാൽപതോളം തൊഴിലാളികൾ അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും വിവിധ സാഹചര്യങ്ങൾ വഴിമുടക്കുകയായിരുന്നു.
ഇതിന് പിന്നാലെ 2018ൽ തായ്‌ലൻഡിലെ ഒരു ഗുഹയിൽ കുടുങ്ങിയ കുട്ടികളെ വിജയകരമായി രക്ഷിച്ചതുൾപ്പെടെ തായ്‌ലൻഡിലെയും നോർവേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകൾ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഒപ്പമുണ്ട്.
ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് മെച്ചപ്പെട്ട ഗതാഗത സംവിധാനം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ദേശീയ അടിസ്ഥാന സൗകര്യ സംരംഭമായ ചാർ ധാം പദ്ധതിയുടെ ഭാഗമാണ് നിർമ്മാണത്തിലിരിക്കുന്ന ഈ തുരങ്കം.












Click it and Unblock the Notifications