Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റാല്‍ അപ്രത്യക്ഷമാകും, ജയിച്ചാല്‍ മുന്നില്‍ വെല്ലുവിളികള്‍ മാത്രം... ഇന്ത്യാ മുന്നണിയുടെ വിധിയെന്ത്?

ഗോപിക

കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.(Disclaimer: ലേഖനത്തിലെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും പൂര്‍ണമായും ലേഖികയുടെ അഭിപ്രായങ്ങളാണ്)

ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. വേനല്‍ച്ചൂടിലും തിളച്ചുമറിയുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രചാരണത്തിനും രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്ന സഖ്യമാണ് പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുന്‍നിര പ്രതിപക്ഷ പാര്‍ട്ടികള്‍ എന്‍ഡിഎയ്ക്ക് വെല്ലുവിളി തീര്‍ക്കാന്‍ വേണ്ടി രൂപീകരിച്ച സഖ്യം.

എന്നാല്‍ ഇന്ത്യാസഖ്യത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജെഡിയുവും നിതിഷ് കുമാറും വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നത് സഖ്യത്തില്‍ അല്‍പ്പം വിള്ളലുകള്‍ വരുത്തിയിട്ടുണ്ട്. സത്യത്തില്‍ എന്താണ് ഇന്ത്യയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാവി? 2024 ലെ തിരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യം സമാധിയിലാകുമോ? അതേപറ്റി പറയുന്നതിന് മുമ്പ് എന്താണ് ഇന്ത്യ സഖ്യം എന്നറിയേണ്ടത് അത്യാവശ്യമാണ്.

2024 LOKSABHA ELECTION

ഇന്ത്യ സഖ്യം

2023 ജൂലൈ 18. ബെംഗളുരുവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്) എന്ന സഖ്യം രൂപീകരിച്ച ദിവസം. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ അധികാര കസേരയില്‍ സ്ഥാനമുറപ്പിച്ച എന്‍ഡിഎയ്ക്ക് എതിരെയുള്ള കൂട്ടായ്മ എന്ന നിലയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് അതിന് മാസങ്ങള്‍ക്ക് മുന്‍പ് എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍.

നിതീഷിനൊപ്പം കോണ്‍ഗ്രസ്, സിപിഎം, എഎപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി തുടങ്ങിയ നിരവധി പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തിന് പിന്നില്‍ അണി ചേര്‍ന്നു. ബെംഗളൂരുവിലും ഹിമാചലിലും മുംബൈയിലുമായി ആദ്യഘട്ട യോഗങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ചെയര്‍പേഴ്‌സണായും നിതീഷ് കുമാറിനെ കണ്‍വീനറുമായി യോഗങ്ങളില്‍ ആലോചന നടന്നു.

എന്നാല്‍ കണ്‍വീനര്‍ സ്ഥാനം നിതീഷ് നിരസിച്ചു. ഒരുവേള ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി മുഖമായി വരെ നിതീഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് തന്റെ ഗതകാല ചരിത്രം തെറ്റിക്കാതെ നിതീഷ് വീണ്ടും മറുകണ്ടം ചാടി. 'ധാരണ പിശകുകള്‍' ചൂണ്ടിക്കാട്ടി നിതീഷ് കുമാറും ജെഡിയുവും വീണ്ടും എന്‍ഡിഎ പക്ഷത്തേക്ക് തന്നെ പോകുകയായിരുന്നു.

ഇന്ത്യ സഖ്യം വീഴുമോ വാഴുമോ?

വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ സഖ്യം എന്ന് നേരത്തെ പറഞ്ഞല്ലോ. ആ നിലയ്ക്ക് എന്ത് പൊതു അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഈ സഖ്യത്തിന്റെ നിലനില്‍പ്പ് എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. അതായത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കുന്ന ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ സംസ്ഥാന തലത്തില്‍ വിവിധ ചേരികളിലാണ് നിലകൊള്ളുന്നത്.

കേരളത്തിന്റെ കാര്യം തന്നെയെടുക്കാം. ഇന്ത്യ സഖ്യത്തിലെ മുഖ്യ പാര്‍ട്ടിയായ കോണ്‍ഗ്രസും സിപിഎമ്മും എതിര്‍ചേരികളില്‍ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനതലത്തില്‍ വ്യത്യസ്ത ചേരിയും പൊതുതിരഞ്ഞെടുപ്പില്‍ ഒരു സഖ്യവുമെന്ന നില എത്രമാത്രം പ്രായോഗികമാണെന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. ഇനി അഥവാ അധികാരം നേടിയാല്‍ തന്നെ ഈ വ്യത്യസ്തതകളെ മറികടക്കാന്‍ ആവശ്യമായ പൊതു പ്രത്യേയശാസ്ത്രം ഇന്ത്യ സഖ്യത്തിനുണ്ടോ എന്ന കാര്യവും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ സഖ്യത്തിന്റെ പിറവി വളരെ ആഘോഷമായി കൊണ്ടാടിയെങ്കിലും സീറ്റ് വിഭജനത്തിന്റെ ചര്‍ച്ചകള്‍ എത്തിയപ്പോഴേക്കും പാര്‍ട്ടിയ്ക്കുള്ളില്‍ വിള്ളലുകള്‍ ഉടലെടുക്കാന്‍ തുടങ്ങിയിരുന്നു. അതിന്റെ ഫലമെന്നോണം നിതീഷ് കുമാര്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോയതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തുടരെ നടന്ന കര്‍ഷക സമരവും അനുബന്ധ പ്രക്ഷോഭങ്ങളും വോട്ടാക്കി മാറ്റാന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞാല്‍ അത് ഒരുപക്ഷെ ചരിത്രമായേക്കും.

2024 loksabha election

കര്‍ഷക സമരം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഹരിയാനയിലെ പത്ത് സീറ്റിന്റെ കാര്യത്തില്‍ ഈ തന്ത്രം പ്രയോഗിക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് കഴിയുമോ എന്ന കാര്യം കണ്ടറിയണം. പഞ്ചാബിലും ഈ സ്ഥിതി ആവര്‍ത്തിക്കാന്‍ സഖ്യത്തിന് ആകുമോ എന്ന കാര്യവും കാത്തിരുന്ന് കാണേണ്ടതാണ്. കശ്മീരിലെ തിരഞ്ഞെടുപ്പും ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

കശ്മീരില്‍ തിരഞ്ഞെടുപ്പ് അടുത്തൊന്നും നടന്നിട്ടില്ല എന്നത് ശരി. എന്നാല്‍ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞടുപ്പില്‍ ബിജെപിയ്ക്ക് അനുകൂല തരംഗമല്ല കശ്മീരില്‍ വീശിയത്. ഇതും ഇന്ത്യ മുന്നണിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ മണ്ണില്‍ എന്ത് സംഭവിക്കുമെന്നാണ് ഇനി അറിയേണ്ടത്. യുപിയിലെ ലോക്സഭാ സീറ്റുകളാണ് ബിജെപിയുടെ തുറുപ്പുചീട്ട്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് യുപിയില്‍ നേടാനായത്. സമാജ് വാദി പാര്‍ട്ടി അഞ്ച് സീറ്റും ബിഎസ്പി 10 സീറ്റും നേടിയിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി താരതമ്യേന മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ഇന്ത്യാ സഖ്യത്തിന് ചെറിയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. എന്നാല്‍ ബിഎസ്പി പ്രതിപക്ഷ സഖ്യത്തില്‍ ഇല്ല എന്നത് ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.

അതിനിടയില്‍ ആണ് യുപിയിലെ രാമക്ഷേത്രമുയര്‍ന്നത്. കാറ്റ് ആ ദിശയിലാണെങ്കില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്ത് ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബംഗാളാണ് ഇന്ത്യ മുന്നണിയ്ക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി. 42 ലോക്സഭാ സീറ്റുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടിയപ്പോള്‍ ബിജെപി 18 സീറ്റ് നേടി തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

തൃണമൂലും പ്രതിപക്ഷ ഐക്യമുന്നണിയിലുണ്ടെങ്കിലും ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ ആ ധാരണ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. എങ്കിലും തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ വിരുദ്ധ സഖ്യത്തെ തൃണമൂല്‍ പിന്തുണക്കാന്‍ തന്നെയാണ് സാധ്യത. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത അറസ്റ്റ് ഒരു തരത്തില്‍ ഇന്ത്യ സഖ്യത്തിന് ഗുണകരമായേക്കാനാണ് സാധ്യത. ഡല്‍ഹിയിലും പഞ്ചാബിലും ആപ്പിന് അനുകൂലമാകാന്‍ ഇത് കാരണമായേക്കും.

ഇനി എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് കേവലഭൂരിപക്ഷം തികച്ച് ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാലും എങ്ങനെ സര്‍ക്കാരുണ്ടാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ഇത്രയധികം പാര്‍ട്ടികളെ ഒരുമിച്ച് ഒരു പ്രത്യയശാസ്ത്രത്തിന് കീഴില്‍ കൊണ്ടുവരിയെന്നത് അത്ര എളുപ്പമല്ല. കാരണം എന്‍ഡിഎ അല്ലെങ്കില്‍ ബിജെപി വിരുദ്ധത എന്ന ഒറ്റ ആശയമാണ് ഇന്ത്യാ മുന്നണിയെ നയിക്കുന്നത്.

ഒരു സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ അത് മാത്രം മതിയാകില്ല. സഖ്യകക്ഷി സര്‍ക്കാര്‍ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുത്തരിയല്ല. 1977 മുതല്‍ ഇന്ത്യ സഖ്യ രാഷ്ട്രീയത്തെ അടുത്ത് അറിഞ്ഞുവരികയാണ്. എന്നാല്‍ ഏത് സഖ്യത്തിലും ആണിക്കല്ലായി പ്രവര്‍ത്തിക്കാന്‍ ഒരു കക്ഷി വേണമെന്നത് അത്യാവശ്യമാണ്.

അത്തരത്തിലൊരു ആണിക്കല്ലാകാന്‍ ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിനാകുമോ എന്ന കാര്യമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. സഖ്യത്തിലെ മറ്റ് കക്ഷികളെ തട്ടുകേടില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു കപ്പിത്താനെയാണ് ഇന്ത്യ സഖ്യത്തിന് ആവശ്യം. ആ ആവശ്യം നിറവേറ്റപ്പെട്ടാല്‍ മാത്രമെ 'ഇന്ത്യ സര്‍ക്കാര്‍' എന്ന ആശയത്തിന് ബലമുണ്ടാകൂ. അത് ആദ്യം മനസിലാക്കേണ്ടത് അതിലെ പാര്‍ട്ടികള്‍ തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+