എഐഎഡിഎംകെ മന്ത്രിമാർക്കെതിരായ വിചാരണയ്ക്ക് രാജ്ഭവന്റെ അനുമതി; രാഷ്‌ട്രീയ യുദ്ധത്തിന് ആന്റി ക്ലൈമാക്‌സ്
അഴിമതിക്കേസിൽ എഐഎംഡിഎംകെ നേതാക്കൾക്കെതിരെ വിചാരണ നടപടിക്ക് അനുമതി നൽകി തമിഴ്‌നാട് ഗവർണർ ആർഎൻ രവി. സുപ്രീം കോടതി ഇടപ്പെട്ടതോടെയാണ് തമിഴ്‌നാട്ടിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർന്നുപോരുന്ന ഗവർണർ സർക്കാർ പോരിൽ അപ്രതീക്ഷിത ട്വിസ്‌റ്റ് ഉണ്ടായിരിക്കുന്നത്.
ഗുഡ്ക്ക അഴിമതി കേസിൽ ഏതാണ്ട് ഒരു വർഷം മുൻപാണ് ഡിഎംകെ സർക്കാർ വിചാരണയ്ക്ക് അനുമതി തേടിയത്. മുൻ മന്ത്രിമാരായ ബിവി രമണ, ഡോ. വിജയഭാസ്‌കർ എന്നിവർക്കെതിരെയാണ് വിചാരണയ്ക്ക് അനുമതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഗവർണർ തയ്യാറായിരുന്നില്ല.

എന്നാൽ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെ എഐഎഡിഎംകെ മുൻ മന്ത്രിമാരെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾക്ക് അനുമതി നൽകിയതായി തമിഴ്‌നാട് ഗവർണർ ആർഎൻ രവി തിങ്കളാഴ്‌ചയാണ് സുപ്രീം കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഉയരുന്നതിന് പിന്നാലെ വിഷയത്തിൽ രാജ്ഭവൻ തിരക്കിട്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്‌തു.
തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ സമർപ്പിച്ച വിശദമായ സത്യവാങ്മൂലത്തിലാണ് രാജ്ഭവൻ ഇക്കാര്യം അറിയിച്ചത്. സർക്കാർ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും രാജ്ഭവൻ ഇത്രയും നാൾ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസ് ഉയർന്നുവന്നതിന് പിന്നാലെ ഗവർണറുടെ നടപടി ഡിഎംകെയും സർക്കാരും രാഷ്‌ട്രീയ ആയുധമാക്കിയിരുന്നു.
കേസിൽ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ ഡിഎംകെ സർക്കാരിന്റെ രാഷ്ട്രീയ വിജയമായാണ് അണികൾ കണക്കുകൂട്ടുന്നത്. ഗവർണർക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം ഗുണം ചെയ്‌തുവെന്നും ഡിഎംകെ കരുതുന്നു. നിലവിൽ ഗവർണർ-സർക്കാർ പോരിൽ വ്യക്തമായ മുൻതൂക്കം നേടാൻ ഡിഎംകെ സർക്കാരിനെയും, മുഖ്യമന്ത്രി സ്‌റ്റാലിനെയും ഈ വിധി സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അതേസമയം, ബില്ലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട് ഗവർണറോട് സുപ്രീം കോടതി ചോദ്യങ്ങളുയർത്തിയിരുന്നു. 2020 മുതൽ ബില്ലുകൾ കെട്ടികിടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഗവർണർ എന്ത് ചെയ്യുകയാണെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ദിവസങ്ങൾക്ക് മുൻപ് ഗവർണർ പത്ത് ബില്ലുകൾ തിരിച്ചയച്ചിരുന്നു. അതിൽ രണ്ട് ബില്ലുകൾ മുൻ എഐഎഡിഎംകെ സർക്കാർ പാസാക്കിയതാണ്. തുടർന്ന് ശനിയാഴ്‌ച തമിഴ്‌നാട് സർക്കാർ പ്രത്യേക സമ്മേളനം ചേരുകയും 10 ബില്ലുകൾ വീണ്ടും പാസാക്കുകയും ഗവർണർക്ക് വീണ്ടും അയക്കുകയും ചെയ്‌തിരുന്നു. ഇനി ഈ ബില്ലുകളിൽ ഗവർണർ എന്ത് നടപടിയാണ് എടുക്കുകയെന്ന് കാണട്ടെയെന്ന് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു. ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിന് വേണ്ടി ഡിസംബര്‍ ഒന്നിലേക്ക് മാറ്റി.












Click it and Unblock the Notifications