IPL 2023: മുംബൈയെ തകര്‍ത്ത് ചെന്നൈ; ആറ് വിക്കറ്റ് ജയത്തോടെ രണ്ടാം സ്ഥാനത്ത്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റും 2.2 ഓവറും ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ജയത്തോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് 13 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി.
താരതമ്യേന ദുര്‍ബല ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണര്‍മാരായ റിതുരാജ് ഗെയ്ക്വാദും ഡെവണ്‍ കോണ്‍വെയും മികച്ച തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ച് ഗെയ്ക്വാദ് 16 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന അജിങ്ക്യ രഹാനെ 17 പന്തില്‍ 21 റണ്‍സെടുത്തു. 44 റണ്‍സെടുത്ത ഡെവണ്‍ കോണ്‍വെയാണ് ടോപ് സ്‌കോറര്‍. ശിവം ദുബൈ 26 റണ്‍സുമായി പുറത്താകാതെ നിന്നു.

മുംബൈയ്ക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 14 റണ്‍സ് എടുക്കുമ്പോഴേക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച മുംബൈ ഇന്ത്യന്‍സിനെ നാലാം വിക്കറ്റില്‍ ഒത്ത് ചേര്‍ന്ന് നെഹാല്‍ വധേര - സൂര്യകുമാര്‍ യാദവ് സഖ്യമാണ് രക്ഷിച്ചത്. വധേര 51 പന്തില്‍ 64 റണ്‍സും സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 24 റണ്‍സും നേടി.
നാലാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായാണ് വധേര മടങ്ങിയത്. ചെന്നൈ സൂപ്പര്‍കിംഗ്സിനായി മതീഷ് പതിരണ മൂന്ന് വിക്കറ്റും ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മുംബൈ ഇന്ത്യന്‍സിനായി ട്രിസ്റ്റന്‍ സ്റ്റബ്സ് 21 പന്തില്‍ 20 റണ്‍സ് നേടി.
മുംബൈ നിരയില്‍ രോഹിത് പൂജ്യം റണ്‍സിനാണ് പുറത്തായത്. രോഹിത് അടക്കം അഞ്ച് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇന്നത്തെ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടര്‍ന്നു. 10 കളിയില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വീതം ജയവും തോല്‍വിയും ആണ് ഉള്ളത്.












Click it and Unblock the Notifications