ഐപിഎല്ലിന് ഐഎസ് ഭീഷണി..? നാല് പേര്‍ അറസ്റ്റില്‍, സുരക്ഷയൊരുക്കുന്നത് 3000 പൊലീസുകാര്‍!
അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്റ്റേഡിയത്തിലും പുറത്തും കര്‍ശന സുരക്ഷ. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് നാല് ഐഎസ് തീവ്രവാദികള്‍ എന്ന് സംശയമുള്ള നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7.30 നാണ് മത്സരം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് ഡിസിപിമാരും പത്ത് എസിപിമാരും ഉള്‍പ്പെടെ 3000 ത്തിലധികം പേര്‍ മത്സരത്തില്‍ ഡ്യൂട്ടിയിലുണ്ടാകും.

800 സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളും സുരക്ഷാ വിന്യാസത്തിന്റെ ഭാഗമാകും. കൂടാതെ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് വാഹനവ്യൂഹം സ്റ്റേഡിയത്തില്‍ ഉണ്ടായിരിക്കും. സംശയാസ്പദമായ സാഹചര്യത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തത് നിയമ നിര്‍വ്വഹണ ഏജന്‍സികളെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ശന പരിശോധനയുണ്ടാകും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് സാക്ഷിയാകാന്‍ പതിനായിരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദ് പൊലീസ് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം അറസ്റ്റിലായത് ശ്രീലങ്കന്‍ പൗരന്‍മാരാണ് എന്നാണ് വിവരം. ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും പോയവരാണ് പ്രതികള്‍.
നാലാം ഫൈനല്‍ ലക്ഷ്യമിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിറങ്ങുന്നത്. 2012 ലും 2014 ലും ചാമ്പ്യന്‍മാരായ കൊല്‍ക്കത്തക്ക് 2021 ല്‍ പക്ഷെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് കാലിടറി. രണ്ട് തവണ കൊല്‍ക്കത്തക്ക് കിരീടം നേടിക്കൊടുത്ത ഗൗതം ഗംഭീര്‍ ഇത്തവണ മെന്ററായി ടീമിനൊപ്പമുണ്ട്. അതിന്റെ എല്ലാ ഊര്‍ജവും കൊല്‍ക്കത്ത ടീമില്‍ ദൃശ്യവുമാണ്.
മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദാബാദും നാലാം ഫൈനലാണ് ലക്ഷ്യമിടുന്നത്. 2009 ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിലൂടെ കിരീടം നേടിയ ഹൈദരാബാദ് 2016 ലും ചാമ്പ്യന്‍മാരായി. 2018 ല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരാജയപ്പെട്ടത്. വെടിക്കെട്ട് ഓപ്പണര്‍മാരാണ് ഇരുടീമുകളുടേയും ശക്തി. അതിനാല്‍ തന്നെ തീ പാറുന്ന പോരാട്ടമായിരിക്കും ഇന്ന് നടക്കുക എന്ന് ഉറപ്പാണ്.












Click it and Unblock the Notifications