റണ്‍വേട്ടയില്‍ കോലിയെ മറികടന്നു, റുതുരാജിനെ 'ശപിച്ച്' ഫാന്‍സ്, 'വെറുതെയല്ല ലോകകപ്പില്‍ കളിക്കാത്തത്'
മുംബൈ: ഐപിഎല്‍ 2024 ലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലിയെ മറികടന്നതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് എതിരെ സൈബര്‍ ആക്രമണം. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റുതുരാജ് ഗെയ്ക്‌വാദ് 48 പന്തില്‍ 62 റണ്‍സെടുത്തിരുന്നു. ഇതോടെ പത്ത് മത്സരങ്ങളില്‍ നിന്ന് താരത്തിന് 509 റണ്‍സായി.
വിരാട് കോലിക്ക് ഇത്രയും മത്സരങ്ങളില്‍ 500 റണ്‍സാണ് ഉള്ളത്. ഈ സീസണില്‍ 500 റണ്‍സ് പിന്നിട്ടത് റുതുരാജും കോലിയും മാത്രമാണ്. ഭാര്യക്കൊപ്പമുള്ള റുതുരാജിന്റെ ചിത്രത്തിന് താഴെയാണ് വിദ്വേഷകരമായ കമന്റുകള്‍ നിറയുന്നത്. 'നിങ്ങള്‍ ഓറഞ്ച് ക്യാപ് അര്‍ഹിക്കുന്നില്ലെന്നും അത് വിരാട് കോലിക്ക് തിരികെ നല്‍കണം' എന്നുമാണ് ഒരു പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്.

റുതുവിന് ഓറഞ്ച് ക്യാപ്പേ കിട്ടിയുള്ളൂവെന്നും കോലിക്ക് ലോകകപ്പ് ടീമില്‍ സ്ഥാനമാണ് കിട്ടിയത് എന്നുമാണ് മറ്റൊരാളുടെ കമന്റ്. നീ ഓറഞ്ച് ക്യാപിന് വേണ്ടി മാത്രമാണോ കളിക്കുന്നത് എന്നാണ് മറ്റൊരാളുടെ കമന്റ്. ഇന്നത്തെ പ്രകടനത്തില്‍ നാണം തോന്നുന്നില്ലേ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. അതേസമയം റുതുരാജ് ഗെയ്ക്വാദിന് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കോലി 500 റണ്‍സ് എന്ന നേട്ടം കൈവരിച്ചതിന് ശേഷം ഈ സീസണില്‍ 500 റണ്‍സ് മറികടക്കുന്ന രണ്ടാമത്തെ താരമാണ് റുതുരാജ് ഗെയ്ക്വാദ്. എന്നാല്‍ തകര്‍പ്പന്‍ ഫോം ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.
ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി 20 പരമ്പരയില്‍ റുതുരാജ് ഗെയ്ക്‌വാദായിരുന്നു ക്യാപ്റ്റന്‍. 2022 ലെ ഏഷ്യന്‍ ഗെയിംസ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചതും ഗെയ്ക്‌വാദായിരുന്നു. ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായാണ് പലരും താരത്തെ വിലയിരുത്തുന്നത്. അതേസമയം ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം കടുത്തിരിക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള റുതുരാജിനും രണ്ടാം സ്ഥാനത്തുള്ള കോലിക്കും പിന്നാലെ 418 റണ്‍സുമായി സായി സുദര്‍ശനാണ് മൂന്നാം സ്ഥാനത്ത്.
കെ എല്‍ രാഹുല്‍ (406), റിഷഭ് പന്ത് (398) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഫില്‍ സാള്‍ട്ട് (392), സഞ്ജു സാംസണ്‍ (385), സുനില്‍ നരെയ്ന്‍ (372), ശിവം ദുബെ (350), തിലക് വര്‍മ്മ (343) എന്നിവരാണ് ആദ്യ പത്തിലുള്ളത്.












Click it and Unblock the Notifications