മോനേ ഹൈദരാബാദ് പൊളിയാണ്, മുംബൈയെ എയറിലാക്കി കമ്മിന്‍സും പിള്ളേരും; 31 റണ്‍സ് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 31 റണ്‍സ് വിജയം. 278 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് 246 റണ്‍സടിക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്.
അതേസമയം ഹൈദരാബാദിന്റെ ആദ്യ ജയവുമാണിത്. അതിവേഗം സ്‌കോര്‍ ചെയ്യേണ്ടിയിരുന്ന മത്സരത്തില്‍ മുംബൈ ആ രീതിയില്‍ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയാവുകയായിരുന്നു. ഇഷാന്‍ കിഷന്‍(13 പന്തില്‍ 34) രോഹിത് ശര്‍മ(12 പന്തില്‍ 26) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്.

കിഷന്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും അടിച്ചു. രോഹിത്തിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. ആദ്യ ഇരുപത് പന്തില്‍ ഇവര്‍ അടിച്ചെടുത്തത് 56 റണ്‍സായിരുന്നു. പിന്നീടെത്തിയ നമാന്‍ ധിര്‍(14 പന്തില്‍ 30) നന്നായി തന്നെ കളിച്ചു. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും താരം പറത്തി. തിലക് വര്‍മ(64) ടീമിന്റെ ടോപ സ്‌കോറര്‍.
34 പന്തില്‍ ആറ് സിക്‌സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ടീം ഡേവിഡ്(42*) ഹര്‍ദിക് പാണ്ഡ്യ(24) എന്നിവര്‍ക്ക് പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടീം ഡേവിഡ് മൂന്ന് സിക്‌സറുകളാണ് അടിച്ചത്. ഹൈദരാബാദ് നിരയില്‍ ജയദേവ് ഉനദ്കട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഷഹബാസ് അഹമ്മദിനാണ് ശേഷിച്ച വിക്കറ്റ്.
നേരത്തെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ അടിച്ചുകൂട്ടിയത്. മുംബൈയുടെ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 263 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഹൈദരാബാദ് തകര്‍ത്തത്. ഒറ്റ സെഞ്ച്വറി പോലും പിറന്നില്ലെങ്കിലും വരുന്നവനും പോകുന്നവനുമെല്ലാം തല്ലിത്തകര്‍ക്കുന്ന കാഴ്ച്ചയാണ് ഹൈദരാബാദ് നിരയില്‍ കണ്ടത്. ടോസ് നേടി മുംബൈ ഹൈദരാബാദിനെ ഫീല്‍ഡിംഗിന് അയക്കുകയായിരുന്നു.
തുടക്കം മുതല്‍ നോണ്‍സ്‌റ്റോപ്പ് വെടിക്കെട്ടായിരുന്നു ഹൈദരാബാദ് നടത്തിയത്. അഞ്ചാം ഓവറില്‍ സ്‌കോര്‍ 45ല്‍ നില്‍ക്കുമ്പോള്‍ പതിനൊന്ന് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ ടീമിന് നഷ്ടമായി. അഭിഷേക് ശര്‍മ(63) ട്രാവിസ് ഹെഡ്(62) എന്നിവര്‍ ചേര്‍ന്നതോടെ റണ്‍സ് ഒഴുകുകയായിരുന്നു. 23 പന്തില്‍ ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അഭിഷേഷകിന്റെ ഇന്നിംഗ്‌സ്. 24 പന്തില്‍ 9 ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയാണ് ട്രാവിസ് ഹെഡ് 62 റണ്‍സെടുത്തത്. ഹെഡായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്.
7.5 ഓവറില്‍ 113 റണ്‍സാണ് പിറന്നത്. ആദ്യ പത്തോവറില്‍ 150 റണ്‍സിലേറെ പിറക്കുന്നതും ആദ്യമായിട്ടായിരുന്നു. എന്നാല്‍ ഇരുവരും പോയശേഷമായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍ ഹെയിംറിച്ച് ക്ലാസന്‍ ക്രീസിലെത്തിയത്. 34 പന്തില്‍ 80 റണ്‍സടിച്ച് ക്ലാസന്‍ പുറത്താവാതെ നിന്്‌നു. ഏഴ് സിക്‌സറുകളും നാല് ബൗണ്ടറിയും താരം അടിച്ചു. 28 പന്തില്‍ 42 റണ്‍സടിച്ച മാക്രവും പുറത്താവാതെ നിന്നു. ഹൈദരാബാദ് ഇന്നിംഗ്‌സില്‍ മൊത്തം 18 സിക്‌സറുകളാണ് പിറന്നത്. മുംബൈ ബൗളര്‍മാരില്‍ ക്വെന മപ്പാക്ക നാലോവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications