ധോണിയായിരുന്നെങ്കില്‍ പുകഴ്ത്തിയേനെ; അവന് മാത്രം കൈയ്യടിയില്ല, ക്യാപ്റ്റന്‍സി പോര് കടുക്കുന്നു!!
മുംബൈ: ഐപിഎല്ലില്‍ വീണ്ടും ചര്‍ച്ചയായി ക്യാപ്റ്റന്‍സി പോര്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണോ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണോ മികച്ച ക്യാപ്റ്റന്‍ എന്നത് കുറച്ചുകാലമായി ഉള്ള ചോദ്യമാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചയായിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിന്റെ വാക്കുകള്‍.
രോഹിത് ശര്‍മ ഐപിഎല്ലില്‍ മുംബൈക്കായി അഞ്ച് കിരീടങ്ങള്‍ നേടിയിട്ടും താരത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. രോഹിത്തിന്റേത് മികച്ച ക്യാപ്റ്റന്‍സിയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള പ്രശംസ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പലരും ക്യാപ്റ്റന്‍സിയുടെ പേരില്‍ രോഹിത്തിനെ അഭിനന്ദിക്കുന്നതില്‍ മടി കാണിക്കുകയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നേരത്തെ ലഖ്‌നൗവിനെതിരായ വിജയത്തില്‍ ഒരുപാട് പ്രശംസ രോഹിത്തിന് ലഭിച്ചിരുന്നു. ഫീല്‍ഡിംഗിലും, ക്യാപ്റ്റന്‍സിയിലും, ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ചതും അടക്കം രോഹിത് കളം നിറഞ്ഞ് നിന്നിരുന്നു. സോഷ്യല്‍ മീഡിയ അടക്കം രോഹിത്തിനെ പ്രശംസിച്ചിരുന്നു. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയെ അപേക്ഷിച്ച് രോഹിത്തിന് മത്സരം ജയിപ്പിക്കുന്നതില്‍ യാതൊരു ക്രെഡിറ്റും കിട്ടാറില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു.
ധോണിയാണ് ക്യാപ്റ്റന്‍സി മികവ് കൊണ്ട് ടീമിനെ വിജയിപ്പിച്ചതെങ്കില്‍ എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തുമായിരുന്നു. എന്നാല്‍ രോഹിത്തിന് മാത്രം അതൊന്നും ലഭിക്കുന്നില്ലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. രോഹിത് അണ്ടര്‍ റേറ്റഡായിട്ടുള്ള ക്യാപ്റ്റനാണെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.രോഹിത്തിന്റെ ക്യാപ്റ്റന്‍സി പറയാനാണെങ്കില്‍ ഒരുപാടുണ്ട്.
ഒരുദാഹരണം പ്ലേഓഫില്‍ നിന്ന് പറയാം. മധ്വാല്‍, ആയുഷ് ബദോനി പുറത്താക്കിയത് ഒരു വശത്ത് നിന്ന് ബൗള്‍ ചെയ്താണ്. ഇതിന് ശേഷം നിക്കോളാസ് പൂരാനെയും പുറത്താക്കി. അത് അപ്പുറത്തെ വശത്ത് നിന്ന് പന്തെറിഞ്ഞായിരുന്നു. ഒരിക്കലും ബൗളര്‍മാര്‍ ഇങ്ങനെ ചെയ്യാറില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു.
കാരണം ഒരു വശത്ത് നിന്ന് താളം കണ്ടെത്തിയാല്‍ അതേവശത്ത് തന്നെ ബൗളിംഗ് തുടരുകയാണ് പന്തെറിയുന്നവര്‍ ചെയ്യാറുള്ളത്. അതിനി ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാനായാലും മാറാറില്ല. എന്നാല്‍ വശം മാറി എറിഞ്ഞ മധ്വാല്‍ പൂരാനെ ഗംഭീര പന്തില്‍ പുറത്താക്കിയെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇത്തരം നേട്ടങ്ങള്‍ക്കൊന്നും രോഹിത്തിനെ ആരും പ്രശംസിച്ചിട്ടില്ല. എന്നാല്‍ മധ്വാള്‍ ഈ പ്രകടനം നടത്തിയത് ധോണിക്ക് കീഴിലാണെങ്കില്‍ അദ്ദേഹത്തെ എല്ലാവരും പുകഴ്ത്തുമായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയെ ഗംഭീരമെന്ന് എല്ലാവരും വിശേഷിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല.
നിഹാല്‍ വദേരയെ ഇംപാക്ട് പ്ലെയറായി ഉപയോഗിച്ചത് നോക്കൂ. ബാറ്റ്‌സ്മാന്മാരെ ഇംപാക്ട് പ്ലെയറായി ആരും വെക്കാറില്ല. എന്നാല്‍ രോഹിത് അത് ചെയ്തു. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. അര്‍ഹിച്ച പ്രശംസയാണ് രോഹിത്തിന് കിട്ടാതെ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications