ഹര്‍ദിക്കിനും രാഹുലിനും ബാധകമല്ലേ, എന്തുകൊണ്ട് രഞ്ജി കളിച്ചില്ല; ശ്രേയസിനും ഇഷാനും പിന്തുണ
ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരിനെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വലിയ വിമര്‍ശനം. മറ്റ് താരങ്ങളുടെ കാര്യങ്ങളാണ് പലരും ഉന്നയിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളാണ് ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ളവര്‍ പറയുന്നു.
ശ്രേയസിനോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുംബൈയുടെ ഒരൊറ്റ മത്സരത്തില്‍ നിന്ന് മാത്രമാണ് ശ്രേയസ് വിട്ടുനിന്നത്. ഹര്‍ദിക്ക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും ഇതൊന്നും ബാധകമല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ പരുക്ക് കാരണം ടീമില്‍ നിന്ന് വിട്ടുനിന്നിട്ടും എ ഗ്രേഡ് കരാറാണ് നല്‍കിയിരിക്കുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പ് മുതല്‍ ഹര്‍ദിക് പരുക്കിന്റെ പിടിയിലാണ്. ഇതുവരെയായി മടങ്ങി വന്നിട്ടില്ല. താരം ഐപിഎല്ലിനായി ഇപ്പോള്‍ പരിശീലനം നടത്തുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ശ്രേയസും കിഷനും ശക്തമായി തന്നെ തിരിച്ചുവരുമെന്ന് കരുതുന്നതായി ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഹര്‍ദിക്ക് പാണ്ഡ്യയെ പോലുള്ള താരങ്ങള്‍ക്ക് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമില്ല. അങ്ങനെയെങ്കില്‍ ദേശീയ ടീമിന്റെ ഭാഗമായിരിക്കാത്ത സമയത്ത് ഹര്‍ദിക്കിനെ പോലുള്ളവര്‍ ആഭ്യന്തര ഏകദിന മത്സരങ്ങള്‍ കളിക്കുമോ എന്നും ഇര്‍ഫാന്‍ ചോദിച്ചു.
ഈ നിയമം എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആഗ്രഹിച്ച ഫലം ലഭിക്കില്ലെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു. എന്തുകൊണ്ട് കെഎല്‍ രാഹുല്‍ കര്‍ണാടകയുടെ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. രാഹുല്‍ നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ല.
പക്ഷേ ടീമിനൊപ്പം രാഹുല്‍ ഉണ്ട്. രാഹുലിനെ രഞ്ജി കളിക്കാനായി റിലീസ് ചെയ്യാതിരുന്നതെന്താണെന്നും നിരവധി പേരാണ് ചോദിച്ചത്. ടീമിന് വേണ്ടി ഗംഭീരമായി കളിക്കുന്ന കുല്‍ദീപ് യാദവിന് ബി ഗ്രേഡ് കരാറാണ് ലഭിച്ചത്. കളിക്കാതിരുന്ന ഹര്‍ദിക്കിന് പകരം കുല്‍ദീപിനായിരുന്നു ആ കരാര്‍ നല്‍കേണ്ടിയിരുന്നതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം ഇഷാന്‍ കിഷന്‍ വരുന്ന ഐപിഎല്‍ സീസണ്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്നും, അതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ എത്താന്‍ ശ്രമിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു. അടുത്തിടെ വരെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ആദ്യ പരിഗണന ഇഷാനായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇനി അങ്ങനെയല്ലെന്നും ചോപ്ര വ്യക്തമാക്കി.
റണ്‍സടിക്കാന്‍ ഇഷാന് വലിയ ആഗ്രഹമുണ്ടാവും. ഐപിഎല്‍ മാത്രമാണ് അതിനുള്ള വഴി. വേറെ എവിടെയാണ് ഇഷാന്‍ ഇപ്പോള്‍ കളിക്കുന്നത്. വേറൊരു ടീമിലും ഇഷാന്‍ ഇല്ല. അതുകൊണ്ട് ഐപിഎല്‍ അവസരമാണ്. ഇഷാനും രോഹിത്തും ചേര്‍ന്നുള്ള ഓപ്പണിംഗ് ഗംഭീരമാകാന്‍ സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു.












Click it and Unblock the Notifications