Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയുടെ ഐടി സ്വപ്നങ്ങള്‍ വിരിയുമ്പോള്‍...2

5. കൊച്ചിയ്ക്കുള്ള മറ്റ് മെച്ചങ്ങള്‍ കൂടുതല്‍ വിശദമാക്കാമോ?

കേരളത്തില്‍ മികച്ച കോസ്മോപൊളിറ്റന്‍ സംസ്കാരമുള്ള നഗരമാണ് കൊച്ചി. വിനോദത്തിനും രസകരമായി സമയം ചെലവഴിയ്ക്കാനും പറ്റിയ സാധ്യതകളും അതിവേഗം വളരുന്ന കൊച്ചിയിലുണ്ട്. ബാംഗ്ലൂരിലേക്കുള്ള റോഡ് മാര്‍ഗ്ഗത്തിലൂടെയുള്ള ഗതാഗതസൗകര്യം(എസി സ്ലീപ്പര്‍ ബസുകളുടെ ലഭ്യത) മറ്റൊരു അനുകൂല ഘടകമാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍, കൊച്ചിയ്ക്ക് വ്യവസായമേഖലയില്‍ വന്‍കുതിപ്പുണ്ടാവും.

കൊച്ചിയ്ക്ക് ഇപ്പോഴാണ് സമയം തെളിയുന്നത്. ഇന്ത്യയില്‍ തന്നെയുള്ള പല പ്രധാനപ്പെട്ട കമ്പനികളും- വിപ്രോ, ഇന്‍ഫോസിസ്-,അതുപോലുള്ള മറ്റ് കമ്പനികളും പുതുതായി ബിപിഒ ബിസിനസ്സിലേക്ക് കടന്നുവരുന്ന കമ്പനികളും എല്ലാം ഏറ്റവും പ്രധാനമായി കാണുന്ന ഒരു ഐടി കേന്ദ്രമായി കൊച്ചി മാറിക്കഴിഞ്ഞു. വിമാനത്താവളം, തുറമുഖം എന്നീ രണ്ട് സൗകര്യങ്ങള്‍ ഉള്ള സ്ഥലമെന്നതും വ്യവസായസംരംഭകര്‍ക്ക് കൊച്ചിയിലുള്ള താല്പര്യം വര്‍ധിപ്പിയ്ക്കുന്നു. ഇക്കാരണങ്ങളാല്‍ കൊച്ചി ഒരു നല്ല ഐടി ബിസിനസ്സ് കേന്ദ്രമായി വളര്‍ന്നുവരുമെന്നതില്‍ സംശയം വേണ്ട.

തുറമുഖം അടുത്തുതന്നെയായതിനാല്‍ ഹാര്‍ഡ്വെയറിലേക്കും ഒരു ശ്രദ്ധ കൊച്ചിയ്ക്ക് നല്കാന്‍ കഴിയും. കൊച്ചിയില്‍ ഒരു സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. വിവര സാങ്കിതിക വിദ്യയുമായി ബന്ധപ്പെട്ട ഹാര്‍ഡ്വെയര്‍ മേഖലയിലേക്ക് വരുന്ന വ്യവസായപദ്ധതികള്‍ എല്ലാം കൊച്ചിയുടെ സ്പെഷ്യല്‍ എക്കണോമിക് സോണിലേക്ക് ഫോക്കസ് ചെയ്യും

6. കാള്‍സെന്റര്‍ മേഖലയില്‍ എങ്ങിനെയെല്ലാമാണ് കേരളം ഒരുങ്ങേണ്ടത്?

കാള്‍സെന്ററിനുള്ള കാലാവസ്ഥ എത്ര അനുകൂലമാണെങ്കില്‍പ്പോലും കാള്‍ സെന്ററിലേതു പോലുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ള പരിശീലനം നേടിയവര്‍ നമുക്ക് വേണ്ടത്രയില്ലെന്നുള്ളതാണ് സത്യം. ഇനി അത്തരക്കാര്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് (ഉദാഹരണത്തിന് ബാംഗ്ലൂരില്‍ നിന്നോ മറ്റോ) ലഭ്യമായാല്‍ പോലും അവരെ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള സംവിധാനം കേരളത്തില്‍ കുറവാണ്. ഇപ്പോള്‍ കൊച്ചിയ്ക്ക് മാത്രമേ അല്പമെങ്കിലും അതിനുള്ള പക്വതയുള്ളൂ. ഉയര്‍ന്ന വരുമാനക്കാരായ ജീവനക്കാരെ (കേരളത്തിന് പുറത്തുനിന്നുള്ളവരെ) നമ്മള്‍ കുറെക്കാലം നിലനിര്‍ത്തേണ്ടിവരും. കാരണം അവര്‍ക്കനുയോജ്യമായ നഗരസാഹചര്യങ്ങള്‍ ഉണ്ടെങ്കിലേ അവര്‍ ഇവിടെ നില്ക്കൂ.

അപ്പോള്‍ മറ്റൊരു കാര്യം ചെയ്യാവുന്നത് കാള്‍ സെന്റര്‍ തൊഴിലിന് പറ്റിയവരെ ഇവിടെ തന്നെ പരിശീലനം നല്കി വളര്‍ത്തിയെടുക്കുക എന്നുള്ളതാണ്. ഇവിടെ വിദ്യാഭ്യാസം നേടിയ കുട്ടികള്‍ ധാരാളമാണ്. ഡിഗ്രി കഴിഞ്ഞവരും അവസാനവര്‍ഷ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്നവരുമായ ഒട്ടേറെ കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് പറ്റുന്ന, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് യോജിച്ച തൊഴിലാണിത്. അത്തരം കുട്ടികളെ കണ്ടെത്തി പരിശീലനം നടത്താനുള്ള സംവിധാനം കൊച്ചിയിലെ ഐടിഇഎസ് ഹാബിറ്റാറ്റ് സെന്ററില്‍ തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസവും സാക്ഷരതയും കേരളത്തില്‍ കൂടുതലാണെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികള്‍ കുറവാണ്. കാള്‍ സെന്റര്‍ ജോലിയ്ക്ക് ഇംഗ്ലീഷ് വിദഗ്ധമായി കൈകാര്യം ചെയ്യാനറിയണം. അതിനാലാണ് ഐടി എനേബിള്‍ഡ് സര്‍വീസസില്‍ സര്‍ക്കാര്‍ പ്രത്യേകം പരിശീലനം നല്കുന്നത്. ഓരോബാച്ചും പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ മറ്റുള്ള കുട്ടികള്‍ക്ക് അതിലേക്ക് വരാനുള്ള താല്പര്യം കൂടും. കൂടുതല്‍ കമ്പനികള്‍ വരുമ്പോള്‍ കൂടുതല്‍ പേര്‍ കാള്‍ സെന്ററുകള്‍ക്ക് ആവശ്യമായിവരും.

ഇതിനായി കൂടുതല്‍ പരിശീലനകേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഐടി, വിവര സാങ്കിതിക ബന്ധ മേഖലകളില്‍ (ഐടിഇഎസ്) തൊഴില്‍ ബന്ധ (എച്ച്ആര്‍) മേഖല വികസിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ ജനകീയ പ്രചാരണ പരിപാടി ഉദ്ദേശിയ്ക്കുന്നുണ്ട്.

7. ഏറെ പരിശ്രമിയ്ക്കുന്നുണ്ടെങ്കിലും കേരളം ഐടി രംഗത്ത് പ്രതീക്ഷിയ്ക്കുന്ന രീതിയില്‍ മുന്നേറുന്നില്ലെന്ന പരാതിയുണ്ടല്ലോ?

കാള്‍ സെന്ററുകളുടെ കാര്യമെടുക്കാം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാള്‍ സെന്ററുകള്‍ ദില്ലിയിലാണ്. മുംബൈയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. ബാംഗ്ലൂരില്‍ സ്ഥാപിയ്ക്കുന്നതിന് വളരെ മുമ്പ് തന്നെ റിലയന്‍സിന്റെ ഒരു ഡാറ്റാ സെന്റര്‍ മുംബൈയില്‍ വന്നു.

വ്യവസായികമായി പുരോഗമിച്ച ഏത് സ്ഥലവും ഐടിയിലും പുരോഗമിയ്ക്കും. ഇപ്പോള്‍ ചെന്നൈയില്‍ അവര്‍ ഐടിയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഒരു പരിശ്രമവും നടത്തുന്നില്ലെങ്കിലും വിവരസാങ്കേതിക മേഖല അവിടെ തനിയേ വളരുകയാണ്. കാരണം അവിടെ അത്രയ്ക്കധികം ഓട്ടോമൊബീല്‍ വ്യവസായങ്ങള്‍ ഉള്ള സ്ഥലമാണ്. ബാംഗ്ലൂരില്‍ ആണെങ്കില്‍പ്പോലും സാധാരണ വ്യവസായങ്ങള്‍ വളരെയധികം ഉള്ളതുകൊണ്ട് അതിനുള്ള താങ്ങെന്ന നിലയിലും ഐടി സ്വയം വളര്‍ന്നുകൊള്ളും.

അപ്പോള്‍ വ്യവസായപുരോഗതി എവിടെയുണ്ടോ അവിടെയൊന്നും വിവരസാങ്കേതിക മേഖലയെ വളര്‍ത്താന്‍ പ്രത്യേകിച്ച് പ്രയത്നത്തിന്റെ ആവശ്യമില്ല. അത് തനിയേ വളരും. കേരളത്തിന്റെ സ്ഥിതി അതല്ല. കേരളത്തില്‍ വ്യവസായങ്ങള്‍ വളരെ കുറവായതുകൊണ്ട് ഐടിയെ വളര്‍ത്താന്‍ പ്രത്യേകിച്ച് ഒരു പ്രയത്നം വേണ്ടിവരും. അല്ലെങ്കില്‍ ഈ മേഖല വളരുകയുമില്ല. ഇതാണ് കേരളത്തിലെ ഐടി വികസനം വളരെ സാവധാനത്തിലായത്. ഇപ്പോള്‍ നമുക്ക് ഭാഗ്യത്തിന് ഐടി മേഖലയില്‍ കുതിപ്പുണ്ടാക്കാനുള്ള ഒരു സാഹചര്യമാണ് ബിപിഒ വ്യവസായത്തിലൂടെ കൈവന്നിരിയ്ക്കുന്നത്.

8. ഐടി നിക്ഷേപകരെ കണ്ടെത്താന്‍ എന്തൊക്കെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്?

ഐടി മിഷന്‍ തന്നെ പലരീതിയില്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പോയി ഐടി കമ്പനികളെ കാണുന്നുമുണ്ട്. അവരുടെ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്തി ചര്‍ച്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ കേരളത്തില്‍ ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഐടി സാധ്യതയെക്കുറിച്ച് വിപണനം നടത്തുന്നതിന്റെ ഭാഗമായി നമ്മുടെ മന്ത്രിമാര്‍ വിദേശത്ത് വ്യവസായസംരംഭകരെ കാണുന്നുമുണ്ട്.

ഇന്ത്യയിലും വിദേശത്തും തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഐടി മിഷന്‍ കേരളത്തിന്റെ ഐടി സാധ്യതകളെക്കുറിച്ച് പ്രദര്‍ശന പരിപാടികളം മറ്റ് പ്രചാരണങ്ങളും നടത്തുന്നുണ്ട്. മലപ്പുറത്ത് വിജയകരമായി നടത്തുന്ന അക്ഷയ പദ്ധതി ലോകശ്രദ്ധയാകര്‍ഷിയ്ക്കുകയാണ്. ഈയിടെ കൊച്ചിയില്‍ നടന്ന സിഇഒമാരുടെ സമ്മേളനവും കേരളത്തിന്റെ സാധ്യതകള്‍ പ്രചരിപ്പിയ്ക്കാന്‍ സഹായകരമായി.

9. ഹാര്‍ഡ്വെയര്‍ മേഖലയില്‍ കൊച്ചിയ്ക്ക് സാധ്യതകളുണ്ടോ?

ഹാര്‍ഡ് വേര്‍ രംഗത്തെ എല്ലാം കേരളത്തില്‍ വികസിയ്ക്കും എന്ന് പറയാനാവില്ല. ഉദാഹരണത്തിന് ഇന്റഗ്രേറ്റഡ് ചിപ്പ് അല്ലെങ്കില്‍ വിഎല്‍എസ്ഐ പോലെ ഒരു ചിപ്പ് ആണുണ്ടാക്കുന്നതെങ്കില്‍ അതിവിടെ വളരാന്‍ ബുദ്ധിമുട്ടാണ്. കാരണം ചൈനയും തായ്വാനുമായി മത്സരിച്ച് അതുപോലത്തെ ഒരു ഹാര്‍ഡ് വേര്‍ വ്യവസായം ഇവിടെ വലിയൊരു രീതിയില്‍ വരുമെന്ന് പ്രതീക്ഷിയ്ക്കാന്‍ വയ്യ.

എന്നാല്‍ ചൈനയില്‍ എല്ലാമുണ്ടെന്ന് വച്ച് ഇവിടെ ഒന്നുംവരില്ലെന്ന് കരുതുന്നത് ശരിയല്ല. കാരണം നമുക്ക് ഷിപ്പിംഗ് മേഖലയിലുള്ള ചില മെച്ചങ്ങള്‍ ഉണ്ട്. നമ്മുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ച് നോക്കിയാല്‍ മലേഷ്യയിലേക്കും യൂറോപ്പിലേക്കും സാധനങ്ങള്‍ കടല്‍ വഴി അയയ്ക്കാന്‍ എളുപ്പമാണ്. അധികം ഫ്രൈറ്റ് സെന്‍സിറ്റീവ് അല്ലാത്ത സാധനങ്ങള്‍ വ്യോമമാര്‍ഗ്ഗം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ കൊണ്ടുപോകാവുന്നതാണ്. ഇന്റഗ്രേറ്റഡ് ചിപ്പ് പോലെ ലക്ഷക്കണക്കിന് യൂണിറ്റുകള്‍ ഉല്പാദിപ്പിച്ചാല്‍ മാത്രം നിലനിന്നുപോകാവുന്ന യൂണിററുകള്‍ കൊച്ചിയില്‍ വരുത്താന്‍ കഴിയില്ല. പകരം ആയിരങ്ങള്‍ ഉല്പാദിപ്പിയ്ക്കാവുന്ന ഡിസി ടു ഡിസി സ്വിച്ച് മോഡ് പവര്‍ സപ്ലൈസും കമ്പ്യൂട്ടറിന്റെ അസംബ്ലിംഗ് യൂണിറ്റുകളും ഒക്കെ ശരിയായി ശ്രമിച്ചാല്‍ നമുക്ക് ഇവിടെ സ്ഥാപിയ്ക്കാവുന്നതേയുള്ളൂ.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+