റൊമാന്റിക്- ആക്ഷന്‍ ത്രില്ലറിലെ നായകനായി മുഹമ്മദ് മുഹ്സിൻ, സിനിമാ വിശേഷങ്ങളുമായി എംഎൽഎ
പാലക്കാട്: ജനപ്രതിനിധി എന്ന നിലയ്ക്ക് പട്ടാമ്പിക്കാരുടെ ഹൃദയം കീഴടക്കിയതാണ് മുഹമ്മദ് മുഹ്‌സിന്‍. ഇനി സിനിമയിലും ഒരു കൈ നോക്കാന്‍ ഇറങ്ങിയിരിക്കുകയാണ് എംഎല്‍എ.
അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'തീ' എന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എത്തുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സാഗരയാണ് നായിക. ചിത്രീകരണം പൂര്‍ത്തിയാക്കി 'തീ' റിലീസ് കാത്തിരിക്കുകയാണ്. ആദ്യ സിനിമയെ കുറിച്ചുളള വിശേഷങ്ങള്‍ വണ്‍ ഇന്ത്യ മലയാളത്തോട് പങ്കുവെയ്ക്കുകയാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ..
ആരാധകര്‍ കാത്തിരുന്ന അമല പോളിന്റെ ഫോട്ടോഷൂട്ട്, ഹോട്ടായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

രാഷ്ട്രീയം ടു സിനിമ
നേരത്തെ നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ അത്തരത്തില്‍ അഭിനയ രംഗത്തുണ്ട്. എംഎല്‍എ ആയതിന് ശേഷം അതിന് കഴിഞ്ഞിട്ടില്ല എന്നേ ഉളളൂ. ഇപ്പോള്‍ നല്ലൊരു അവസരം വന്നു. സാമൂഹിക പ്രതിബദ്ധതയുളള ഒരു സിനിമയും കഥാപാത്രവുമാണ് ഇത്.
തീ ഒരു സാധാരണ സിനിമ അല്ല. കുറച്ച് വ്യത്യസ്തമായ സിനിമയാണ്. ഒരു റൊമാന്റിക്- ആക്ഷന്‍ ത്രില്ലര്‍ എന്ന് പറയാം. പ്രണയമുണ്ട്, ആക്ഷന്‍ രംഗങ്ങളുണ്ട്. ഇത് നല്ലൊരു ത്രില്ലര്‍ ആയിരിക്കും. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് താന്‍ എത്തുന്നത്. നിരവധി വൈകാരിക ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു കഥാപാത്രമാണ് തന്റെത്. അഗാധമായ പ്രണയവും വൈകാരിക രംഗങ്ങളും ഒക്കെയുളള ഒരു കഥാപാത്രം.

നായകൻ
സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ ആണ് ആദ്യമായി ഇത്തരമൊരു അവസരത്തെ കുറിച്ച് തന്നെ വിളിച്ച് പറയുന്നത്. ചെറിയ റോള്‍ ആയിരിക്കും എന്നാണ് താന്‍ കരുതിയത്. നായക കഥാപാത്രമാണ് എന്ന് അറിയുന്നത് പിന്നീടാണ്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു അത്. തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കും എന്ന് തോന്നിയ ഘട്ടത്തില്‍ ഈ സിനിമ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്‍ അനില്‍ വി നാഗേന്ദ്രനും സഹതാരങ്ങളായ പ്രേം കുമാറും ഇന്ദ്രന്‍സും ഉല്ലാസ് പന്തളവും അരിസ്റ്റോ സുരേഷുമെല്ലാം ഒരുപാട് സഹായിച്ചു.

നാടക പരിചയം
നാടകങ്ങളില്‍ അഭിനയിച്ചുളള പരിചയം ആദ്യ സിനിമാ അഭിനയത്തെ കാര്യമായി സഹായിച്ചിട്ടുണ്ട്. നാടകത്തിലെയും സിനിമയിലേയും അഭിനയം തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സിനിമയിലാകുമ്പോള്‍ ഫ്രെയിമും ക്യാമറാ ആംഗിളും അടക്കമുളള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നാടകത്തില്‍ സ്റ്റേജും കാണികളേയും മാത്രം നോക്കിയാല്‍ മതി. സിനിമയിലെ ഡബ്ബിംഗ് നാടകത്തില്‍ ആവശ്യമില്ല. സിനിമ ഡബ്ബിംഗ് അടക്കം എല്ലാ ജോലികളും പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുകയാണ്.

ഒടിടിയോ തിയറ്ററോ
സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതൊരു കൊമേഴ്‌സ്യല്‍ മൂവി ആണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒടിടി റിലീസിന് ആണ് സാധ്യത കൂടുതല്‍. അതേസമയം തിയറ്ററുകള്‍ തുറക്കുന്ന ഘട്ടം വരികയാണെങ്കില്‍ അതിന് തന്നെ ആവും മുന്‍തൂക്കം കൊടുക്കുക.

സിനിമ സ്വപ്നമായിരുന്നു
സിനിമ എന്ന സ്വപ്‌നം നേരത്തെ തന്നെ തനിക്കുണ്ടായിരുന്നു. എന്നാല്‍ അതിനായി കാര്യമായ ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. കോളേജ് പഠനകാലത്ത് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. അതിനപ്പുറത്തേക്ക് സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി ശ്രമം നടത്തിയിട്ടില്ല. പഠനത്തിലും രാഷ്ട്രീയത്തിലും തന്നെ ആയിരുന്നു ശ്രദ്ധ ഊന്നിയിരുന്നത്. പക്ഷേ ദില്ലിയില്‍ ആയിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും യുവകലാസാഹിതിയുമായും ജനസംസ്‌കൃതിയുമായുമൊക്കെ ചേര്‍ന്ന് നാടകങ്ങളും മറ്റുമായി സജീവമായിരുന്നു.

പ്രേംകുമാറിന്റെ ടിപ്സ്
കഥാപാത്രമാകാന്‍ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. വിലയിരുത്തേണ്ടത് ജനങ്ങളാണ്. ഒരുപാട് അഭിനയിച്ച് പരിചയമൊന്നും ഉളള ആളല്ല താന്‍. പല പുതിയ കാര്യങ്ങളും അറിയുന്നത് ഈ സിനിമയിലേക്ക് വന്നതിന് ശേഷമാണ്. അതിന്റേതായ കുറവുകള്‍ കണ്ടേക്കാം. എന്നാലും പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രേം കുമാറിനൊപ്പമായിരുന്നു പ്രധാനമായും തനിക്ക് സീനുകള്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ടിപ്‌സ് അഭിനയത്തെ സഹായിച്ചിട്ടുണ്ട്.
ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. കൊവിഡ് ഒന്നാം തരംഗത്തിന് മുന്‍പായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഷൂട്ടിംഗിന് അനുമതി ലഭിച്ചപ്പോള്‍ അവശേഷിച്ച ഭാഗങ്ങളും തീര്‍ത്തു.

ഷൂട്ടിംഗിന് അനുമതി വേണോ?
സിനിമാ രംഗത്തെ സാധാരണ തൊഴിലാളികള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സിനിമയിൽ മാത്രമല്ല മറ്റെല്ലാ മേഖലകളിലും സ്ഥിതി അത് തന്നെ. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനും എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനും സാധിച്ചില്ലെങ്കില്‍ അത് വലിയ വെല്ലുവിളിയാവും. പക്ഷേ സര്‍ക്കാര്‍ വളരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ടിപിആര്‍ ഒന്ന് കൂടി കുറഞ്ഞാൽ സിനിമാ വ്യവസായവും തുറന്ന് കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അധികം വൈകാതെ ഈ സാഹചര്യം മാറുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് വിശ്വാസം.












Click it and Unblock the Notifications