കാനഡ മടുത്ത് ഇന്ത്യയിലേക്ക് കൂട്ടത്തോടെ മടങ്ങി യുവാക്കൾ;ഞെട്ടിക്കുന്ന കണക്കുകളും കാരണങ്ങളും
ഡൽഹി: ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലം മുതൽ പഞ്ചാബിലെ സിഖ് വംശജർ കുടിയേറിയ സ്ഥലമാണ് കാനഡ. ഇന്ന് അവിടുത്തെ പ്രബലമായ സമുദായം കൂടിയാണ് സിഖ് സമുദായം. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയിൽ 41 ശതമാനത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് കണക്കുകൾ. ഇതിൽ തന്നെ പകുതിയും പഞ്ചാബിൽ നിന്നുള്ളവരാണ് .പ്രതിവർഷം ആയിരക്കണക്കിന് പേരാണ് ഇപ്പോഴും കാനഡിയിലേക്ക് പഞ്ചാബിൽ നിന്നും പറക്കുന്നത്.
2022ൽ പഠനാനുമതി ലഭിച്ച 2,25,450 ഇന്ത്യൻ വിദ്യാർത്ഥികളിൽ 1.36 ലക്ഷം പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. പഞ്ചാബ് മേഖലയിൽ നിന്നുള്ള 3.4 ലക്ഷം വിദ്യാർത്ഥികൾ നിലവിൽ കാനഡയിൽ പഠിക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. എന്നാൽ ഒരിക്കൽ 'അമ്മ വീട്' പോലെ കരുതിയിരുന്ന കനേഡിയൻ മണ്ണിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങുകയാണ് പഞ്ചാബികൾ എന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

പഞ്ചാബ് സ്വദേശിയായ 28 വയസുകാരൻ ബാൽക്കർ അത്തരത്തിലൊരാളാണ്. കുടുംബത്തിന്റെ ഭൂമി പണയം വെച്ചാണ് ബാൽക്കർ കാനഡയിലേക്ക് ഉപരിപഠനത്തിനായി പറന്നത്. കനേഡിയൻ പൗരത്വമായിരുന്നു ബാൽക്കറിന്റെ സ്വപ്നം. എന്നാൽ അവിടുത്തെ സാഹചര്യങ്ങൾ കഠിനമേറിയതാണെന്ന് ബാൽക്കർ പറയുന്നു. 'ജീവിതചെലവ് വളരെ കൂടുതലായിരുന്നു. കോളേജ് കഴിഞ്ഞ് എല്ലാ ആഴ്ചയും 50 മണിക്കൂർ ജോലി ചെയ്യേണ്ടി വന്നു. പണപ്പെരുപ്പം കാരണം പലരും പഠനം ഉപേക്ഷിച്ച് ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ്', ബാൽക്കർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
നിലവിൽ വീടിനോട് ചേർന്ന് മുറിയെടുത്ത് എംബ്രോയിഡറി ബിസിനസ് ചെയ്യുകയാണ് ബാൽക്കർ.അത്യാവശ്യം നല്ല രീതിയിലാണ് ബിസിനസ് പോകുന്നതെന്നും സ്വന്തം വീട്ടിലിരുന്ന് പണമുണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്തിന് ബുദ്ധിമുട്ടി ഇത്തരത്തിൽ അന്യനാട്ടിൽ പോയി കിടക്കണമെന്നും ബാൽക്കർ ചോദിക്കുന്നു. ഏജന്റുമാർ പറയുന്നതല്ല കാനഡയിലെ ജീവിതം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങിയ പലരും സാക്ഷ്യപ്പെടുത്തുന്നത്.
അതേസമയം കാനഡ കുടിയേറ്റം മാത്രം സ്വപ്നം കണ്ട് ജീവിച്ച നിരവധി യുവാക്കൾ ഉണ്ടെന്ന് പറയുകയാണ് ഇമിഗ്രേഷൻ ഏജന്റുമാർ. എന്നാൽ, ജോലി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും പാർപ്പിടത്തിൻ്റെയും തൊഴിൽ അവസരങ്ങളുടെയും അഭാവത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങളെക്കുറിച്ചും സംസാരിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയതോടെ പലരും ആശങ്കയിലാണെന്നും ഇവർ പറയുന്നു.
2023-ൻ്റെ രണ്ടാം പകുതിയിൽ കനേഡിയൻ സ്റ്റഡി പെർമിറ്റുകൾക്കായുള്ള ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 40% കുറവുണ്ടായെന്നാണ് അടുത്തിടെ വന്ന കണക്കുകൾ പറയുന്നത്.ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണിത്.
അതേസമയം യുവാക്കൾ മാത്രമല്ല മുതിർന്നവരും ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു. പാശ്ചാത്യ ജീവിതരീതിയുമായുള്ള പൊരുത്തക്കേട്, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ വീഴ്ച, ഇന്ത്യയിലെ മികച്ച സാമ്പത്തിക സാധ്യതകൾ എന്നിവയൊക്കെയാണ് ഇവരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതെന്നാണ് കാനഡയിൽ 15 വർഷത്തോളം കഴിഞ്ഞ കരൺ ഔലാക്ക് പറയുന്നത്. താൻ ഇപ്പോൾ സ്വന്തമായൊരു ഓൺലൈൻ കൺസൽട്ടൻസി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് വേണ്ടിയുള്ളതാണ് അത്. മാസത്തിൽ രണ്ടോ മൂന്നോ കോൾ തനിക്ക് ലഭിക്കാറുണ്ട്. നാട്ടിൽ വന്നാൽ എന്ത് ജോലി ലഭിക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് പലരും ചോദിക്കുന്നത്', കരൺ പറഞ്ഞു.
2021-ലും 2022-ലും 80,000-നും 90,000-നും ഇടയിൽ കുടിയേറ്റക്കാർ കാനഡ വിട്ട് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോയെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നത്.2023 ൻ്റെ ആദ്യ പകുതിയിൽ ഏകദേശം 42,000 ആളുകൾ പോയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കാനഡയുടെ സമ്പദ് ഘടനയ്ക്ക് കരുത്ത് പകരുന്ന കുടിയേറ്റം അവസാനിപ്പിച്ചാൽ രാജ്യം വലിയ തിരിച്ചടികളായിരുന്നു ഭാവിയിൽ നേരിട്ടേക്കുകയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications