ട്രെന്റ് മാറ്റിയോ മലയാളികൾ; ഗൾഫിൽ ഈ മേഖലകളിലേക്ക് വൻ കുത്തൊഴുക്ക്..കാരണം ഇതാണ്
അബുദാബി: നഴ്സിങ് പൂർത്തിയാക്കി കഴിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറന്ന് അവിടെ ജീവിതം സുരക്ഷിതമാക്കുകയെന്നതായിരുന്നു ഒരു കാലത്തെ കരിയർ ട്രെന്റ്. മികച്ച ശമ്പളം, ജീവിത സാഹചര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു ഇത്തരം കുടിയേറ്റങ്ങൾക്ക് പിന്നിൽ. കൊവിഡിന് ശേഷം മറ്റ് ജോലി മേഖലകളിൽ നിന്ന് വ്യത്യസ്തമായി ലോകരാജ്യങ്ങളിൽ നഴ്സുമാരുടെ ആവശ്യം ഉയരുകയാണ് ചെയ്തത്. ഇതോടെ കേരളത്തിൽ നിന്നടക്കം നിരവധി പേർ ഇവിടങ്ങളിലേക്ക് പറന്നിട്ടുമുണ്ട്.
എന്നാൽ യൂറോപ്യൻ രാജ്യങ്ങളോടുള്ള കേരളത്തിലെ നഴ്സിങ്ങ് പ്രൊഫഷണലുകളുടെ പ്രിയം കുറഞ്ഞോയെന്ന് സംശയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളികൾ കൂട്ടത്തോടെ ഗൾഫ് മേഖലകളിലേക്ക് ചേക്കേറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യ മേഖലയിലേക്കുള്ള കുടിയേറ്റത്തിൽ മലയാളികളുടെ എണ്ണത്തിൽ വലിയ വർധനമാണ് ഉണ്ടാകുന്നതെന്നാണ് ബ്ലൂ കോളർ വർക്കർ പ്ലാറ്റ്‌ഫോമായ ഹണ്ടറിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്നും കൂടുതലായി ആളുകൾ എത്തുന്നതെന്നും 2023 ൽ യു എ ഇയിൽ മാത്രം 3 മടങ്ങ് വർധനവാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് നഴ്‌സുമാർ, ഡോക്ടർമാർ, ലബോറട്ടറി ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യപരിചരണ വിദഗ്ദർ കൂടുതലായി എത്തുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും പറയന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. യു എ ഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് ആളുകൾ പ്രധാനമായി എത്തുന്നത്. റെസിഡൻസി വിസകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, അത്യാധുനിക ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാമാണ് ഇവിടേക്ക് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്.
റീജിയണൽ സെയിൽസ്, ഡിസ്ട്രിബ്യൂട്ടർ മാനേജ്‌മെൻ്റ്, പ്രോജക്ട് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവരും ഹെൽത്ത് കെയർ ഡിപ്ലോമ പ്രൊഫഷണലുകൾ മുതൽ നഴ്സിംഗ്, മെഡിസിൻ എന്നിവയിൽ ഉയർന്ന ബിരുദമുള്ളവർക്ക് വരെ ഈ രാജ്യങ്ങളിൽ വൻ ഡിമാന്റാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 30 വയസിലാണ് പ്രധാനമായും ആളുകൾ ഇവിടങ്ങളിലേക്ക് കുടിയേറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപ് നഴ്സിങ് മേഖലയിൽ കൂടുതലും സ്ത്രീകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഈ മേഖലയിലേക്ക് പുരുഷൻമാരും കൂടുതലായി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications