യുകെയിൽ നട്ടം തിരിഞ്ഞ് ഇന്ത്യൻ വിദ്യാർത്ഥികൾ; ബിരുദവും ബിരുദാനന്തര ബിരുദവും നേടി, എന്നിട്ടും ജോലി ഇല്ല,കാരണം
ലണ്ടൻ: കാനഡ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി പോകുന്ന രാജ്യമാണ് യുകെ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ 54% വർധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ഹോം ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ തന്നെയുള്ള മികച്ച സർവ്വകലാശാലകൾ മാത്രമല്ല, മികച്ച പഠനാന്തരീക്ഷവും ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു, ഒപ്പം മികച്ച ജോലി സാധ്യതകളും.
എന്നാൽ ഇന്ത്യയിൽ നിന്നും വലിയ പ്രതീക്ഷകളുമായി പോകുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനം പൂർത്തിയാക്കിയാൽ യുകെയിൽ മികച്ച ജോലി ലഭിക്കുന്നുണ്ടോ? പ്രതീക്ഷിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പരിതപിപ്പിക്കുന്നത്.

ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ട് കൂടി ജോലി കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. 300 ഓളം ജോലികൾക്ക് അപേക്ഷിച്ചിട്ട് പോലും യുകെയിൽ തങ്ങൾ പ്രതീക്ഷിച്ച മികച്ചൊരു ജോലി സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഇന്ത്യയിൽ നിന്നുള്ളൊരു വിദ്യാർത്ഥിനി വ്യക്തമാക്കിയത്.
യുകെയിലെ സാമ്പത്തിക മാന്ദ്യം തൊഴിൽ വിപണിയെ ബാധിച്ചു
തൊഴിൽ വിപണിയിൽ കടുത്ത മാന്ദ്യമാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും നിയമനങ്ങളും ജോലി ഒഴിവുകളിലും വലിയ കുറവാണ് റിപ്പോർട്ട് ചെയ്തതെന്നും 2023 സപ്റ്റംബറിലെ റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറഞ്ഞു. ഡിസംബറിലും ഈ സ്ഥതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2022-ന്റെ തുടക്കത്തിൽ റെക്കോഡ് ജോലി ഒഴിവുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.3 ദശലക്ഷത്തിലായിരുന്നു കണക്കുകൾ. ന്നാൽ അതിനുശേഷം കണക്കുകൾ ക്രമാനുഗതമായി കുറഞ്ഞു. ചെലവുകൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയവയെല്ലാം തൊഴിൽ വിപണിയെ സാരമായി ബാധിച്ചു.
സ്പോൺസർ വിസ നൽകാൻ മടിച്ച് തൊഴിലുടമകൾ
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് യുകെയിൽ ജോലി ലഭിക്കണമെങ്കിൽ എംപ്ലോയർ സ്പോൺസർ വിസ അനുവദിക്കേണ്ടതുണ്ട്. അന്തർദേശീയ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ നേരിടുന്ന സങ്കീർണതകൾ കാരണം പലപ്പോഴും സ്വദേശികളെ നിയമിക്കാനാണ് തൊഴിൽ ഉടമകൾ താത്പര്യം കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
'18 മാസത്തെ കോഴ്സിനാണ് ഞാൻ ഇവിടെ എത്തിയത്. 6 മാസത്തെ വിസ എക്സ്റ്റൻഷനും ലഭിച്ചു. 200-ലധികം ജോലികൾക്ക് അപേക്ഷിച്ചെങ്കിലും സാധാരണ ഓട്ടോമേറ്റഡ് മറുപടിയിൽ കൂടുതലൊന്നും ലഭിച്ചില്ല. എന്റെ പ്രശ്നമാണോയെന്ന ആശങ്കയിലായിരുന്നു. എന്നെ ഈ ചിന്ത അമിതമായി ബാധിച്ചു. ഒരു എച്ച് ആർ സുഹൃത്ത് അറിയിച്ചത് സ്പോൺസർ വിസ നൽകേണ്ടവർക്ക് കമ്പനികൾ നിയമനങ്ങൾ നൽകാൻ താത്പര്യപ്പെടുന്നില്ലെന്നാണ്', വിദ്യാർത്ഥിയായ സിദ്ധി ഡോളാസ് പറഞ്ഞതായി ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. സാഹചര്യം മാറുമെന്നും തങ്ങൾ സ്വപ്നം കണ്ട ജീവിതം വൈകാതെ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ.












Click it and Unblock the Notifications