ലൈംഗിക പ്രശ്നത്തില്‍ സിംഗപ്പൂര്‍ സൈനിക ഓഫീസര്‍ക്കെതിരെ നടപടി
സിംഗപ്പൂര്‍: സിംഗപ്പൂരിലെ മുഖ്യ സൈനിക മെഡിക്കല്‍ ഓഫീസര്‍ ലൈംഗിക അപവാദക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് തരം താഴ്ത്തപ്പെട്ടു. കേണല്‍ റാങ്കുണ്ടായിരുന്ന ലോ വൈ മുന്‍ ആണ് മേജറായി തരം താഴ്ത്തപ്പെട്ടത്. വിവാഹിതയായ ഒരു കീഴ്ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി എന്നതാണ് ലോയ്ക്കെതിരെയുള്ള ആരോപണം എന്ന് സ്ട്രേറ്റ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
34കാരിയായ കീഴ്ജീവനക്കാരിയുമായി അനുയോജ്യമല്ലാത്ത അടുത്ത ബന്ധം പുലര്‍ത്തിയെന്ന് ഒരു സൈനിക കീഴ്കോടതിയില്‍ ലോ സമ്മതിച്ചിട്ടുണ്ട്. മേയ് 19 മുതല്‍ സസ്പെന്‍ഷനിലായിരുന്നു ലോ. ഏകദശം 188,000 യു എസ് ഡോളറോളം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ലോയ്ക്ക് നഷ്ടമാകും.
ജൂണ്‍ 16 വെള്ളിയാഴ്ചയാണ് പട്ടാള വിചാരണ കേന്ദ്രത്തില്‍ വെച്ച് ലോയെ വിചാരണ ചെയ്തത്. 43 കാരനായ ലോ ജൂലൈ 1998 നും ജനുവരി 4, 1998 നുമിടയ്ക്ക് കീഴ്ജീവനക്കാരിയെ പീഡീപ്പിച്ചുവെന്നാണ് കേസ്.
ഏപ്രിലില്‍ പരാതി ലഭിച്ചശേഷമാണ് ലോയ്ക്കെതിരെ അന്വേഷണം തുടങ്ങിയത്. 1998ല്‍ ലോ തന്റെ ഓഫീസില്‍ വന്ന് തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ബ്ലൗസിന്റെ കുടുക്കുകളൂരി മാറിടങ്ങളില്‍ തൊടുകയും ചെയ്തു എന്നാണ് സര്‍വീസ് ഓഫീസര്‍ നല്‍കിയ പരാതി.
കഴിഞ്ഞ വര്‍ഷം ശാരീരിക ബന്ധം പുലര്‍ത്താന്‍ ലോ ശ്രമിച്ചുവെന്നും ജീവനക്കാരിയുടെ പരാതിയിലുണ്ട്. സൈനിക ആസ്ഥാനത്തുള്ള ഒരു മുതിര്‍ ഉദ്യാഗസ്ഥനായ ലോയുടെ പ്രവര്‍ത്തി ലജ്ജാകരമാണെന്ന് സൈനിക പ്രോസിക്യൂട്ടര്‍ ലൂക്ക് ടാന്‍ പറഞ്ഞു. സൈനിക ആസ്ഥാന പരിസരത്ത് വെച്ചായിരുന്നു ലോയുടെ ഈ പ്രവര്‍ത്തി എന്നത് കൂറ്റത്തിന്റെ ആക്കം കൂട്ടുന്നു എന്നും ടാന്‍ അഭിപ്രായപ്പെട്ടു.
ലോ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. സൈന്യത്തില്‍ പതിനേഴ് വര്‍ഷത്തെ സേവനമുള്ള ലോ 1992 ല്‍ പൊതു സേവനത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കിയ മിടുക്കനാണ്.
ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ച അവിവേകം ഒഴിച്ചു നിര്‍ത്തിയാല്‍ മാതൃകാപരമായിരുന്നു ലോയുടെ പെരുമാറ്റമെന്ന് പ്രതിഭാഗം വക്കീല്‍ യൂജിന്‍ ലീ സമര്‍ത്ഥിച്ചു. ലോയുടെ ജീവിതത്തിലെ ഒരു പ്രകാശഗോപുരമായിരുന്നു ഈ ജീവനക്കാരിയെന്ന് സ്ട്രേറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോയെ പ്രശംസിച്ചു കൊണ്ടുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ഇവര്‍ അയക്കുമായിരുന്നുവെന്നും ലീ പറഞ്ഞു. ഈ പ്രശ്നം ലോയുടെ വീട്ടില്‍ കുടുംബകലഹത്തിനും കാരണമായിട്ടുണ്ടെന്ന് ലീ അറിയിച്ചു.