തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് ജോസഫ്
തിരുവനന്തപുരം: പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിന്റെ പേരില്‍ ഐക്യജനാധിപത്യമുന്നണി തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കേരള വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ്.
ഇതുവരെയും മതിയായ തെളിവുകളുടെ സഹായത്തോടെ ആരോപണമുന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാരഹിതമാണ്, ജോസഫ് പറഞ്ഞു.
ഹയര്‍ സെക്കണ്ടറിയില്‍ 169,050-ഉം വൊക്കേഷണല്‍ ആന്റ് ടെക്നിക്കല്‍ വിഭാഗത്തില്‍ 47,200-ഉം സീറ്റുകള്‍ ഉണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 40 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച മിക്കവാറും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതപഠനത്തിന് അവസരം ലഭിക്കും. പ്ലസ്ടു സ്കൂളുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന വാദത്തെ വിമര്‍ശിച്ച ജോസഫ് പ്ലസ് ടു അനുവദിച്ച 90 ശതമാനം സ്കൂളുകളും ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
പ്രീഡിഗ്രി വേര്‍പെടുത്തല്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രീഡിഗ്രി കുറച്ചു വര്‍ഷം കൂടി തുടരണമെന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപ്രേരിത ആവശ്യങ്ങള്‍ പരിഗണിക്കില്ല. പശ്ചിമബംഗാളില്‍ പ്രീഡിഗ്രി വേര്‍പെടുത്തലിന് 10 വര്‍ഷം എടുത്തുവെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ ഹൈടെക് യുഗത്തില്‍ നമുക്ക് മൂന്നുവര്‍ഷത്തില്‍ കൂടുതലെടുക്കാനാവില്ല, ജോസഫ് പറഞ്ഞു.