മടിയിലെ ഭാരവും വഴിയിലെ പേടിയും-3
ഇക്കൊല്ലം പുതുതായി കോഴ്സ് ആനുവദിച്ചത് 360 സ്കൂളില്‍. കൂടുതലായി കിട്ടൂന്ന സീറ്റുകള്‍ 55,000. മൊത്തം പ്ലസ് ടു സീറ്റ് 1,70,000. നഷ്ടപ്പെട്ട പ്രീഡിഗ്രി സീറ്റ് 106,000 എന്നിട്ടും എന്താ അതൃപ്തി, പ്രക്ഷോഭം? ഇതാണ് പ്ലസ് ടു മായാജാലം.
ഇവിടെയാണ് ഒരു തലമുറയെ തകര്‍ക്കുന്ന പ്ലസ് ടു പരിഷ്കാരം എന്ന പ്രതിപക്ഷ ആക്ഷേപം പ്രസക്തമാവുന്നത്. സീറ്റ് കൂടിയതു കൊണ്ട് മാത്രമാവുന്നില്ല. നിലവാരമുളള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, കുട്ടികള്‍ക്ക് എത്തിപ്പെടാവുന്നിടത്ത് കോഴ്സുകള്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടോ? കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുകയും ഉപരിപഠനസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും വിദ്യാഭ്യാസം നേടുന്നതില്‍ കുട്ടികള്‍ക്ക് ആയാസം കുറയുകയുമാണ് വേണ്ടത്. ഇക്കൊല്ലം പ്രഡ്രിഗ്രി വേര്‍പെടുത്തല്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്ന് സര്‍ക്കാരിന് അഭിമാനിക്കാനാവുമോ?
പ്രതിപക്ഷം പറയുന്നതിന്റെ പിന്നില്‍ രാഷ്്ട്രീയം ഉണ്ടെന്ന് കരുതാം പക്ഷേ കേരള ഹൈക്കോടതി ഉന്നയിക്കുന്ന ചോദ്യങ്ങളോ? പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചതായി തോന്നുന്നില്ല എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കോഴ്സ് അനുവദിച്ചതിന്റെ പിന്നിലെ മാനദണ്ഡം എന്തായിരുന്നു എന്ന് കോടതി ചോദിക്കുന്നു. വിദ്യാഭ്യാസപരമായ പ്രാദേശികാവശ്യങ്ങള്‍ കണക്കിലെടുത്തു എന്ന് പറഞ്ഞാല്‍ പോരെന്നും ഹൈക്കോടതി ചൂണ്ടിക്കാുന്നു.
ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പ്രീഡിഗ്രിയോ പ്ലസ് ടുവോ ഒരു വഴിത്തിരിവാണ്. ഈ നാല്‍ക്കവലയില്‍ നിന്നാണ് ഏതു വഴിക്ക് തിരിയണം എന്ന് തീരുമാനിക്കുന്നത്. ഈ മേഖലയില്‍ നിര്‍ണ്ണായകമായ പരിഷ്കാരങ്ങള്‍ വരുത്തുമ്പോള്‍ ആവശ്യമായ സര്‍വേ സര്‍ക്കാര്‍ നടത്തിയിരുന്നോ? പ്രീഡിഗ്രി ക്ളാസുകളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന ഹൈസ്കൂള്‍ മേഖലയെപ്പറ്റി വേണ്ടത്ര പഠനം നടത്തിയിരുന്നോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ അത്ര വഷളായ ഒരു സാഹചര്യം ഉണ്ടാവുമായിരുന്നില്ല.
ഏതു പ്രതിപക്ഷവും മുതലെടുക്കുമായിരുന്ന ഒരു സാഹചര്യമാണ് പ്ലസ് ടു മേഖലയില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിക്കുന്നു. നിയമസഭ എട്ടു ദിവസം സ്തംഭിക്കുന്നു. നടുത്തളത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സത്യാഗ്രഹമിരിക്കുന്നു. പുറത്ത് പ്രക്ഷോഭക്കൊടുങ്കാറ്റിരമ്പുന്നു. കോഴ കൊടുത്തവര്‍ തെളിവുകളുമായി പത്രസമ്മേളനത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നിട്ടും സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നത് ചെയ്തത് മുഴുവന്‍ ശരി എന്ന ഉറച്ച വിശ്വാസം ഉളളതുകൊണ്ടു മാത്രമാണോ?
തീയില്ലാതെ പുകയുണ്ടാവില്ല എന്ന വിശ്വാസമാണ് ജനങ്ങള്‍ക്ക്. അന്വേഷണം നടത്തിയാല്‍ വ്യക്തമായ തെളിവു തരാമെന്ന് വെല്ലുവിളിച്ചിട്ടും അതിനുതയാറാവാത്തത് ഒളിക്കാന്‍ പലതുമുളളതുകൊണ്ടാണ് എന്ന് ഭൂരിപക്ഷം പറയുമ്പോള്‍ വിശ്വസിക്കേണ്ടി വരുന്നു. മടിയില്‍ ഭാരമുളളവര്‍ക്കേ വഴിയില്‍ പേടിയുണ്ടാവൂ എന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ പറഞ്ഞത്.