കേസ് ജയിക്കുന്ന ഇടതു സ്റ്റൈല്‍-2
ഇതൊക്കെ പാവം ജനത്തിന്റെ മണ്ടന്‍ ചോദ്യങ്ങളാവാം. പക്ഷേ പ്ലസ്ടു പ്രശ്നത്തില്‍ പ്രതിപക്ഷം പറയുന്നതില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ സംശയങ്ങളാണ്. ജോസഫിന്റെ അത്ര അതിരുകടന്ന ബുദ്ധി ഇല്ലാത്തതുകൊണ്ടാവാം ഹൈക്കോടതിവിധി സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നു എന്നു തന്നെയാണ് രാഷ്ട്രീയച്ചൊരുക്കില്ലാത്ത സാധാരണക്കാരുടെ ധാരണ ഇപ്പോഴും.
അഴിമതിയുടേയോ ക്രമക്കേടിന്റെയോ ചെളിത്തുളളിപോലും വീഴാത്തതാണ് പ്ളസ്ടു ലിസ്റ്റ് എന്നാണ് മന്ത്രി ജോസഫും അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ച് നായനാരും നിയമസഭക്കുളളിലും പുറത്തും പറഞ്ഞിരുന്നത്. അഴിമതി നടന്നു, മാനദണ്ഡങ്ങള്‍ പാലിക്കാതെ കോഴ്സ് നല്‍കി എന്നു പറഞ്ഞായിരുന്നു പ്രതിപക്ഷം നിയമസഭാനടപടികള്‍ സ്തംഭിപ്പിച്ചതും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചതും. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി എന്ന് കോടതി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. അഴിമതി ആരോപണങ്ങളുടെ കാര്യത്തിലാണെങ്കില്‍ ആ വശത്തേക്ക് കടക്കുന്നില്ല എന്നു പറഞ്ഞ് ഒഴിയുകയാണ് കോടതി ചെയ്തിരിക്കുന്നത്. അല്ലാതെ അഴിമതി ഉണ്ടായില്ല എന്ന് സര്‍ക്കാരിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.