എ.ബി.വി.പിക്കാര്‍ തലസ്ഥാനത്ത് അക്രമമഴിച്ചുവിട്ടു
തിരുവനന്തപുരം: ജൂലൈ 13 വ്യാഴാഴ്ച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയില്‍ രണ്ട് മണിക്കൂറോളം നടത്തിയ അക്രമണങ്ങളില്‍ 31 പോലീസുകാരടക്കം 45 പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെ വാഹനങ്ങളും ഒട്ടേറെ കടകളും അക്രമികള്‍ തകര്‍ത്തു.
ബുധനാഴ്ച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
രണ്ട് മണിക്കൂറോളം നഗരത്തിലെ എം.ജി.റോഡിലെ കിഴക്കേ കോട്ട തൊട്ട് സെക്രട്ടറിയേറ്റ് വരെയുള്ള ഭാഗത്ത് വിളയാടിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടാക്കിയത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഒട്ടേറെ സ്വകാര്യവാഹനങ്ങള്‍ക്കും പ്രകടനക്കാര്‍ കേട്പാട് വരുത്തി. ചില പത്രസ്ഥാപനങ്ങള്‍ക്കു നേരെയും പ്രകടനക്കാര്‍ അക്രമമഴിച്ചുവിട്ടു.
ഡി.വൈ.എസ്.പിക്ക് പരിക്കേറ്റു. കടകള്‍ക്കു നേരെ കല്ലെറിഞ്ഞ പ്രകടനക്കാര്‍ റോഡിനരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ത്തു.
കിഴക്കേകോട്ടയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാക്തമായത്. ബുധനാഴ്ച്ച പ്ലസ് ടു പ്രശ്നത്തെ ചൊല്ലി മാര്‍ച്ച് നടത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് സെക്രട്ടറിയേറ്റ് പടിക്കലെത്തും മുമ്പ് തന്നെ അക്രമാസക്തമായി. കടകള്‍ക്കു നേരെ പ്രകടനക്കാര്‍ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കലിനു മുന്നിലെത്തിയ പ്രകടനക്കാര്‍ അവിടെ നിന്ന പോലീസുകാരെ ആക്രമിച്ചു. വടികളും ബള്‍ബുകളുമൊക്കെയായിട്ടായിരുന്നു പ്രകടനക്കാരുടെ ആക്രമണം.
തുടര്‍ന്ന് പ്രകടനക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നീട് നേതാക്കളും പോലീസും തമ്മില്‍ സംസാരിച്ചതിനു ശേഷം സെക്രട്ടറിയേറ്റ് പടിക്കല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
ധര്‍ണ കഴിഞ്ഞതിനു ശേഷം മടങ്ങിപോവുകയായിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ പോലീസുകാര്‍ക്കു നേരെ വീണ്ടും ആക്രമണം നടത്തി.