പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങും
ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങും. ജാര്‍ക്കണ്ഡ്, ഉത്തര്‍ക്കണ്ഡ്, വനാഞ്ചല്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രനയത്തിനെതിരായ ശക്തമായ പ്രതിപക്ഷ വിമര്‍ശനത്തിന് പാര്‍ലമെന്റ് വേദിയായേക്കും.
ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മേളത്തില്‍ 25 സിറ്റിങുകളുണ്ടാവും. ആദ്യദിവസം വാഹനാപകടത്തില്‍ മരിച്ച മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേഷ് പൈലറ്റിന് ആദരാഞ്ജലികളര്‍പ്പിച്ച് സഭ പിരിയും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രനയം ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസും ഇടതുകക്ഷികളുമടക്കമുള്ള പ്രതിപക്ഷം കേന്ദ്രത്തിനെതിരായ ആയുധമായി ഇത്് പ്രയോഗിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന എന്‍.ഡി.എയിലെ ചില ഘടകക്ഷികളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
ജമ്മു കശ്മീര്‍ മന്ത്രിസഭ അംഗീകരിച്ച സ്വയംഭരണ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് പ്രതിപക്ഷം ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടും. ജമ്മു കശ്മീരിലെയും ദില്ലിയിലെയും വഷളായ ക്രമസമാധാനനിലയാണ് പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവരാനിടയുള്ള മറ്റൊരു പ്രശ്നം.
പതിനൊന്നാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫണ്ട് വീതിക്കുന്നതിനെ കുറിച്ചും ഒമ്പതാം പഞ്ചവത്സര പദ്ധതിയെ കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാവും.
ബംഗാളിലെ പാന്‍സ്കുര മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിക്രം സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യും.